2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഭാരതപുഴ സംരക്ഷിക്കാന്‍ കര്‍മ പദ്ധതി: മണല്‍കൊള്ളയും മാലിന്യ നിക്ഷേപവും കര്‍ശനമായി നേരിടുമെന്ന്

പട്ടാമ്പി: ഭാരതപ്പുഴയും തൂതപ്പുഴയും സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പട്ടാമ്പി താലൂക്ക് ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗം തീരുമാനിച്ചു. പുഴയില്‍ നിന്ന് മണല്‍ കടത്തുന്നതും മാലിന്യം തള്ളുന്നതും കര്‍ശനമായി നേരിടാനും ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പട്ടാമ്പി താലൂക്ക് വികസന സമിതി യോഗമാണ് ജനപ്രതിനിധികളുടെയും റവന്യൂ, പൊലി്‌സ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചത്. മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രളയാനന്തരം ഇരു പുഴകള്‍ക്കും പുതു ചൈതന്യം ലഭിച്ചിട്ടുണ്ടെന്നും നഷ്ടപ്പെട്ട പഞ്ചാര മണല്‍ മെത്ത തിരിച്ചെത്തിയിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ഈ അവസരം മുതലെടുക്കാനും വന്നടിഞ്ഞ മണല്‍ ശേഖരം കടത്താനുളള ശ്രമം തുടങ്ങിയിട്ടുണ്ട്.
നാട്യമംഗലം, കാരമ്പത്തൂര്‍, അത്താണി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മണല്‍ കടത്ത് പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് പുഴ സംരക്ഷണത്തിന് താലൂക്ക് തലത്തില്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കാനായി യോഗം തീരുമാനിച്ചത്. മണല്‍ കടത്ത് തടയുന്നതോടൊപ്പം മാലിന്യം തളളുന്നത് തടയാനും കര്‍ശന നടപടി വേണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജനകീയ ജാഗ്രതയുടെ ഭാഗമായി പുഴയോരങ്ങളില്‍ ആളുകള്‍ക്ക് വന്നിരിക്കാനാവശ്യമായ മിനി പാര്‍ക്കുകള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. പുഴയോരത്തുള്ള വീടുകളില്‍ മണല്‍ ശേഖരിക്കുന്നത് കണ്ടാല്‍ പിടിച്ചെടുക്കാനും വീട്ടുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും നടപടി ഉണ്ടാവണമെന്നും അഭിപ്രാഭമുയര്‍ന്നു.
വില്ലേജ് തലങ്ങളില്‍ പുഴ സ്‌നേഹികളായ ആളുകളെ വിളിച്ചു ചേര്‍ത്ത് കര്‍മ്മ സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി പട്ടാമ്പി, തൃത്താല മണ്ഡലം തല യോഗം പുഴയോരത്ത് ചേരും. സബ് കലക്ടര്‍ ഉള്‍പ്പെടെയുളള റവന്യൂ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുക്കും. മണല്‍ കടത്തു പിടികൂടിയാല്‍ യാതൊരു വിധ സഹായവും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലയെന്ന് യോഗത്തില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു.
തൃത്താല മണ്ഡലം തല യോഗം അടുത്ത ദിവസം തന്നെ വിളിച്ചു ചേര്‍ക്കുമെന്നും മണല്‍ കടത്തുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമായ പ്രവര്‍ത്തനം കൂടുതല്‍ ഉണ്ടാകണമെന്നും വി.ടി.ബല്‍റാം എം.എല്‍.എ.യും സൂചിപ്പിച്ചു. യോഗത്തില്‍ എം.എല്‍.എ.മാര്‍ക്ക് പുറമേ പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ.തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കൃഷ്ണകുമാര്‍, സിന്ധു രവീന്ദ്രന്‍, ടി.ശാന്തകുമാരി, എന്‍.ഗോപകുമാര്‍, കെ.മുരളി, ടി.പി.ശാരദ, തഹസില്‍ദാര്‍ കാര്‍ത്ത്യായനി ദേവി, വില്ലേജ് ഓഫീസര്‍മാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.