2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഭാരക്കുറവുള്ള ശിശുവിനെ തീവ്ര പരിചരണത്തിലൂടെ രക്ഷപെടുത്തി

ആലപ്പുഴ: 500 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന നവജാതശിശുവിനെ തീവ്രപരിചരണത്തിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി കിന്‍ഡര്‍ വുമന്‍സ് ആശുപത്രി അധികൃതര്‍. 77 ദിവസത്തെ പരിചരണത്തിനൊടുവിലാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മനുജോണിന്റെയും ബെറ്റിയുടെയും പെണ്‍കുഞ്ഞിന് പുനര്‍ജന്മം ലഭ്യമായത്. 1800 ഗ്രാം ഭാരവുമായി പൂര്‍ണ ആരോഗ്യത്തോടെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്.
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് കഴിഞ്ഞ മെയ് 17ന് കുഞ്ഞ് പിറന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന് ശ്വാസകോശത്തിന്റെ വളര്‍ച്ച എത്താത്തത് മരണകാരണമാവുമെന്ന് ഭയന്നിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ ശ്വാസ കോശ വളര്‍ച്ചയ്ക്ക് വേണ്ടി കുത്തിവയ്പ് നല്‍കി.
തലച്ചോറിനുണ്ടാവുന്ന തകരാറുകള്‍ പരിഹരിക്കാനും മുന്‍കരുതലെടുത്തു. നൂതന സാങ്കേതിക വിദ്യയില്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ 25ാം ആഴ്ചയില്‍ പ്രസവം നടന്നത്.
എന്‍ഐസിയുവില്‍ വെന്റിലേറ്ററില്ലാതെ സിപാപ് ഉപകരണത്തിന്റെ സഹായത്തോടെ ശ്വസനപ്രിക്രിയയും ശരീരോഷ്മാവും ക്രമീകരിച്ചു. ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകളും പോഷകാഹാരങ്ങളും പൊക്കിള്‍ കൊടിയിലൂടെയാണ് നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാധാരണ രീതിയിലുള്ള ശ്വാസോച്ഛ്വാസം സാധ്യമാക്കുകയും മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്തു.
  ആദ്യത്തില്‍ ടൂബിലൂടെ മുലപ്പാല്‍ നല്‍കിയെങ്കിലും രണ്ടാഴ്ച പിന്നിട്ടപ്പോള്‍ കുഞ്ഞ് തനിയെ പാല്‍ കുടിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ കുഞ്ഞിന്റെ ഭാരം ദിനേന 1020 ഗ്രാം വീതം വര്‍ധിച്ചിരുന്നു. ഡോ. ജോസഫിന്റെയും ഡോ. ആനന്ദിന്റെയും നേതൃത്വത്തിലുള്ള എന്‍ഐസിയു ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കുഞ്ഞിനെ സാധാരണ നിലയിലെത്തിക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഗര്‍ഭാവസ്ഥയിലിരിക്കേണ്ട 34ാം ആഴ്ചയില്‍ കുഞ്ഞ് സ്വന്തം പാല്‍ കുടിക്കുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുന്ന പ്രത്യേകതയും ഇവിടെ സംഭവിച്ചു.
വൈദ്യശാസ്ത്രത്തില്‍ തന്നെ അപൂര്‍വ നേട്ടങ്ങളിലൊന്നാണിതെന്നും  ദമ്പതികള്‍ പൂര്‍ണ പിന്തുണ നല്‍കിയത് സഹായകമായെന്നും ഡോക്ടര്‍മാരായ ജോസഫ്, ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.