2020 January 24 Friday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

Editorial

ഭാഗവത് കണ്ണടച്ച് ഇരുട്ടാക്കരുത്


 

ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും പാശ്ചാത്യസൃഷ്ടിയാണെന്നും ആര്‍.എസ്.എസ് അത്തരം അക്രമങ്ങളെ അനുകൂലിച്ചിട്ടില്ലെന്നും വിജയദശമി നാളില്‍ നാഗ്പൂരില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരിക്കുന്നു. രാഷ്ട്രീയ സ്വയംസേവകര്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു.
ആഹ്വാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുക എളുപ്പമാണ്. അണികള്‍ അവ പ്രാവര്‍ത്തികമാക്കാറില്ല, പലപ്പോഴും. അതിന് അണികളെയല്ല, നേതാക്കളുടെ ആത്മാര്‍ഥതയില്ലായ്മയെയാണു കുറ്റപ്പെടുത്തേണ്ടത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ രംഗത്തിറങ്ങണമെന്ന തന്റെ ആഹ്വാനം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ അതു പ്രാവര്‍ത്തികമാക്കി ജനങ്ങളെ ബോധ്യപ്പെടുത്താനാണു മോഹന്‍ ഭാഗവത് ആദ്യം ശ്രമിക്കേണ്ടിയിരുന്നത്.
അതേസമയം, അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആദ്യ പരാമര്‍ശം അക്ഷരാര്‍ഥത്തില്‍ കണ്ണടച്ച് ഇരുട്ടാക്കലാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേ പശുവിന്റെ പേരിലും മറ്റും തുടര്‍ച്ചയായി നടന്നുവന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും പാശ്ചാത്യ സൃഷ്ടിയാണെന്നു യാഥാര്‍ഥ്യബോധമുള്ള ആരും സമ്മതിക്കില്ല. അത് ഇവിടെത്തന്നെയുള്ള മതഭ്രാന്തന്മാര്‍ ചെയ്യുന്നതാണ്. അവരെ അടക്കിനിര്‍ത്തേണ്ട ഉത്തരവാദിത്വം അവര്‍ ഊറ്റംകൊള്ളുന്ന സംഘടനകള്‍ക്കും രാജ്യം ഭരിക്കുന്ന സര്‍ക്കാരിനും തന്നെയാണ്.

ആള്‍ക്കൂട്ട ആക്രമണഭീഷണിയില്‍ നിന്ന് ഈ നാട്ടിലെ നിരപരാധികളും സാധുക്കളുമായ ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയ മതേതര വിശ്വാസികളായ 49 പ്രമുഖ വ്യക്തികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുത്ത നാടാണിത്. ഏതെങ്കിലും പാശ്ചാത്യരാജ്യം പ്രേരണ ചെലുത്തിയിട്ടാണോ മണിരത്‌നത്തിനും അടൂര്‍ ഗോപാലകൃഷ്ണനുമൊക്കെ എതിരേ കേസെടുത്തത്. എന്തു രാജ്യദ്രോഹമാണ് അവര്‍ ചെയ്തതെന്നും അവരെ എന്തിനാണ് രാജ്യദ്രോഹികളായി ചിത്രീകരിച്ചതെന്നും വിശദീകരിക്കാന്‍ മോഹന്‍ ഭാഗവതും രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയും ബാധ്യസ്ഥരാണ്.
ഈ പ്രമുഖ വ്യക്തികള്‍ക്കെതിരേ കേസെടുക്കുന്നതിനു പകരം ആള്‍ക്കൂട്ട ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹവകുപ്പു ചുമത്തി കേസെടുത്തിരുന്നെങ്കില്‍ ബി.ജെ.പി സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ട് എന്നെങ്കിലും കരുതാമായിരുന്നു. അതിനു തയാറാവാതെ ഇതെല്ലാം പാശ്ചാത്യസൃഷ്ടിയാണെന്നു കുറ്റപ്പെടുത്തി സ്വയം വെള്ളപൂശുന്നതിനെ അംഗീകരിക്കാന്‍ മതേതര മനസുകള്‍ക്കു കഴിയില്ല.
ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരെ സംഘം അനുകൂലിച്ചിട്ടില്ലെന്നും ആള്‍ക്കൂട്ട ആക്രമണം നടത്തുന്ന സ്വാര്‍ഥതാല്‍പര്യക്കാര്‍ ജാതിയുടെയും ഭാഷയുടെയും മറ്റും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഈ ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും ഇതു സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഇല്ലാതാക്കുമെന്നും എത്ര പ്രകോപനമുണ്ടായാലും നിയമവ്യവസ്ഥയെ ബഹുമാനിക്കണമെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എല്ലാം കേള്‍ക്കാന്‍ സുഖമുള്ള കുറേ കാര്യങ്ങള്‍.

എന്നാല്‍, ആര്‍.എസ്.എസിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അജഗജാന്തരമുണ്ടെന്നാണ് അനുഭവം. മോഹന്‍ ഭാഗവത് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അണികള്‍ക്ക് കര്‍ക്കശമായി നിര്‍ദേശം നല്‍കുകയായിരുന്നു വേണ്ടത്. ഹിന്ദുത്വമാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അടിസ്ഥാനശില എന്നാണല്ലോ അവയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. അതേ ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞാണ് അക്രമികള്‍ പശുക്കടത്തിന്റെയും പശു മോഷണത്തിന്റെയും പേരില്‍ ഇതര മതസ്ഥരെ കൊല്ലുന്നത്. അതു തടയാന്‍ മറ്റാര്‍ക്കാണു കഴിയുക.
നിഷ്‌കളങ്കവും ആത്മാര്‍ഥവുമാണ് മോഹന്‍ ഭാഗവതിന്റെ നിലപാടെങ്കില്‍ എന്തുകൊണ്ട് ആര്‍.എസ്.എസ് അണികള്‍ അത് അനുസരിക്കുന്നില്ലെന്ന ന്യായമായ സംശയം ഏതൊരു പൗരനിലും ഉയരാം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ നിയമനിര്‍മാണം ഉണ്ടാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു.

ഭാഗവത് നടത്തിയപോലുള്ള പ്രസ്താവന മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയിട്ടുണ്ട്. ചത്ത പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ഉനയില്‍ ദലിതരെ ക്രൂരമായി കൈകാര്യം ചെയ്തപ്പോള്‍ മര്‍ദകര്‍ എന്റെ നെഞ്ചിലേയ്ക്കു നിറയൊഴിക്കട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. അതിനുശേഷവും എത്രയോ ദലിതരും മുസ്‌ലിംകളും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായി. ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരി എന്ന യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ഇതുവരെ പതിനൊന്ന് ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ജാര്‍ഖണ്ഡില്‍ മാത്രം നടന്നത്.
ഇതിനെതിരേയൊന്നും മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള സംഘനേതാക്കള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ഇനിയെങ്കിലും പ്രതികരിക്കുമോ. മതേതര ഇന്ത്യ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.