2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

ഭാഗവതിനെതിരേ രാജ്യവ്യാപക പ്രതിഷേധം

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം. രാജ്യത്തേയും സൈനികരേയും ദേശീയ പതാകയേയും അപമാനിക്കുകയാണ് മോഹന്‍ ഭാഗവത് ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു.
മോഹന്‍ ഭാഗവതിന്റെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അത് ദേശീയപതാകയേയും അപമാനിക്കലാണ്. പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനേയും അദ്ദേഹം അപമാനിച്ചു. സൈന്യത്തെ നിന്ദിച്ചതിന് താങ്കളോട് എനിക്ക് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പരാമര്‍ശം രാജ്യവ്യാപകമായി പ്രതിഷേധത്തിന് തിരികൊളുത്തിയതോടെ മോഹന്‍ ഭാഗവതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. പരാമര്‍ശത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍കരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ആര്‍.എസ്.എസ് മേധാവിയെ എന്തിനാണ് കേന്ദ്രമന്ത്രി ന്യായീകരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്‍ ചോദിച്ചു. ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ അപമാനിച്ച ഭാഗവത് രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയും ആവശ്യപ്പെട്ടു. ഭാഗവതിന്റെ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.
പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നതോടെ പ്രതിരോധത്തിലായ ആര്‍.എസ്.എസ്, ഇന്നലെ വിശദീകരണക്കുറിപ്പിറക്കി. മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. സൈന്യത്തേയും ആര്‍.എസ്.എസിനേയും താരതമ്യം ചെയ്തല്ല അദ്ദേഹം സംസാരിച്ചത്.
സൈന്യത്തിന് അംഗങ്ങളെ യുദ്ധസജ്ജരാക്കാന്‍ ആറു മാസം വേണ്ടിവന്നേക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.