2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍വക ഫ്‌ളാറ്റ്; വാര്‍ത്തകേട്ട പാവങ്ങളും ‘ഫ്‌ളാറ്റ് ‘

യു.എം. മുഖ്താര്‍

ന്യൂഡല്‍ഹി: വിരമിച്ച ജഡ്ജിയുടെ വീട്ടില്‍ തൂപ്പുകാരനായി കഴിയുന്നതിനിടെ ലോട്ടറിയടിച്ചെന്നു കേള്‍ക്കുമ്പോള്‍ ‘അടിച്ചു മോളേ’ എന്നു പറഞ്ഞു ബോധരഹിതനായി വീഴുന്ന കിട്ടുണ്ണി എന്ന ഇന്നസെന്റ് കഥാപാത്രം മലയാള സിനിമാപ്രേമികള്‍ക്കു പരിചിതനാണ്.
ലോട്ടറിയടിച്ചെന്നു കേട്ടപ്പോഴാണ് കിട്ടുണ്ണി ബോധരഹിതനായി വീണതെങ്കില്‍ കഴിഞ്ഞദിവസം പശ്ചിമ ഡല്‍ഹിയിലെ ദ്വാരകയില്‍ പുതിയ ഫ്‌ളാറ്റ് ലഭിച്ച ചില ‘കിട്ടുണ്ണിമാര്‍’ സ്വപ്നം യാഥാര്‍ഥ്യമായതറിഞ്ഞതോടെ ഓര്‍മനഷ്ടമായി കുഴഞ്ഞുവീണു. പ്ലാസ്റ്റിക് കവര്‍ കൊണ്ടുനാലുവശവും കെട്ടിയുണ്ടാക്കിയ തെരുവുകളിലെ കുടിലില്‍ ജനുവരിയിലെ തണുത്തുകോച്ചുന്ന രാത്രികളും മേയ്-ജൂണ്‍ മാസത്തെ കൊടുംചൂടും സഹിച്ചുകഴിയുന്നതിനിടെ സ്വന്തമായി ഫ്‌ളാറ്റ് ലഭിച്ചത് മുഹമ്മദ് യാസീനും വിശ്വസിക്കാനായില്ല. കിഴക്കന്‍ ഡല്‍ഹിയില്‍ റിക്ഷാവണ്ടി വലിച്ച് ഉപജീവനം നടത്തിവന്ന മുഹമ്മദ് യാസീന് ഒരുനിമിഷം സ്ഥലകാലബോധം നഷ്ടമായി. മുഹമ്മദ് യാസീനൊപ്പം ഫ്‌ളാറ്റ് ലഭിച്ച വേറെചിലരും സന്തോഷത്തില്‍ മതിമറന്നു ബോധരഹിതരായി.
തിങ്കളാഴ്ചയാണ് പുതുതായി നിര്‍മിച്ച 350 ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭവനരഹിതര്‍ക്കു വിതരണംചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലെ നെഹ്‌റുക്യാംപില്‍ കഴിഞ്ഞവര്‍ക്കാണ് ദ്വാരക സെക്ടര്‍ 16 ബിയില്‍ പണിപൂര്‍ത്തിയാക്കിയ ഫ്‌ളാറ്റ് നല്‍കിയത്. തങ്ങളുടെ പഴയതാവളത്തിനു കുറേ അകലെയാണ് പുതിയ ഫ്‌ളാറ്റെങ്കിലും അവരുടെ സന്തോഷത്തെ അതു ബാധിച്ചില്ല. പ്ലാസ്റ്റിക് കവറും മരക്കോലും ഉപയോഗിച്ചുകെട്ടിയുണ്ടാക്കിയ തന്റേതുള്‍പ്പെടെയുള്ള കൂരകള്‍ മൂന്നുതവണയാണ് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) അധികൃതര്‍ ജെ.സി.ബി ഉപപയോഗിച്ചു തകര്‍ത്തതെന്ന് മുഹമ്മദ് യാസീന്‍ പറഞ്ഞു. ഇതോടെ കൊച്ചുകുഞ്ഞുങ്ങളുടക്കം 10 വര്‍ഷത്തോളമായി ദേശീയപാതയ്ക്കരികിലായിരുന്നു താമസം. പലപ്പോഴും പ്രിയപ്പെട്ട വീട്ടുസാധനങ്ങള്‍ പോലും കൂരകളില്‍നിന്നു മോഷണംപോയി. ആ ദിനങ്ങളൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല- സന്തോഷക്കണ്ണീര്‍ തുടച്ചു യാസീന്‍ കൂട്ടിച്ചേര്‍ത്തു. 1997 മുതല്‍ യാസീനും കുടുംബവും റോഡരികിലാണ് താമസിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ തങ്ങള്‍ക്കു പുതിയൊരു ജീവിതം തന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. ഭംഗിയുള്ള, നല്ലൊരുവീട് ലഭിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇതെനിക്കു വിശ്വസിക്കാനാവുന്നില്ല- ഫ്‌ളാറ്റ് ലഭിച്ച റിക്ഷാവണ്ടിക്കാരന്‍ പറഞ്ഞു.
ഭവനരഹിതരുടെ പുനരധിവാസം ഉറപ്പാക്കുമെന്നതു സര്‍ക്കാരിന്റെ വാഗ്ദാനമാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹിയിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആറാമത്തെ ഫ്‌ളാറ്റ് സമുച്ഛയമാണിതെന്നും സിസോദിയ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.