2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഭരണസ്തംഭനം ഉണ്ടാകില്ല: മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംസ്ഥാനത്തു യാതൊരു ഭരണസ്തംഭനവുമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടിവന്നാല്‍ അതിനു തടസമുണ്ടാകില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍.
മുഖ്യമന്ത്രി പോയതു വൈദ്യപരിശോധനയ്ക്കാണ്. അതു പൂര്‍ത്തിയാകുന്നമുറയ്ക്കു മടങ്ങിവരുമെന്നും മന്ത്രി പറഞ്ഞു. എപ്പോഴാണെന്നതു പരിശോധന കഴിഞ്ഞേ പറയാനാകൂ. മന്ത്രിസഭാ യോഗമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടക്കുമെന്നും പരസ്പരം കൂടിയാലോചിച്ചു കാര്യങ്ങള്‍ ഭംഗിയായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് ഒരാള്‍ക്കും ചുമതല നല്‍കിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനു നേതൃത്വം നല്‍കാന്‍ എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍നിന്നു തിരിച്ചുപോകുന്ന എല്ലാവര്‍ക്കും 10,000 രൂപ വീതം നല്‍കുന്നുണ്ട്. ബാങ്ക് അവധി വന്നതിനാലാണ് തുക നല്‍കാന്‍ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോകത്താകമാനമുള്ള മലയാളികളില്‍നിന്നു കേരളത്തിന് സഹായം ലഭിക്കുന്നതിനായി വിദേശത്തേക്കു പോകുന്നതാണ് ഗുണകരമെന്നാണ് സര്‍ക്കാര്‍ മനസിലാക്കിയിട്ടുള്ളത്. അതിനാല്‍ മന്ത്രിമാര്‍ വിദേശത്തേക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാ മന്ത്രിമാരും ഓരോ ജില്ലകളിലായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര് അധ്യക്ഷനാകുമെന്നതു മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ മനസിലാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.