2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

Editorial

ഭരണരംഗത്ത് സിവില്‍വാര്‍


മുഖ്യമന്ത്രി കണ്ണുരുട്ടി പേടിപ്പിച്ചിരുത്തിയെന്നു കൊട്ടിഘോഷിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സത്യത്തില്‍ പേടിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയുമായുള്ള അവരുടെ കൂടിക്കാഴ്ചയ്ക്കുശേഷമുള്ള സംഭവവികാസങ്ങളില്‍നിന്നു മനസിലാകുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാരബുദ്ധിയോടെ ചില ഐ.എ.എസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നുവെന്ന പരാതി പുകയാന്‍ തുടങ്ങിയിട്ടു നാളുകളായി. വ്യവസായവകുപ്പിലെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് മൂന്നാംപ്രതിയാക്കിയതാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.
ജേക്കബ് തോമസിനോട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന അമര്‍ഷം പോള്‍ ആന്റണി സംഭവത്തോടെ മൂര്‍ധന്യത്തിലെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധസൂചകമായി ഒരു ദിവസത്തെ കൂട്ടഅവധിയെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കളമൊരുക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശൗര്യം ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രയോഗിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി വിജയാനന്ദനെ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ച് അപമാനിക്കുംവിധം മുഖ്യമന്ത്രി സംസാരിച്ചുവെന്ന പരാതിവരെ ഉയര്‍ന്നു. അസ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം സംയമനം പാലിച്ച ഉദ്യോഗസ്ഥരെപ്പോലും അസ്വസ്ഥരാക്കിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരെ വിരട്ടി നിലക്കുനിര്‍ത്തിയെന്നാണു ഭരണകൂടം ഊറ്റംകൊള്ളുന്നതെങ്കില്‍ ആ ധാരണ തെറ്റിയെന്നാണു മനസിലാകുന്നത്. മാത്രവുമല്ല, വരുംനാളുകളില്‍ ഭരണസ്തംഭനം പ്രതീക്ഷിക്കേണ്ടിയുമിരിക്കുന്നു. ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണമേര്‍പ്പെടുത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. പൊതുഭരണത്തിന്റെയും അതുവഴി പൊതുജീവിതത്തിന്റെയും സ്ഥിരാകേന്ദ്രമാണു സെക്രട്ടേറിയറ്റ്. അതു നിശ്ചലമാകുമ്പോള്‍ ജനജീവിതത്തെ സാരമായി ബാധിക്കും.
ജീവനക്കാര്‍ മെല്ലെപ്പോക്കു സമരത്തിലേര്‍പ്പെടുകയാണെന്ന സൂചന ആറുമാസം പ്രായമായ ഇടതുപക്ഷ സര്‍ക്കാരിനു ശുഭകരമല്ല. മുഖ്യമന്ത്രി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രകടിപ്പിച്ച ശൗര്യത്തിന്റെ ഒരംശം തോന്നിയപോലെ യു.എ.പി.എ പ്രയോഗിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കുനേരെ പ്രയോഗിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തിന് ഏറെ സ്വീകാര്യവും ആശ്വാസവുമാകുമായിരുന്നു.
ഇടതുപക്ഷം തെരഞ്ഞെടുപ്പുവേളയില്‍ ഉയര്‍ത്തിയ ‘വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതക്കൊപ്പം’ എന്ന മുദ്രാവാക്യത്തില്‍ ആത്മാര്‍ഥതയുണ്ടെന്നു കരുതിയ സമൂഹത്തിനു പിഴച്ചു. ദേശീയഗാനാലാപനത്തിന്റെ പേരില്‍ കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനിറങ്ങിയ സംഘ്പരിവാറിനെതിരേ ചെറുവിരല്‍പോലും അനക്കാത്ത പൊലിസുദ്യോഗസ്ഥരെ കയറൂരിവിടുകയാണു ചെയ്തത്. നിരപരാധികളും മനുഷ്യാവകാശപ്രവര്‍ത്തകരും ആദിവാസികളുമായ പാവങ്ങള്‍ക്കുനേരെ യു.എ.പി.എ ചുമത്തി കേസെടുത്തുകൊണ്ടിരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ യുവമോര്‍ച്ച നല്‍കുന്ന പരാതിക്കനുസരിച്ചാണു നടപടികളുമായി ഇറങ്ങിത്തിരിക്കുന്നത്.
സി.പി.എമ്മിന്റെ സഹയാത്രികരായ സാഹിത്യസാംസ്‌കാരിക നേതാക്കള്‍പോലും ബി.ജെ.പി നേതാക്കളില്‍നിന്നു വിഷലിപ്തവും വര്‍ഗീയവുമായ അസഭ്യവര്‍ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അവിടെയായിരുന്നു മുഖ്യമന്ത്രി ശൗര്യം പ്രകടിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ്ജു ചെയ്യപ്പെട്ടിട്ടില്ല. മതനിരപേക്ഷതയ്‌ക്കൊപ്പം നീങ്ങാന്‍ ആഹ്വാനംചെയ്ത പാര്‍ട്ടിയുടെ സമുന്നത നേതാവില്‍നിന്ന് ഇതല്ലല്ലോ മതേതരസമൂഹം പ്രതീക്ഷിച്ചത്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചാര്‍ജ്ജെടുത്തതിനുശേഷം എടുത്ത കേസുകളൊന്നും പൂര്‍ത്തിയായിട്ടില്ല. ചുവന്ന കാര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പോക്കറ്റിലാണ്. ഭരണരംഗം കലുഷിതമാണ്. നിയമനിര്‍മാണസഭയുടെയും ഭരണകൂടത്തിന്റെയും തീരുമാനം നടപ്പാക്കേണ്ടത് എക്‌സിക്യൂട്ടീവിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണ്. അവര്‍ മെല്ലെപ്പോക്കു സമരം നടത്തുമ്പോള്‍ ഭരണചക്രമാണു നിശ്ചലമാവുക. ചീഫ് സെക്രട്ടറിക്ക് എതിരേവരെ വിജിലന്‍സില്‍ പരാതി വന്നിരിക്കുന്നു.
ഇത്തരമൊരവസ്ഥയില്‍ ഭരണസിരാകേന്ദ്രം നിശ്ചലമാകുമെന്നതിനു സംശയമില്ല. മൊട്ടുസൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കേണ്ട പരുവത്തിലെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുതന്നെയാണ്. മാര്‍ച്ച് മൂന്നിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. അതിനു മുന്നൊരുക്കം നടത്തേണ്ട ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ നിഷ്‌ക്രിയരായിരിക്കുന്നത്.