2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭരണനിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്: ഉദ്യോഗസ്ഥതലത്തില്‍ അതൃപ്തി പടരുന്നു

ഉണ്ണി വി.ജെ നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിലപാടിലും ഏകാധിപത്യ പ്രവണതയെന്നു തോന്നിപ്പിക്കുന്ന നടപടിയിലും ഉദ്യോഗസ്ഥതലത്തില്‍ അതൃപ്തി പടരുന്നു. നാളിതുവരെ അധികാരകേന്ദ്രം നിയന്ത്രിച്ചിരുന്ന ഉന്നതരിലും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലുമാണ് അതൃപ്തി പടരുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയ മുന്‍ ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എന്‍.സി അസ്താന, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി എന്നിവരെ എ.ഡി.ജി.പിമാരായി തരംതാഴ്ത്തണമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായ നളിനി നെറ്റോയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ തള്ളിയതു മുതല്‍ ഉന്നതരില്‍ അതൃപ്തി തുടങ്ങിയിരുന്നു.
നളിനി നെറ്റോക്ക് ഇക്കാര്യത്തില്‍ വലിയ നിരാശയാണ് ഉണ്ടായത്. ഈ വിഷയം നേരത്തേ മുഖ്യമന്ത്രിയുടെ പരിഗണനക്കു വന്നപ്പോള്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. ഒരു വിഭാഗത്തോടു മാത്രം പക്ഷപാതപരമായി പെരുമാറുന്നതു ശരിയല്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നപ്പോഴും ചീഫ് സെക്രട്ടറിയുടെ നിലപാടാണ് അംഗീകരിക്കപ്പെട്ടത്. ഇതോടെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കൂടി ചുമതല ലഭിച്ച നളിനി നെറ്റോയുടെ ഇടപെടല്‍ മൂലമാണ് പൊലിസ് മേധാവി സ്ഥാനത്തുനിന്നും ടി.പി സെന്‍കുമാറിനെ മാറ്റാന്‍ കാരണമെന്നും ആരോപണമുയര്‍ന്നിരുന്നു. കൊല്ലം പരവൂര്‍ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായത്. ആഭ്യന്തര സെക്രട്ടറി നല്‍കിയ പട്ടിക പ്രകാരമാണു മുഖ്യമന്ത്രി ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്തിയത്. കേസുകളില്‍ പ്രതികളും ആരോപണവിധേയരുമായ ഉദ്യോഗസ്ഥര്‍ക്കു തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമനം ലഭിച്ചതായും ആക്ഷേപമുണ്ടായി. തുടര്‍ന്ന് ഇത്തരമൊരു സാഹചര്യം കലക്ടര്‍മാരുടെ നിയമനത്തില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടി. കലക്ടര്‍മാരുടെ നിയമനത്തില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പര്യംകൂടി പരിഗണിച്ചാണു നിയമനം നടന്നത്.
ഉദ്യോഗസ്ഥതലത്തിലെ അധികാരകേന്ദ്രത്തിനേറ്റ പ്രഹരമായിരുന്നു ഈ നിയമനങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം ഉദ്യോഗസ്ഥരില്‍ വന്‍ അതൃപ്തിയാണുണ്ടായത്. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സംസ്ഥാന പൊലിസ് മേധാവിയായി നിയമിതനായ ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവിയായി നിയമനം കിട്ടിയ ആര്‍ ശ്രീലേഖയും തമ്മിലുള്ള ഭിന്നതയും പുറത്തുവന്നിരുന്നു. റെയില്‍വേ പൊലിസില്‍ ഇന്റലിജന്‍സ് മേധാവി നടത്തിയ കൂട്ടസ്ഥലം മാറ്റം ഡി.ജി.പി ഇടപെട്ടു തടഞ്ഞതാണ് ഭിന്നത രൂക്ഷമാവാന്‍ കാരണം.
സെക്രട്ടേറിയറ്റില്‍ ജോലിസമയത്ത് ഓണാഘോഷം നടത്തരുതെന്ന നിര്‍ദേശവും ഫയലുകള്‍ യഥാസമയം തീര്‍പ്പാക്കണമെന്ന നിര്‍ദേശവും പ്രത്യേകിച്ചു താഴെതട്ടിലുള്ള ഉദ്യോഗസ്ഥരില്‍ വലിയ അതൃപ്തിക്കു കാരണമായി. പ്രവൃത്തി സമയത്ത് ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്നു സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പ്രവൃത്തിസമയത്തുതന്നെ പൂക്കളമിട്ടു പ്രതിഷേധിക്കുകയും ചെയ്തു. കൂടാതെ മുഖ്യമന്ത്രിയുടെ കര്‍ശന നിലപാടും ജോലിയില്‍ ‘തരികിട’ കാണിക്കാന്‍ കഴിയില്ലെന്ന ബോധ്യവും എല്‍.ഡി.എഫ് അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയാണ്. ഉദ്യോഗസ്ഥതലത്തില്‍ പുകയുന്ന അതൃപ്തി ഭരണനിര്‍വഹണത്തില്‍ മെല്ലെപ്പോക്കിനും കാരണമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.