2017 December 12 Tuesday
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാകില്ല നിങ്ങളുടെ പങ്കോടുകൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാകില്ല
എ.പി.ജെ അബ്ദുല്‍ കലാം

ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു പോരാട്ടം മാറ്റണമെന്ന് പൊലിസ്

കൊച്ചി: സുരക്ഷ ഒരുക്കാന്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി പുതുവത്സര തലേന്നുള്ള ഐ.എസ്.എല്‍ മത്സരം മാറ്റണമെന്ന് പൊലിസ്. ഡിസംബര്‍ 31 ലെ കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്.സി മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനാണ് പൊലിസ് കത്ത് നല്‍കിയത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ കൂടുതല്‍ പൊലിസിനെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ടി വരുമെന്നതാണ് ഐ.എസ്.എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലിസ് ആവശ്യപ്പെടുന്നത്.
പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മത്സരം നടക്കുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആവശ്യത്തിന് പൊലിസിനെ നിയോഗിക്കാന്‍ സാധിക്കില്ല. മട്ടാഞ്ചേരിയിലെ കാര്‍ണിവലിന് പുറമേ ഇത്തവണ ചെറായി ബീച്ച് ഫെസ്റ്റിവലും നടക്കുന്നുണ്ട്. ഇതിനായി തന്നെ വലിയ സുരക്ഷാ സംവിധാനം ഒരുക്കേണ്ടി വരും. സേനാബലം കുറവായതിനാല്‍ ഐ.എസ്.എല്‍ മത്സരത്തിന് കൂടി അധികം പേരെ നിയോഗിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലിസ്. നിലവില്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പൊലിസിനെ നിയോഗിച്ചാണ് ഐ.എസ്.എല്‍ മത്സര ദിവസങ്ങളില്‍ സുരക്ഷ ഒരുക്കുന്നത്. പുതുവത്സരാഘോഷ ദിനത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് സുരക്ഷയ്ക്കായി കൂടുതല്‍ പൊലിസിനെ എത്തിക്കാന്‍ കഴിയില്ല.
അരലക്ഷത്തിലേറെ കാണികളാണ് കളി കാണാനായി കൊച്ചി സ്റ്റേഡിയത്തില്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു മത്സരം കാണാന്‍ ആവേശം ഇരട്ടിക്കും. ഇതിന് പുറമേ മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ പുതവത്സര കാര്‍ണിവലില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ കൂടിയാകുന്നതോടെ നഗരത്തില്‍ ജന ബാഹുല്യമുണ്ടാകും. ട്രാഫിക് നിയന്ത്രണവും സുരക്ഷയും പൊലിസിന് ഇരട്ടി തലവേദനയായി മാറും. ഇതാണ് മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കത്തു നല്‍കിയത്.
എന്നാല്‍, പൊലിസ് കത്ത് നല്‍കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ചു ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഐ.എസ്.എല്‍ സംഘാടകര്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ കാണികള്‍ ഇതിനകം തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. മത്സരം മാറ്റിവയ്ക്കണമെന്ന പൊലിസിന്റെ ആവശ്യം സംബന്ധിച്ച് സമൂഹ്യിക മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. കാണികളുടെ സുരക്ഷ മുന്‍നിര്‍ത്തി പൊലിസ് നിര്‍ദേശം മാനിച്ച് മത്സരം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ജില്ലയ്ക്ക് പുറത്ത് നിന്ന് കൂടുതല്‍ പൊലിസിനെ എത്തിച്ച് മത്സരം നടത്തണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍ ആവശ്യപ്പെടുന്നത്. വൈകിട്ട് 5.30 മുതല്‍ രാത്രി 7.30 വരെയാണ് മത്സരം. ഇതിനിടെ മത്സരം മാറ്റിവയ്ക്കണമെന്ന പൊലിസിന്റെ തീരുമാനം നടപ്പാക്കരുതെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.