2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്ലാസ്റ്റേഴ്‌സിന് ജയിക്കണം

ജലീല്‍ അരൂക്കുറ്റി

കൊച്ചി: സ്റ്റേഡിയം സംബന്ധിച്ച വിവാദങ്ങള്‍ കാര്യമാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്്് വീണ്ടും മൂന്നാമത് നാട്ടങ്കത്തിന് ഇറങ്ങുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന കളിയില്‍ ഒഡീഷ എഫ്.സിയാണ് എതിരാളികള്‍.
മികച്ച തുടക്കം ലഭിച്ചെങ്കിലും ഹോം മാച്ച്്് ഉള്‍പ്പടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിന്റെ ക്ഷീണവും പരുക്കില്‍നിന്ന് മോചനം നേടാനാവത്തതും ബ്ലാസ്റ്റേഴ്‌സിനെ വലക്കുന്നു. കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കുമോയെന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഇന്ന് മഞ്ഞപ്പടയ്ക്ക് വിജയം അനിവാര്യം. കഴിഞ്ഞ എവേ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയോട് 1- 0ന്റെ തോല്‍വിയുമായാണ് ടീം ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം തോല്‍വി നേടി മൂന്ന് പോയിന്റുമായി നില്‍ക്കുന്ന ഇരുടീമുകള്‍ക്കും ഇന്നത്തെ കളി വിജയം തേടിയുള്ള പോരാട്ടമാണ്.

വെല്ലുവിളി ഉയര്‍ത്തി
താരങ്ങളുടെ പരുക്ക്്
ടീമിലെ പ്രമുഖ താരങ്ങള്‍ക്കേറ്റ പരുക്കാണ് ബ്ലാസ്റ്റേഴ്‌സിനെ വലക്കുന്നത്. സീസണ്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ജിങ്കന്‍ പരുക്കിന്റെ പിടിയിലായി. വിദേശ താരങ്ങളായ ജെയ്‌റോയും സുവര്‍ലോണും പരുക്കില്‍ നിന്ന് മോചിതരായിട്ടില്ല. കഴിഞ്ഞ മത്സരത്തിനിടെ പേശീവലിവ് കാരണം മുടന്തിയ സുവര്‍ലോണിനെ കളിയുടെ 13-ാം മിനുട്ടില്‍ തന്നെ ഷട്ടോരി പിന്‍വലിക്കുകയും ചെയ്തു. ഇന്നും സുവര്‍ലോണ്‍ ഇറങ്ങുന്ന സാധ്യത കുറവാണ്്്. മധ്യനിരതാരം മരിയോ ആര്‍ക്കെസിന്റെ പരുക്കും ടീമിന് തിരിച്ചടിയാണ്. സീസണിലെ ആദ്യ കളിയില്‍ പകരക്കാരനായിറങ്ങിയ മരിയോ പിന്നീട് മൈതാനത്തിറങ്ങിയില്ല. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ സഹല്‍ അബ്ദുല്‍ സമദ്, കെ.പി രാഹുല്‍, സിഡോഞ്ച, പ്രശാന്ത് എന്നിവരായിരിക്കും ഇന്നും ആദ്യ ഇലവനില്‍ ഇടംനേടുക. ഗോള്‍വല കാക്കാന്‍ രഹനേഷിറങ്ങുമെന്നാണ് വിവരം. എന്നാല്‍ സഹലിന്റെ കാര്യത്തില്‍ ഷട്ടോരി കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. സഹല്‍ നല്ല കളിക്കാരനാണെങ്കിലും പരിചയസമ്പന്നത കുറവാണ്. അതുകൊണ്ടു കുറച്ചുകൂടി പാകപ്പെടണമെന്നാണ് ഷെട്ടോരിയുടെ വിലയിരുത്തല്‍. എങ്കിലും ഇന്ന് സഹലിന് ആദ്യ ഇലവനില്‍ അവസരം ലഭിച്ചേക്കും. അതേസമയം രാഹുലിനെ കുറിച്ച് ഷട്ടോരിക്ക് ഏറെ മതിപ്പാണുള്ളത്. കഴിഞ്ഞ കളിയില്‍ രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള കളി കാഴ്ചവച്ചു എന്നാണ് കാര്യം. മൂന്നു കളിയില്‍ ഒരു ജയവും രണ്ട് തോല്‍വിയും നേരിട്ടാണ് ഒഡിഷ എഫ്.സി കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്.

വിജയം ആവര്‍ത്തിക്കാന്‍ ഒഡിഷ എഫ്.സി
മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയിന്റുള്ള ഒഡിഷ ആറാം സ്ഥാനത്താണ്. സ്പാനിഷ് മധ്യനിര താരം മാര്‍ക്കോസ് ടെബാര്‍, സിസ്‌കോ ഹെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ അരിഡെയ്ന്‍ സാന്റാന, സെനഗല്‍ താരം ഡൈയ്‌വാന്‍ഡോ ഡിയാഗ്‌നേ എന്നിവരാണ് ടീമിന്റെ കരുത്ത്. ഗോള്‍വലക്ക് മുന്നില്‍ സ്പാനിഷ് താരം ഫ്രാന്‍സിസ്‌കോ ഡൊരന്‍സോറോയും ഇറങ്ങും. നാരായണ്‍ ദാസ്, ശുഭം സാരംഗി, വിനിത് റായ്, ജെറി തുടങ്ങി മികച്ച ഇന്ത്യന്‍ താരങ്ങളും ടീമിന്റെ കരുത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.