2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കം വിവാദത്തില്‍

തിരുവനന്തപുരം: പ്രീ സീസണ്‍ തയ്യാറെടുപ്പില്‍ വിവാദ ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തായ്‌ലന്റിലെ ഹുവാ ഹിനില്‍ നടന്ന പരിശീലന മത്സരത്തില്‍ മഞ്ഞപ്പട ബാങ്കോക്ക് എഫ്.സിയെ തോല്‍പിച്ചെന്നതാണ് വിവാദത്തിന് കാരണം. 

ബ്ലാസ്റ്റേഴ്‌സ് തങ്ങള്‍ക്കെതിരേ ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബാങ്കോക്ക് എഫ്.സി അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് കളി കാര്യമായത്. ബാങ്കോക്ക് എഫ്.സിയെ 4-1 നു തോല്‍പ്പിച്ചെന്ന് വ്യക്തമാക്കിയുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. പോസ്റ്റിന് താഴെ ബാങ്കോക്ക് എഫ്.സി അധികൃതര്‍ മറുപടി നല്‍കി. പ്രീ സീസണ്‍ മല്‍സരങ്ങളൊന്നും കേരളാ ബ്ലാസ്റ്റേഴ്‌സുമായി തങ്ങള്‍ കളിച്ചിട്ടില്ലെന്നാണ് ബാങ്കോക്ക് എഫ്.സി നല്‍കിയ മറുപടി.
ബാങ്കോക്ക് എഫ്.സിയെ തോല്‍പ്പിച്ചെന്നു വ്യക്തമാക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ഒപ്പം ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ ലോഗോയും നീക്കം ചെയ്യണമെന്ന് ആവശ്യവുമായി ക്ലബ് രംഗത്തെത്തി. ബ്ലാസ്റ്റേഴ്‌സ് നേരിട്ടത് ബാങ്കോക്ക് തോന്‍ബുരി സര്‍വകലാശാലാ ടീമിനെയാണെന്നും ബാങ്കോക്ക് എഫ്.സി വ്യക്തമാക്കുന്നു. ഇവരുടെ ഫാന്‍ പേജിന്റെ ലിങ്കും ബാങ്കോക്ക് എഫ്.സി അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിവാദത്തോട് ഇതുവരെ കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വിവാദം മഞ്ഞപ്പട ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സംഭവം വിവാമായ പശ്ചാത്തലത്തില്‍ ബാങ്കോക്ക് എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് കളിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ഐ.എസ്.എല്‍ അഞ്ചാം പതിപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തായ്‌ലന്റില്‍ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാല് സന്നാഹ മത്സരങ്ങള്‍ കൂടി കളിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഐ.എസ്.എല്ലിലെ കിക്കോഫ് പോരാട്ടത്തില്‍ എ.ടി.കെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.