2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ബ്രൂവറി, റാഫേല്‍.., പിന്നെ കൂലിത്തല്ലും

പിണങ്ങോട് അബൂബക്കര്‍

 

 

തൊഴില്‍ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണു ബ്രൂവറികള്‍ തുറക്കുന്നതെന്നു പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ആവശ്യക്കാര്‍ക്കു മദ്യം ലഭ്യമാക്കുക, മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുക ഇതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു രാമകൃഷ്ണ മന്ത്രിയും ആവര്‍ത്തിച്ചു.
പത്രപരസ്യം വേണ്ട, നാലാളറിയേണ്ട. നേരിട്ട് അപേക്ഷ വാങ്ങി ആളും തരവും നോക്കി ‘ആവശ്യമുള്ളത് ‘ആവശ്യപ്പെട്ടു ഇഷ്ടം പോലെ കൊടുക്കും, തുറക്കും എന്നൊക്കെയുള്ള സ്റ്റാലിനിസ്റ്റ് ശൈലിയിലാണ് ഒന്നരമണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. ഗതികെട്ടു മദ്യനിര്‍മാണശാലകള്‍ തുറക്കാനുള്ള അനുമതി വിഴുങ്ങുമ്പോഴും പറയുന്നത് തൊട്ടുപിന്നാലെ അനുമതി നല്‍കുമെന്നാണ്.
ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും വര്‍ത്തമാനത്തില്‍ മയമില്ലെന്നു പറഞ്ഞു നടക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണു വളച്ചുകെട്ടാതെ തുറന്നടിച്ചത്, മദ്യവര്‍ജനമാണു സി.പി.എം നയമെന്ന്. മദ്യം യഥേഷ്ടം ലഭ്യമാക്കിയാലേ ജനങ്ങള്‍ക്കു വര്‍ജിക്കാനാവൂ! ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുപോലും പിടികിട്ടാത്ത തലതിരിഞ്ഞ നയമാണിത്.
ഭൂഗര്‍ഭജലം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. നാടുനീളെ കുഴിച്ച കുഴല്‍ക്കിണറിലൂടെ ജലമൂറ്റുന്നതാണു കാരണം. അതിനിടയിലാണ് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം ദിവസേന ഊറ്റുന്ന ‘ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ട്‌ലിങ്’ യൂനിറ്റുകള്‍ക്കും ബിയര്‍ ഉല്‍പ്പാദനയൂനിറ്റുകള്‍ക്കും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ദാഹിച്ചാല്‍ ജനം മദ്യം കുടിച്ചാല്‍ മതിയെന്നാണോ സര്‍ക്കാര്‍ പറയുന്നത്. പ്ലാച്ചിമടയെയും മൈലമ്മയെയും കൊണ്ടാടിയവരാണ് ഇടതരും ഇടതുസഹയാത്രികരും. ഉള്ള വെള്ളമൂറ്റി കൊക്കകോളയുണ്ടാക്കി വിറ്റു കാശാക്കിയ കമ്പനി പൂട്ടിപ്പോയി. ആ കമ്പനി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മയും പേറി പ്ലാച്ചിമട ഏതാണ്ടു മരുഭൂമിയായി കഴിയുകയാണ്.
മദ്യവര്‍ജനം പറഞ്ഞു സദാചാരപക്ഷത്തും മദ്യം വിളമ്പി മാഫിയാപക്ഷത്തും മാറിമാറിക്കളിച്ചു പണമുണ്ടാക്കുന്ന ഈ ഏര്‍പ്പാട് ഒരു വെടിക്കു പല പക്ഷിയെന്ന നാലാംകിട രാഷ്ട്രീയമാണ്. കേരളത്തില്‍ നാലിലൊരാളെങ്കിലും മഹാരോഗത്തിന് അടിമയാണ്. അങ്ങാടിയില്‍ കാണുന്ന പലരും പൂര്‍ണ കിഡ്‌നിയുള്ളവരല്ല. ആറുവരി പാതയായാലും പരന്നാണു വാഹനമോടുന്നത്. വളയം പിടിക്കുന്നവന്റെ ആമാശയം നിറയെ മദ്യമാണ്. മരണം കൂടുന്നു. കുടുംബം കുളം തോണ്ടുന്നു. ഡി.ഐ.ജിയെ കൊണ്ടുപോലും ഊതിക്കാന്‍ പൊലിസ് പാതിരാപ്പണിയെടുക്കേണ്ടി വരുന്നു.
മനുഷ്യരുടെ പ്രാഥമികാവശ്യം ഭക്ഷണം, പാര്‍പ്പിടം, ശൗചാലയം, വിദ്യാഭ്യാസം, ചികിത്സ ഇതൊക്കെയാണ്. എന്നാല്‍, അവയൊന്നും സര്‍ക്കാരിന് പ്രശ്‌നമല്ല. അവ മെച്ചപ്പെടുത്താന്‍ പദ്ധതിയും പരിപാടിയുമില്ല. മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കല്‍ മഹത്തായ കടമയാണെന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട്.
മദ്യനിരോധനസമിതി നിശബ്ദ ഇടങ്ങളിലൊതുങ്ങി. സാംസ്‌കാരികന്മാര്‍ സമര്‍ഥമായ നിശബ്ദത സ്വീകരിച്ചു. മതസംഘടനകളും മാധ്യമങ്ങളും പ്രതിരോധം മതിയാക്കിയ കൂട്ടത്തിലാണ്. സുധീരന്റെ പ്രസിഡന്റ് സ്ഥാനവും ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനവും തെറിക്കാനിടയായതു മദ്യത്തില്‍ കൈവച്ചതുകൊണ്ടാണ്. ലഹരി വീര്യത്തേക്കാള്‍ കടുപ്പമുള്ളതാണു പണബലം.
പക്ഷേ, ചരിത്രം കൃത്യമായി കണക്കു തീര്‍ത്തു ശിക്ഷ വിധിക്കുമെന്ന് ഇടതുപക്ഷം ഓര്‍ക്കുന്നതു നല്ലതാണ്. ഗാന്ധിയന്മാര്‍ക്കു മിണ്ടാട്ടം കാണുന്നില്ല. അവരൊക്കെ പെണ്‍പക്ഷത്താണിപ്പോള്‍. നാടിന്റെ പൊതുപ്രശ്‌നം പെണ്ണാരാധനയാണെന്ന മട്ടിലാണു കാര്യങ്ങള്‍ നീങ്ങുന്നത്.
നന്മ മരിക്കാത്ത നല്ലൊരു നാള്‍ കഴിഞ്ഞു പോയിട്ടുണ്ട്. സേവകര്‍ അന്ന് ആദരിക്കപ്പെട്ടു. നന്മ വാഴ്ത്തപ്പെട്ടു. 1934 ല്‍ ബിഹാര്‍ നേരിട്ട ഭൂകമ്പവും മഹാദുരിതവും ഊണുമുറക്കവും ഉപേക്ഷിച്ചു നേരിട്ട രാജേന്ദ്രപ്രസാദിനെ 1935 ല്‍ മുംബൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗം പ്രസിഡന്റായി തെരഞ്ഞെടുത്തു. ഗാന്ധിജിയും നെഹ്‌റുവും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രപതിയോളം വലുതായ രാജേന്ദ്രപ്രസാദ് പച്ചമനുഷ്യനായ ശുദ്ധനേതാവായിരുന്നു.
ഇന്നാണെങ്കിലോ. മികച്ച പണബലമുള്ള, ഗുണ്ടാ പിന്തുണയുള്ള, തരികിടയില്‍ ഡോക്ടറേറ്റ് നേടിയ ആളുകളെ തിരഞ്ഞുപിടിച്ചു നേതാവാക്കി ജയിപ്പിച്ചു മന്ത്രിയാക്കുന്നതിലും അധികാരം നല്‍കുന്നതിലും ഏതു പാര്‍ട്ടിയാണു പിറകിലുള്ളത്. മനോഭാവം മാറണം. നല്ല സമൂഹത്തിനേ നല്ല നേതാവിനെ നിര്‍മിക്കാനാവൂ.

റാഫേല്‍ ഇടപാട്
2019 ലെ പൊതുതെരഞ്ഞെടുപ്പ് വരെ റാഫേല്‍ വിമാനക്കച്ചവടം ലൈവായി നില്‍ക്കാനിടയില്ല. ഓസോണ്‍ എവിയേഷനുമായുണ്ടാക്കിയ കരാറനുസരിച്ചു 36 യുദ്ധവിമാനങ്ങള്‍ക്ക് 2015 ല്‍ നരേന്ദ്രമോദിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ ഒളാന്ദും ഒപ്പുവച്ചതോടെ കച്ചവടം ഉറച്ചു. വില കൂടി, റിലയന്‍സ് ഡിഫന്‍സിനെ ഇടനിലക്കാരനാക്കി മുപ്പതിനായിരം കോടി തട്ടി ഇതൊക്കെയാണ് പുറത്തുവന്ന വാര്‍ത്തയിലെ പ്രധാനഭാഗം. ഇതിലും കുറഞ്ഞ വിലയ്ക്ക് വിമാനം കിട്ടാനുണ്ടെന്നും സ്വയം നിര്‍മിക്കാനാവുമെന്നുമൊക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഫയലില്‍ കുറിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതെല്ലാം തൃണവല്‍ഗണിച്ചു.
ബൊഫോഴ്‌സ് തോക്കിടപാട്, ശവപ്പെട്ടി കുംഭകോണം, ടു ജി സ്‌പെക്ട്രം ഇവയൊന്നും റാഫേല്‍ അഴിമതിക്കൊപ്പം എത്തില്ലെന്നാണു ബി.ജെ.പി പാളയത്തിലെ അടക്കിപ്പിടിച്ച വര്‍ത്തമാനം. പല ലോകനേതാക്കളും ജയിലിലാണ്. അവിടങ്ങളില്‍ അഴിമതി പാതകമാണ്. ഇന്ത്യയിലാണെങ്കില്‍ അതൊരു അലങ്കാരവുമാണ്. അക്രമം കാണിക്കുന്ന പാര്‍ട്ടിയില്‍നിന്നും നേതാക്കളില്‍നിന്നും നഷ്ടം ഈടാക്കണമെന്നു സുപ്രിംകോടതി വിധിയുണ്ട്. നടപ്പിലാക്കേണ്ടത് ഇന്ത്യയിലെ സാമ്പ്രദായിക എക്‌സിക്യൂട്ടീവാണ്. അതിനാല്‍ വിധി വിധിയായി തുടരാനാണു സാധ്യത.

കൂലിത്തല്ല്
”സഊദി അറേബ്യ സമ്പന്നരാഷ്ട്രമാണ്. സല്‍മാന്‍ രാജാവിനെ എനിക്കിഷ്ടമാണ്. അമേരിക്കന്‍ സൈന്യമാണു സഊദിയെ രക്ഷിക്കുന്നത്. അല്ലായിരുന്നെങ്കില്‍ രണ്ടാഴ്ച പോലും അധികാരത്തില്‍ തുടരാന്‍ രാജാവിനാവില്ല.” ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പറഞ്ഞ സംഗതിയാണിത്.
ഇറാന്‍, യമന്‍ ശത്രുപക്ഷത്താണ്. ഖത്തറിനെ ഉപരോധത്തിലാക്കിയിരിക്കുന്നു. തീവ്രവാദസാന്നിധ്യം അലട്ടുന്നുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങളും വളരുന്നുണ്ട്. തന്റെ രാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല. സഊദി ദേശീയത മഹത്തരമാണ് എന്നൊക്കെ കഴിഞ്ഞയാഴ്ചയാണു രാജകുമാരന്‍ മുഹമ്മദ് വീരസ്യം പറഞ്ഞത്.
പണം കൊടുത്താല്‍ കാവല്‍ക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടില്ല. അമേരിക്ക സഊദിയുടെ കാവല്‍ക്കാരായി കൂലിത്തല്ലിനിറങ്ങുന്നതു ചില താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിച്ചാണ്. സഊദിയുടെ ആഭ്യന്തര, പ്രതിരോധ, ഇന്റലിജന്‍സ്, സാമ്പത്തിക മേഖലകളൊക്കെ ഭരിക്കാതെ ഭരിക്കുന്നതു യാങ്കികളാണ്. ഇസ്രാഈലിന്റെ സുരക്ഷയും വളര്‍ച്ചയുമാണു ലക്ഷ്യം. ഇതിനകം 35 വീറ്റോകളാണു യു.എന്നില്‍ അമേരിക്ക ഇസ്രാഈലിനു വേണ്ടി ഉപയോഗിച്ചത്. ദ്വിരാഷ്ട്ര ഫോര്‍മുല പോലും വെളിച്ചം കണ്ടില്ല. കിഴക്കന്‍ ജറൂസലമിലേയ്ക്കു യു.എസ് നയതന്ത്ര കാര്യാലയം മാറ്റിയതു ലോകം അംഗീകരിക്കാതെയാണ്.
സഊദി സാമ്പത്തികശക്തിയും ഭൂമിശാസ്ത്ര സൗകര്യങ്ങളും കടല്‍സമ്പത്തും സാധ്യതകളും ഉപയോഗപ്പെടുത്തി സ്വന്തംകാലില്‍ നില്‍ക്കാന്‍ ശ്രമിക്കാറില്ല. അയല്‍പ്പക്ക മുസ്‌ലിം രാഷ്ട്രങ്ങളുമായി നല്ലബന്ധം സ്ഥാപിച്ചു നട്ടെല്ലുള്ള, കരളുറപ്പുള്ള ഭരണാധികാരികളാവാനും ശ്രമിക്കാറില്ല. അമേരിക്ക എഴുതിത്തയാറാക്കുന്ന പരിഷ്‌കരണങ്ങള്‍ ഉത്തരവായി ഇറക്കുന്ന തലത്തിലാണു രാജകുമാരന്‍ അറിയപ്പെടുന്നത്.
മുസ്‌ലിം ലോകത്തിന്റെ ആധികാരിക സ്ഥലമായ രണ്ടു ഹറമുകള്‍ ഉള്‍ക്കൊള്ളുന്ന സഊദി അറേബ്യ തലയുയര്‍ത്തി നില്‍ക്കണമെന്നു തന്നെയാണു മുസ്‌ലിം ഉമ്മത്ത് അഭിലഷിക്കുന്നത്. ഈ വിശ്വാസവും പിന്തുണയും പൊതുബോധ്യമായി പരിഗണിച്ചു കാര്യങ്ങള്‍ നീക്കിയാല്‍ ഒരു മീശപിരിയനും സഊദിയെ വിരട്ടാനാവില്ല, അതിനാരും അനുവദിക്കില്ല.

വില നിലവാരം
മനുഷ്യന്റെ വിലയിടിവു കൂടുന്നതനുസരിച്ചു മറ്റു വസ്തുക്കളുടെ വില ഉയരല്‍ ചര്‍ച്ചയാവുന്നില്ല. അരി, പയര്‍, പരിപ്പ്, പഞ്ചസാര എന്നുവേണ്ട സകല സാധനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തിനിടയില്‍ 100 മുതല്‍ 400 ശതമാനം വരെ വില ഉയര്‍ന്നു.
മൂന്നു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ അല്‍പ്പം കുറച്ചു. കേരളത്തില്‍ ഉടനെ തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ സംസ്ഥാന നികുതി കുറക്കില്ലെന്നുറപ്പിച്ചു പറയാന്‍ സംസ്ഥാന ധനമന്ത്രിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല.
തൊഴിലുറപ്പിനു പോയാല്‍ 275 രൂപയാണു കൂലി. വര്‍ഷത്തില്‍ പരമാവധി 100 തൊഴില്‍ ദിനം. നാലംഗ കുടുംബം എങ്ങനെ പുലരും. മന്ത്രിമാരെ പോറ്റാന്‍ എത്ര കോടി വേണം. ഇപ്പോഴാണെങ്കില്‍ പ്രളയപ്പിരിവാണ്. ഓരോരുത്തരും പലര്‍ക്കായി പിരിവു കൊടുക്കണം. നികുതിയും കൊടുക്കണം. പണിയില്ല. വിലയാണെങ്കില്‍ പിടിച്ചുകെട്ടാനാളില്ല. പാപി പനപോലെ വളരുമെന്ന പഴമൊഴി അന്വര്‍ഥമാക്കി അധികാരികള്‍ പരമാനന്ദത്തിന്റെ ഗിരിശിഖിരങ്ങളിലാണ്.
കേരളം പട്ടിണിയുടെ തീരത്തേക്കാണു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കര്‍ഷക ആത്മഹത്യ ആരുടെയും കണ്ണു തുറപ്പിച്ചിട്ടില്ല. പ്രളയാനന്തര കേരളം നിലനില്‍പ്പിനായി പോരാടുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.