2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബ്രിട്ടന്‍: നിരന്തര തിരിച്ചടികളില്‍ തളര്‍ന്ന് ബോറിസ് ജോണ്‍സണ്‍

 

ലണ്ടന്‍: കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂനിയന്‍ വിടുകയെന്ന ശ്രമം പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഒക്ടോബര്‍ 15നു രാജ്യത്തു തെരഞ്ഞെടുപ്പ് നടത്താമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി, തന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെയും പാര്‍ലമെന്റില്‍ എം.പിമാര്‍ എതിര്‍ത്തു.
ഭരണകക്ഷിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു എം.പി കഴിഞ്ഞ ദിവസം കൂറുമാറിയതിനെ തുടര്‍ന്നു പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനു ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. കരാറുകളില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 31നു യൂറോപ്യന്‍ യൂനിയന്‍ വിടുകയെന്നതായിരുന്നു ബോറിസ് ജോണ്‍സന്റെ നയം. എന്നാല്‍, ഇതു പാര്‍ലമെന്റില്‍ വിജയിപ്പിച്ചെടുക്കാനായില്ല. തുടര്‍ന്നാണ് രാജ്യത്തു പൊതുതെരഞ്ഞെടുപ്പെന്ന നയത്തിലേയ്ക്കു പ്രധാനമന്ത്രി മാറിയത്.
അടുത്ത മാസം ആദ്യ ആഴ്ചവരെ പാര്‍ലമെന്റ് മരവിപ്പിച്ച പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികള്‍ തലവേദനയാകുന്നുണ്ട്. തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ അതിലേറെ പ്രധാനം കരാറുകളില്ലാത്ത ബ്രെക്‌സിറ്റിനെ തടയുകയെന്നതാണെന്നും വ്യക്തമാക്കി ലേബര്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ ബ്ലോക്ക് ചെയ്യുകയാണെന്നാരോപിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദങ്ങളിലേക്കാണ് ബ്രിട്ടന്‍ നീങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News