2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബ്രസീല്‍ ഇന്ന് സെനഗലിനെതിരേ

 

കലാങ്: ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും സെനഗലും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് സിങ്കപ്പൂരില്‍ നടക്കും. ഇന്ന് വൈകീട്ട് 5.30നാണ് മത്സരം നടക്കുന്നത്.
അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്ക് വേണ്ടി ക്ലബ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചതോടെ ഇനിയുള്ള ഒരാഴ്ച അന്താരാഷ്ട മത്സരങ്ങളായിരിക്കും അരങ്ങേറുക. ഇതിന്റെ ഭാഗമായിട്ടാണ് ബ്രസീല്‍ ഇന്ന് സെനഗലിനെ നേരിടുന്നത്. കോപാ അമേരിക്കക്ക് ശേഷം ബ്രസീല്‍ കളിച്ച രണ്ട് മത്സരത്തിലും ജയം കണ്ടെത്താനായിട്ടില്ല. കോപാ അമേരിക്കക്ക് ശേഷം നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ കൊളംബിയക്കെതിരേ 2-2 ന്റെ സമനില. രണ്ടാം മത്സരത്തില്‍ പെറുവിനെതിരേ തോല്‍വി എന്നിങ്ങനെയായിരുന്നു മത്സര ഫലങ്ങള്‍. ഞായറാഴ്ച വൈകീട്ട് 5.30ന് സിങ്കപ്പൂരില്‍ വെച്ച് തന്നെയാണ് നൈജീരിയക്കെതിരേയും ബ്രസീല്‍ സൗഹൃദ മത്സരം കളിക്കുന്നത്. സൗഹൃദ മത്സരത്തിനായി വിവിധ ക്ലബുകളില്‍ കളിക്കുന്ന ബ്രസീലിയന്‍ താരങ്ങളെല്ലാം ക്യാമ്പിലെത്തിയിട്ടുണ്ടെന്നാണ് വിവരം. അതേ സമയം ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന് ശേഷം സെനഗല്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
ആഫ്രിക്കന്‍സ് നാഷന്‍സ് കപ്പിലെ അവസാന രണ്ട് മത്സരത്തിലും സെനഗല്‍ ജയം സ്വന്തമാക്കിയിരുന്നു. ലൈബീരിയക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിനും ഗിനിയയെ എതിരില്ലാത്ത ഒരു ഗോളിനുമായിരുന്നു സെനഗല്‍ തകര്‍ത്തത്. പരുക്കേറ്റ ആലിസണ്‍ ബക്കറിന് പകരം ഏഡേഴ്‌സനായിരിക്കും ബ്രസീലിന്റെ ഗോള്‍വല കാക്കുക. ഡാനി ആല്‍വേസായിരിക്കും ടീമിനെ നയിക്കുക. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന കുട്ടീഞ്ഞോ, ബാഴ്‌സലോണ താരം ആര്‍തര്‍, റയല്‍ മാഡ്രിഡ് താരം കാസാമിറോ എന്നിവരായിരിക്കും ബ്രസീലിന്റെ മധ്യനിരയിലുണ്ടാവുക. എവര്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസ്, ഫോമിലേക്ക് തിരിച്ചെത്തിയ പി.എസ്.ജി താരം നെയ്മര്‍ എന്നിവര്‍ മുന്നേറ്റ നിരയിലുമുണ്ടാകും.
പി.എസ്.ജി താരം തിയാഗോ സില്‍വയും ഇന്നത്തെ മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാപോളിക്ക് വേണ്ടി മിന്നും പ്രകടനം നടത്തുന്ന കൗലിബലി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന സാദിയോ മാനേ എന്നിവരാണ് സെനഗലിന്റെ തുറുപ്പ് ചീട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.