2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബോസ്‌നിയന്‍ കൂട്ടക്കൊല: റാദൊവന്‍ കരാജിച്ചിന് ജീവപര്യന്തം തന്നെ

ഹേഗ്: രണ്ടാം ലോക യുദ്ധാനന്തരം യൂറോപ്പ് കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ സെര്‍ബ് ഭീകരന്‍ റാദൊവന്‍ കരാജിച്ചിനു ജീവപര്യന്തം തന്നെ. ഹേഗിലെ യു.എന്‍ രാജ്യാന്തര കോടതിയുടെതാണ് വിധി.

കരാജിച്ചിന്റെ അപ്പീല്‍ തള്ളിയാണ് യു.എന്‍ കോടതി ശിഷ്ടകാലവും അദ്ദേഹത്തോട് ജയിലില്‍ തുടരാന്‍ ആവശ്യപ്പെട്ടത്. ഇതോടെ 74 കാരനായ സെര്‍ബ് മുന്‍ പ്രസിഡന്റ് 40 വര്‍ഷം കൂടി തടവില്‍ കഴിയണം. കേസില്‍ കരാജിച്ചിനെ ശിക്ഷിച്ചുള്ള 2016ലെ ഉത്തരവ് ചോദ്യം ചെയ്താണ് അദ്ദേഹം യു.എന്‍ അപ്പീല്‍ കോടതിയില്‍ അപേക്ഷനല്‍കിയത്. എന്നാല്‍ ഈ അപേക്ഷയും തള്ളിയതോടെ ഇനി അദ്ദേഹത്തിന് ശിക്ഷ ചോദ്യം ചെയ്യാനാവില്ല.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതുമാണെന്നും ഇന്നലെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

മുസ്‌ലിംകളെ വംശഹത്യ ചെയ്‌തെന്ന ആരോപണം കെട്ടുകഥയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയ കോടതി, വളരെ ആസൂത്രണ സ്വഭാവത്തോടെയുള്ള കുറ്റകൃത്യത്തിന് ഈ ശിക്ഷപോരെന്ന് ചൂണ്ടിക്കാട്ടി. കരാജിച്ചും മറ്റു സെര്‍ബ് നേതാക്കളും സംഘടിതവും വ്യവസ്ഥാപിതവുമായാണ് കൂട്ടക്കൊല നടത്തിയതെന്ന് ജഡ്ജി വാന്‍ ജോണ്‍സന്‍ വ്യക്തമാക്കി.

കോടതി ഉത്തരവ് വായിക്കുമ്പോള്‍ ചേംബറില്‍ നിര്‍വികാരനായി അദ്ദേഹം ഇരുന്നു. വിചാരണ കേള്‍ക്കാന്‍ ഇരകളുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.

ബോസ്‌നിയന്‍ മുസ്‌ലിംകളെയും വംശീയ ന്യൂനപക്ഷവിഭാഗമായ ക്രോട്ടുകളെയും തുടച്ചുനീക്കുന്നതിനും ബോസ്‌നിയന്‍ സെര്‍ബുകളുടെ ഏകജാതിയ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ആക്രമണങ്ങള്‍ക്ക് കരാജിച്ച് നേതൃത്വം നല്‍കിയെന്നു നേരത്തെ യു.എന്‍ കോടതി കണ്ടെത്തിയിരുന്നു.

ബോസ്‌നിയയിലും മുന്‍ യൂഗൊസ്ലാവിയയുടെ മറ്റു ചില ഭാഗങ്ങളിലും 90കളില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള കറുത്ത അധ്യായമാണ്. മൊത്തം ഒരു ലക്ഷം പേര്‍ മരിക്കുകയും 22 ലക്ഷം പേര്‍ വഴിയാധാരമാവുകയും ചെയ്തു. ഇതിനിടെ നടന്ന വിവിധ കൂട്ടക്കൊലകളില്‍ കരാജിച്ചിനു പുറമെ യൂഗൊസ്ലാവ്യന്‍ മുന്‍ നേതാവ് മിലോസെവിച്ച്, സെര്‍ബ് സൈനിക തലവന്‍ റാദ്‌കോ മ്ലാദിച്ച് തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടിരുന്നു.

1995 ജൂലൈയില്‍ സെബ്രനിക്കയില്‍ 8,000 ഓളം ബോസ്‌നിയന്‍ മുസ്‌ലിംകളെയാണ് വെടിവച്ചുകൊന്നത്. 12നും 77 വയസിനും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് യന്ത്രത്തോക്ക് കൊണ്ടു വെടിവച്ചുകൊല്ലുകയായിരുന്നു. മൃതദേഹങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വലിയ കുഴികളിലിട്ടു മൂടി.
നൂറുകണക്കിനു പേരെ ജീവനോടെയും കുഴിച്ചിട്ടു. ഈ കൊടും പൈശാചികത കണ്ട് മ്ലാദിച്ചിന്റെ സുഹൃത്തുക്കളായ സെര്‍ബ് നേതാക്കള്‍ വരെ സ്തബ്ധരായെന്നും മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഏക മകള്‍ മാനസികാഘാതം താങ്ങാനാവാതെ ജീവനൊടുക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.