2020 January 27 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ബോണസ് തര്‍ക്കം: മേനംകുളം പാചകവാതക പ്ലാന്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ സമരത്തില്‍

കഠിനംകുളം: ഓണ ബോണസിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മേനംകുളം പാചക വാതക പ്ലാന്റിലെ കയറ്റിറക്ക് തൊഴിലാളികള്‍ തുടങ്ങിയ സമരം മൂന്നു ദിവസം പിന്നിട്ടു.
ഇതോടെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കുള്ള സിലിണ്ടര്‍ നീക്കം പൂര്‍ണമായി നിലച്ചു. അഞ്ച് ജില്ലകളിലെ എട്ടുലക്ഷത്തോളം വരുന്ന പാചകവാതക ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
വിവിധയൂനിയനുകളില്‍പെട്ട 72 തൊഴിലാളികളാണ് ഹര്‍ത്താലിന്റെ തലേദിവസം വൈകിട്ട് മൂന്ന് മുതല്‍ സമരം ആരംഭിച്ചത്. മുഴുവന്‍ തൊഴിലാളികള്‍ക്കും 20000രൂപ ബോണസ് നല്‍കണമെന്നതാണ് ആവശ്യം. എന്നാല്‍ ഇവര്‍ നടത്തുന്ന സമരം ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളതാണെന്നാണ്‌തൊഴില്‍വകുപ്പ് അധികൃതരുടെ വാദം.
തൊഴിലാളികളില്‍ കുറച്ചു പേര്‍ മതിയായ ദിവസം ജോലി ചെയ്തിട്ടില്ലാത്തതിനാല്‍ബോണസിന് അര്‍ഹരല്ലെന്നാണ് അവര്‍ പറയുന്നത്. 216 ദിവസത്തിലധികം ഹാജറുള്ളവര്‍ക്ക് മാത്രമേ 20000രൂപ ബോണസിന് അര്‍ഹതയുള്ളുവെന്നും ബാക്കിയുള്ളവര്‍ക്ക് ജോലിചെയ്തതിന് ആനുപാതികമായിട്ട് മാത്രമേ ബോണസ് നല്‍കാന്‍ കഴിയൂവെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഇത് അംഗീകരിക്കാന്‍ കരാറുകരായ ട്രക്ക് ഉടമകളും തയ്യാറാണ്. എന്നാല്‍ തൊഴിലാളി യൂനിയനുകള്‍ തയ്യാറല്ല, 1995മുതല്‍ നല്‍കിവരുന്ന ബോണസായ ഇരുപതിനായിരം രൂപ എല്ലാവര്‍ക്കും കിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പ്ലാന്റില്‍ അടിസ്ഥാന ശമ്പളത്തിനല്ല തൊഴിലാളികള്‍ പണിയെടുക്കുന്നത്.അതിനാല്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്തുവെന്ന് നോക്കണ്ട കാര്യമില്ല. മുഴുവന്‍ സിലിണ്ടറുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് 72 തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ ഹാജര്‍ നില നോക്കി ബോണസ് നിശ്ചയിക്കേണ്ടെന്നും ചെയ്ത ജോലിക്കുള്ള തുകയുടെ ഇരുപത് ശതമാനം ബോണസ് നല്‍കണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
ഇതില്‍ കുറവ് വന്നതോേെടായാണ് ഓണത്തിന് ആരും തുക കൈപറ്റാതെ ദിവസങ്ങള്‍ കഴിഞ്ഞ് സമരത്തിലേക്ക് നീങ്ങിയത്. 306 സിലിണ്ടറുകളുമായി 45 ലോറികളാണ് ദിവസവും പ്ലാന്റില്‍ നിന്ന് പുറപ്പെടുന്നത്. സമരത്തോടെ പ്രതിദിനം 13000ത്തോളം സിലിണ്ടറുകളുടെ വിതരണമാണ് നിലച്ചത്.
ഇന്ന് ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര റിജീണല്‍ ലേബര്‍ കമ്മീഷണറും ഇടപെട്ടേക്കും. അതേ സമയം എല്ലാ വര്‍ഷും ഓണത്തോടനുബന്ധിച്ചുള്ള തൊഴിലാളി പണിമുടക്ക് ഇവിടെ പതിവായിരിക്കുകയാണ്. അധികൃതരുടെയും തൊഴിലാളികളുടേയും പിടിവാശി കാരണം ആയിരക്കണക്കിന് പാചകവാതക ഉപഭോക്താക്കളാണ് വെട്ടിലാകുന്നത്. ഇനിയെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News