2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബൊഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി വീണ്ടും സി.ബി.ഐ

ന്യൂഡല്‍ഹി: ബൊഫോഴ്‌സ് കേസില്‍ 12 വര്‍ഷത്തിനുശേഷം വീണ്ടും പുനരന്വേഷണത്തിന് സാധ്യത തേടി സി.ബി.ഐ. 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കാനുള്ള അനുമതി തേടി സി.ബി.ഐ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്ങിന് കത്ത് നല്‍കി. കേസില്‍ ഉള്‍പ്പെട്ട ഹിന്ദുജ ബ്രദേഴ്‌സ് കമ്പനിക്കെതിരേയുള്ള കുറ്റങ്ങള്‍ റദ്ദാക്കി 2005 മേയ് 31ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുജ കമ്പനിക്കെതിരേയും ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവര്‍ക്കെതിരേയുമുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് 2005ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ആര്‍.എസ് സോധിയാണ് വിധി പ്രഖ്യാപിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ആരോപണമുന നീണ്ട ബൊഫോഴ്‌സ് ആയുധ ഇടപാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അന്വേഷണം അട്ടിമറിക്കുന്നതിന് രാജീവ്ഗാന്ധി നേരിട്ട് ഇടപെട്ടുവെന്ന വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. ഒരു ടെലിവിഷന്‍ ചാനലുമായി നടത്തിയ അഭിമുഖത്തില്‍, ‘മോണ്ട് ബ്ലാങ്ക്’ എന്ന പേരില്‍ സ്വിസ് ബാങ്ക് അക്കൗണ്ട് ഉള്ളതായി താന്‍ കണ്ടെത്തിയ കാര്യം അറിഞ്ഞപ്പോള്‍ രാജീവ്ഗാന്ധി ക്ഷുഭിതനായെന്ന് സ്വകാര്യ ഡിറ്റക്ടീവായി പ്രവര്‍ത്തിച്ചിരുന്ന ഹെര്‍ഷ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ബൊഫോഴ്‌സ് തോക്ക് ഇടപാടില്‍ സമാഹരിച്ച കമ്മിഷന്‍ തുക അത്രയും സ്വിസ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. രഹസ്യമായി നടത്തിയ അന്വേഷണവിവരങ്ങള്‍ രാജീവ്ഗാന്ധി അറിഞ്ഞപ്പോള്‍ അദ്ദേഹം സ്തബ്ധനായെന്നും ഹെര്‍ഷ്മാന്‍ വെളിപ്പെടുത്തി.
1984ലാണ് രാജ്യത്തെ പിടിച്ചുലച്ച ബൊഫോഴ്‌സ് തോക്ക് അഴിമതി നടന്നത്. സ്വീഡന്‍ നിര്‍മിക്കുന്ന ബൊഫോഴ്‌സ് തോക്കുകള്‍ ഇന്ത്യന്‍ കരസേനക്ക് വേണ്ടി വാങ്ങിയ കരാറില്‍ രാജീവ്ഗാന്ധി കമ്മിഷന്‍ പറ്റി എന്നതാണ് കേസ്. കമ്മിഷനായി വാങ്ങിയ 64 കോടി രൂപ പല അക്കൗണ്ടുകളിലായി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു എന്നതായിരുന്നു ആരോപണം.
മോണ്ട് ബ്ലാങ്കിനു പുറമെ ‘ടുലിപ്’ എന്ന പേരിലും അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. സോണിയഗാന്ധിയുടെ ഇറ്റലിയിലെ ഉറ്റബന്ധുവാണ് ഇതിന് ഇടനിലക്കാരനായിരുന്നതെന്നും ആരോപണമുണ്ടായിരുന്നു. കോടികള്‍ മുടക്കി അന്വേഷണം നടത്തിയെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിച്ചുവെങ്കിലും രാജീവ്ഗാന്ധിയെ രക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേസ് പുനരന്വേഷണത്തിന് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.