2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ബൈക്കും ലോറിയും കൂട്ടിയിടിച്ച് കത്തി; രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ഹരിപ്പാട്:ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കോയമ്പത്തൂരില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മാവേലിക്കര തെക്കേക്കര വില്ലേജില്‍ ഉമ്പര്‍നാട് മുറിയില്‍ നാടാവള്ളില്‍ ശിവകുമാറിന്റെ മകന്‍ ശങ്കര്‍കുമാര്‍ (22), ചെങ്ങന്നൂര്‍ മുളക്കുഴ കാരക്കാട് മംഗലത്ത് കിരണ്‍ നിവാസില്‍ എന്‍. ഉണ്ണികൃഷ്ണക്കുറുപ്പ് ഗീതാകുമാരി ദമ്പതികളുടെ മകന്‍ കിരണ്‍ കൃഷ്ണന്‍ (21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് തിരുവനന്തപുരത്ത് നിന്ന് ഗൃഹോപകരണങ്ങളുമായി എറണാകുളത്തേക്കുപോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. പൊള്ളലേറ്റ ശങ്കര്‍കുമാര്‍ സംഭവസ്ഥലത്തുവച്ചും, കിരണ്‍കൃഷ്ണന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോള്‍ ഇന്നലെ രാവിലെ 6.20നായിരുന്നു അപകടം. ലോറി അമിത വേഗതയിലായിരുന്നെന്ന് ദൃസാക്ഷികല്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതിനിടയില്‍ ഹരിപ്പാട് ഗവ.ആശുപത്രിയിലെത്തിച്ച ശങ്കര്‍ കുമാറിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങാതെ ഒരു മണിക്കൂറോളം ആബുലന്‍സില്‍ തന്നെ അനാഥമായി കിടത്തിയെന്നും, അനാദരവ് കാട്ടിയെന്നും പരാതിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തരുണ്‍ കൃഷ്ണനാണ് കിരണ്‍ കൃഷ്ണന്റെ സഹോദരന്‍. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഉണ്ണികൃഷ്ണക്കുറുപ്പ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.