2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ബൈക്കപകടം: മദ്‌റസ അധ്യാപകനടക്കം രണ്ടു പേര്‍ മരിച്ചു

വണ്ടൂര്‍:വെള്ളാമ്പുറത്ത് പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ മദ്‌റസ അധ്യാപകനും കടയുടമയും മരിച്ചു. വെള്ളാമ്പുറം സ്വദേശികളായ തുള്ളിശ്ശേരി അലവി (72), മറ്റത്ത് എം.എസ്.കെ തങ്ങളുടെ മകന്‍ സൈനുല്‍ ആബിദ് തങ്ങള്‍ (23) എന്നിവരാണ് മരിച്ചത്. സുബ്ഹ് നിസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെ വെള്ളാമ്പുറം എ.എല്‍.പി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ഇരുവരും ഒരുമിച്ച് ബൈക്കില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്ന് കരുതുന്നു. നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ വണ്ടൂര്‍ നിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലവി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനുല്‍ ആബിദിനെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലവി വെള്ളാമ്പുറത്ത് പലചരക്ക് കട നടത്തുന്നയാളാണ്. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വണ്ടൂര്‍ വള്ളുവമ്പ്രം യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റും കരുളായി കൊളവട്ടം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനുമാണ്. മാതാവ് സല്‍മത്ത്, സഹോദരങ്ങള്‍ സല്‍മാനുല്‍ ഫാരിസ്, ഷാഹുല്‍ ഹമീദ്, ഫാത്തിമ സഹ്‌ല.
ആസ്യയാണ് അലവിയുടെ ഭാര്യ. അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, ഷിഫിന്‍ സഫാദ്, ശാദിയ ഫര്‍സാന, പരേതനായ മുസാദിക് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഫാത്തിമ, റംലത്ത്, സലീന, സാദിഖ്. അലവിയുടെ മയ്യിത്ത് വെള്ളാമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും സൈനുല്‍ ആബിദിന്റെ മയ്യിത്ത് പോരൂര്‍ എടപ്പുലം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.