2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി

ഫറോക്ക്: ബേപ്പൂരിന് സമീപം പുറംകടലില്‍ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. കൂടെയുണ്ടായിരുന്ന മൂന്നുപേരെ രക്ഷിച്ചു. കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഇമ്മാനുവല്‍ എന്ന മത്സ്യബന്ധനബോട്ടാണ് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ മുങ്ങിയത്. കാണാതായവര്‍ക്കുളള തിരച്ചില്‍ തീരസംരക്ഷണ, നാവികസേനകള്‍ തുടരുകയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് ബോട്ട് മുങ്ങിയ വിവരം കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ കേന്ദ്രത്തില്‍ നിന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കുന്നത്.
തീരസംരക്ഷണ സേനയുടെ കൊച്ചിയില്‍ നിന്നുള്ള ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് മുങ്ങിയത് കണ്ടത്. സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടിലെ ജീവനക്കാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. രാവിലെ വിവരമറിഞ്ഞയുടന്‍ ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് നിന്ന് സി.404 രക്ഷാബോട്ട് ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം സേനാംഗങ്ങളുമായി സംഭവ സ്ഥലത്തേക്ക് കുതിച്ചു. ഇവരാണ് രാത്രി പത്തോടെ രക്ഷപ്പെട്ട തൊഴിലാളികളെ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ബോട്ട് മുങ്ങാനിടയായ കാരണം വ്യക്തമായിട്ടില്ല. വൈപ്പിനില്‍ നിന്ന് രണ്ടുദിവസം മുന്‍പ് മത്സ്യബന്ധനത്തിനു പുറപ്പെട്ട ബോട്ടാണെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചതായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.