2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ബെഹ്‌റ പുറത്ത്, നിര്‍മല്‍ചന്ദ്ര അസ്താന വിജിലന്‍സ് മേധാവി

തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി. ഡോ. നിര്‍മല്‍ ചന്ദ്ര അസ്താനയെ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിയായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം വിജിലന്‍സ് മേധാവിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവില്‍ ഒപ്പിട്ടത്.
1986ലെ ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡി.ജി.പി കേഡര്‍ തസ്തികയിലുള്ള അസ്താന. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ‘ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി’ ചുമതല വഹിക്കുന്നു. 2019 നവംബര്‍ 30 വരെ സര്‍വിസ് കാലാവധിയുണ്ട്. അസ്താനയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കേരളത്തില്‍ വന്ന് പദവി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹിയില്‍ നില്‍ക്കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തസ്തിക സൃഷ്ടിച്ച് അസ്താനയെ കേരള ഹൗസില്‍ നിയമിച്ചത്.
ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഈ രണ്ടു സുപ്രധാന പദവികളില്‍ ഒരേസമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല. പത്തൊമ്പതാം വയസില്‍ ബിരുദാനന്തരബിരുദം നേടിയ, ആണവശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അസ്താന ആഭ്യന്തരസുരക്ഷാവിഭാഗം ഐ.ജി ആയിരിക്കെ കേരളത്തില്‍ ആദ്യമായി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലീഡര്‍ഷിപ് ഫെയിലിയര്‍ ഇന്‍ പൊലിസ്, അള്‍ടിമേറ്റ് ഹാന്‍ഡ്ബുക് ഓഫ് അര്‍ബന്‍ വാര്‍ഫേര്‍, നെക്സ്റ്റ് വാര്‍ ഇന്ത്യ, പാകിസ്താന്‍, ചൈന, മിത് ബസ്റ്റര്‍ എന്നിവയടക്കം 15 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ഡി.ജി.പിമാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലായിരുന്നു. എ.ഡി.ജി.പിമാരെ ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നതിനു കേന്ദ്രത്തിനെ സമീപിച്ചെങ്കിലും പരക്കെ പ്രതിഷേധമുയര്‍ന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.
11 മാസമായി ചട്ടം ലംഘിച്ച് വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഇരിക്കുന്ന ബെഹ്‌റയുടെ ഇരട്ടപ്പദവി കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അസ്താനയിലേക്ക് വീണ്ടും സര്‍ക്കാര്‍ എത്തിയത്. സംസ്ഥാന പൊലിസ് മേധാവിയുടെയും വിജിലന്‍സ് ഡയരക്ടറുടെയും തസ്തികകളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡി.ജി.പിമാരുടെ കേഡര്‍ തസ്തിക. ഡി.ജി.പി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.