2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബൂത്ത്‌ലെവല്‍ ഓഫിസര്‍മാര്‍ വോട്ടേഴ്‌സ് സഌപ്പ് വിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: തെരഞ്ഞെടുപ്പില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്‌ളിപ്പ് വിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വോട്ടു ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പകരമായി ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്‌ളിപ്പ് ഉപയോഗിക്കാമെന്നിരിക്കെ ഇവയുടെ വിതരണം റിട്ടേണിങ് ഓഫിസര്‍മാരോ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരോ അസി. ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരോ നിര്‍വഹിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
വോട്ടര്‍മാരെ തിരിച്ചറിയാനുള്ള ഈ സ്‌ളിപ്പ് നിലവില്‍ വിതരണം ചെയ്യുന്നതിന് ബൂത്ത് ലവല്‍ ഓഫിസര്‍മാരായ അങ്കണന്‍വാടി വര്‍ക്കര്‍മാരാണ്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന സ്‌ളിപ്പുകള്‍ ഉപയോഗിച്ച് കള്ളവോട്ടു ചെയ്യാന്‍ സാധ്യതയേറെയാണ്. നാട്ടിലില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ടു ചെയ്യാന്‍ ഈ സ്‌ളിപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ വോട്ടര്‍കൂടിയായ ഹരജിക്കാരന്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരും ഈ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്‌ളിപ്പ് ഉപയോഗിച്ച് വന്‍തോതില്‍ കള്ളവോട്ടു ചെയ്‌തെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. ബൂത്ത്‌ലവല്‍ ഓഫിസര്‍മാരായ അങ്കണ്‍വാടി വര്‍ക്കര്‍മാരെ സ്വാധീനിച്ച് ഇത്തരം സ്‌ളിപ്പുകള്‍ കൈക്കലാക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് കഴിയും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇത്തരം സ്‌ളിപ്പുകള്‍ ജാഗ്രതയോടെ വിതരണം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.