2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബി.ഡി.ജെ.എസിന്റെ അതൃപ്തി ചെങ്ങന്നൂരില്‍ പ്രതിഫലിക്കുമെന്ന് വെള്ളാപ്പള്ളി

ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് ബി.ഡി.ജെ.എസ് നേതൃത്വം

മുഹമ്മ (ആലപ്പുഴ): എന്‍.ഡി.എയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ അസംതൃപ്തി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി. ചെങ്ങന്നൂരിലെ നിലപാട് 14ന് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സ്വീകരിക്കും. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ എന്‍.ഡി.എ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചതില്‍ ബി.ഡി.ജെ.എസിന് നിര്‍ണായക പങ്കുണ്ട്.
ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരം നടക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകുന്നതാണ് ബി.ജെ.പിക്ക് നല്ലത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പിന്നാക്ക വിരുദ്ധ നിലപാടാണ് കേരളത്തില്‍ എന്‍.ഡി.എ എന്ന സംവിധാനം ഇല്ലാതാക്കുന്നത്. ബി.ജെ.പിക്കാര്‍ക്ക് ഇരുനൂറോളം സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തത് അനീതിയാണ്. മുരളീധരന് രാജ്യസഭാ സീറ്റ് വൈകി വന്ന അംഗീകാരമാണ്. ബി.ജെ.പിയുമായി ഒരു ബന്ധം പോലും ഇല്ലാത്തവര്‍ വരെ എം.പിയായപ്പോള്‍ മുരളീധരനെ മാറ്റി നിര്‍ത്തിയതാണ്.
ബി.ഡി.ജെ.എസും സഖ്യകക്ഷികളും പിന്നാക്ക സംരക്ഷണത്തിനായുള്ള തിരുത്തല്‍ ശക്തികളായി നിലനില്‍ക്കണം. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് കക്ഷത്തിരിക്കുന്നത് കളഞ്ഞ് ഉത്തരത്തിലിരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലിയിരുത്തലാണെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് എന്‍.ഡി.എയെ സമീപിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇതുസംബന്ധിച്ച പ്രചാരണം മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് പതിനാലോളം സ്ഥാനങ്ങള്‍ നല്‍കാമെന്ന എന്‍.ഡി.എയുടെ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും തുഷാര്‍ പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.