2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

ബി.ജെ.പി സര്‍ക്കാരിന് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരം നല്‍കരുത്


ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ ഏത് വിധേനയും ഈ പ്രാവശ്യമെങ്കിലും കേരളത്തില്‍നിന്ന് ഒരു സീറ്റ് നേടിയെടുക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് പരമപ്രധാനമാണ്. അതിന് വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ഫെഡറലിസവും ഭരണഘടനാനുസൃതമായ സംസ്ഥാനങ്ങളുടെ അധികാരങ്ങളും ആ ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി തകര്‍ക്കുന്നതില്‍ അവര്‍ക്ക് യാതൊരു മനഃപ്രയാസവുമില്ല. 

ജനാധിപത്യ ഭരണ സമ്പ്രദായത്തെ നിരാകരിക്കുന്നവര്‍ക്ക് ഫെഡറലിസത്തിന്റെ തകര്‍ച്ചയെക്കുറിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല. ഏത് മാര്‍ഗത്തില്‍ കൂടിയാണെങ്കിലും ഇന്ത്യയില്‍ ഹിന്ദുത്വഭരണം കൊണ്ടുവരിക എന്നതാണ് സംഘ്പരിവാറിന്റെ ആത്യന്തിക ലക്ഷ്യം. അതിന് വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അങ്ങനെ. കീഴാറ്റൂരിലെ വയല്‍ക്കിളികളെയാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അങ്ങനെ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ബി.ജെ.പി സര്‍ക്കാരിന്റെ ഈ അജണ്ട കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അറിഞ്ഞോ അറിയാതെയോ അവസരം ഒരുക്കിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ബി.ജെ.പി സര്‍ക്കാരിന്റെ കേരള ഭരണകാര്യത്തിലുള്ള ഇടപെടലുകള്‍ സമര്‍ഥമായി തടഞ്ഞുവയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍പരാജയമാണ്. കടന്നുകയറ്റത്തിനു ശേഷം ഫെഡറലിസം തകര്‍ക്കുന്നുവെന്നു വിളിച്ച് പറഞ്ഞിട്ടെന്ത്കാര്യം. ഏറ്റവുമൊടുവില്‍ കേരളത്തിന്റെ ഭരണകാര്യത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഇടപെടലാണ് നടന്നിരിക്കുന്നത്. കീഴാറ്റൂരിലെ വയല്‍ കിളികളുമായി കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അദ്ദേഹത്തിന്റെ ഓഫിസില്‍വച്ച് നടത്തിയ ചര്‍ച്ചയെതുടര്‍ന്നു ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ദേശീയപാത അതോറിറ്റിയോട് നിര്‍ദേശിക്കുകയും കേന്ദ്ര വിദഗ്ധസമിതിയുടെ പ0നത്തിനു ശേഷം തുടര്‍ നടപടികളെ പറ്റി ആലോചിക്കാമെന്നു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ വയല്‍ക്കിളികള്‍ എന്താഗ്രഹിച്ചുവോ അത് സാധിച്ചിരിക്കുന്നു. ബി.ജെ.പി അവരുടെ കീഴാറ്റൂര്‍ രാഷ്ട്രീയത്തില്‍ ഒരു പടി കൂടി മുന്നേറുകയും ചെയ്തിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്.
സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിനു കീഴിലുള്ള വയല്‍ക്കിളികളെല്ലാം സി.പി.എം പ്രവര്‍ത്തകരായിരുന്നു. ദേശീയപാത 66 ല്‍ കണ്ണൂരിനും പയ്യന്നൂരിനുമിടയില്‍ നിര്‍ദിഷ്ട കീഴാറ്റൂര്‍ ബൈപാസ് വയല്‍ നികത്തി വേണ്ടെന്നു പറഞ്ഞ് ആദ്യം സമരം ചെയ്തത് സി.പി.എം ആണ്. പിന്നെ എന്തിനാണ് ആനയത്തില്‍നിന്ന് സി.പി.എം പിന്മാറിയത്. അതില്‍ പിന്നീടല്ലേ വയല്‍ക്കിളികള്‍ സമരം ഏറ്റെടുത്തത്. അവസരം മുതലെടുത്ത് സി.പി.എമ്മിന്റെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപ്രസക്തമാക്കുന്ന നടപടികള്‍ കീഴാറ്റൂരിലേത് പോലെ ബി.ജെ.പി സര്‍ക്കാര്‍ എടുക്കുന്നുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടു കൂടിയാണ് സംഭവിക്കുന്നത്.
വയല്‍ നികത്തിക്കൊണ്ടുള്ള ഒരു വികസനം കീഴാറ്റൂരുകാര്‍ക്ക് വേണ്ടെങ്കില്‍ വാശിയോടെ അവരുടെ മേല്‍ എന്തിനാണ് ഈ ‘വികസനം’ അടിച്ചേല്‍പ്പിക്കുന്നത്. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനം വികസനത്തിന് വേണ്ടിയല്ല. കീഴാറ്റൂര്‍ കൊണ്ട് തീരുമോ നാഷനല്‍ ഹൈവേക്കുള്ള സ്ഥലമെടുപ്പ്. സംസ്ഥാനത്തുടനീളം നാഷനല്‍ ഹൈവേ വികസിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ പ്രദേശത്തും തദ്ദേശവാസികളുമായി സര്‍ക്കാര്‍ തര്‍ക്കത്തിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് എന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വിധിവൈപരീത്യമായിരിക്കാം. സി.പി.എം ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് എം.എല്‍.എ ആയ മാന്യദേഹമാണ് അല്‍ഫോന്‍സ് കണ്ണന്താനം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അടിക്കുവാന്‍ ബി.ജെ.പി സര്‍ക്കാര്‍ വടിയായി ഉപയോഗിക്കുന്നത് അതേ കണ്ണന്താനത്തെയാണ്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതും. അധികാരത്തിന്റെ പച്ചപ്പ് തേടി ഏകാന്ത യാത്ര നടത്തുന്ന ഈ ഭാഗ്യാന്വേഷി ബി.ജെ.പി യിലെത്തിയത് സ്വാഭാവികം.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സന്ദര്‍ശിക്കുവാന്‍ നരേന്ദ്രമോദി അയച്ച കേന്ദ്രമന്ത്രിക്കൊപ്പം അല്‍ഫോന്‍സ് കണ്ണന്താനത്തെയും അയച്ചത് ബോധപൂര്‍വമായിരുന്നു. ഇപ്പോഴിതാ സുരേഷ് കീഴാറ്റൂരിനെയും സംഘത്തെയും ഗഡ്കരിക്ക് മുന്‍പില്‍ ആനയിക്കാനുള്ള യോഗവും അല്‍ഫോന്‍സ് കണ്ണന്താനത്തിന് തന്നെ ലഭിച്ചിരിക്കുന്നു. ‘കേരളീയനാണെന്ന് പറയപ്പെടുന്ന’ എന്ന വിശേഷണം മുഖ്യമന്ത്രി കണ്ണന്താനത്തിന് നല്‍കിയത് കൊണ്ടൊന്നും അദ്ദേഹത്തെ ഉപയോഗിച്ച് കേരളത്തെ മര്‍ദിച്ച് കൊണ്ടിരിക്കുന്ന പ്രവണതയില്‍നിന്ന് ബി.ജെ.പി സര്‍ക്കാര്‍ പിന്മാറുമെന്ന് തോന്നുന്നില്ല.
കീഴാറ്റൂരിലെ വയല്‍ നഷ്ടപ്പെടുന്നതിലുള്ള വേവലാതി കൊണ്ടല്ല ഗഡ്കരി വിദഗ്ധ സംഘത്തെ അയച്ച് വിശദപഠനം നടത്താമെന്ന് പറഞ്ഞത്. കര്‍ഷകരില്‍നിന്ന് അവരുടെ ഭൂമി തട്ടിപ്പറിച്ച് കോര്‍പറേറ്റുകള്‍ക്ക് പതിച്ച് നല്‍കിയ ചരിത്രമാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. നിതിന്‍ ഗഡ്കരിയുടെ സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് കഴിഞ്ഞ മാസം കര്‍ഷകര്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ രാജ്യം കണ്ട ഏററവും വലിയ കര്‍ഷക പ്രക്ഷോഭം നടത്തിയത്. നാസിക്കില്‍നിന്ന് പുറപ്പെട്ട ഈ ഐതിഹാസിക മാര്‍ച്ച് മുംബൈയില്‍ എത്തും മുന്‍പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സമര നേതാക്കളുമായി അനുരഞ്ജനത്തിലാവുകയായിരുന്നു. ഗഡ്കരി കീഴാറ്റൂരിന് വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് ആര്‍ക്കും ബോധ്യമാകും. ഓരോരോ കാരണം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാരില്‍ ഇടപെടാന്‍ അവസരം പാര്‍ത്തിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കുതന്ത്രങ്ങളെ മറുതന്ത്രങ്ങള്‍ കൊണ്ട് ചെറുത്ത് തോല്‍പ്പിക്കുകയാണ് വേണ്ടത്. ഫെഡറിലസത്തെ അതിന്റെ സത്തയോടെ കാണുന്നവര്‍ക്ക് മാത്രമേ അതിന്റെ വിലയറിയൂ. അല്ലാത്തവരോട് ഫെഡറലിസത്തിന്റെ തകര്‍ച്ചയെക്കുറിച്ചു വിലപിച്ചിട്ടെന്ത് ഫലം!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.