2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ബി.ജെ.പി കിതച്ചിട്ടും കോണ്‍ഗ്രസ് ഉണരുന്നില്ല

പിണങ്ങോട് അബൂബക്കര്‍ 9847700450

2014 ല്‍ കുതിച്ചുചാടിയ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. അതു വളരെ പിറകിലേയ്ക്കു തള്ളപ്പെട്ടിരിക്കുന്നു. പല ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വി തന്നെ ഉദാഹരണം. അതിഭീകരമായ തോല്‍വികളാണ് ആ പാര്‍ട്ടിക്കുണ്ടായത്. നാലുവര്‍ഷത്തിനിടയില്‍ എട്ടോളം സീറ്റു നഷ്ടപ്പെട്ടു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തിസ്ഗഡ്് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ബി.ജെ.പി നേതാക്കളുടെ ചങ്കിടിപ്പു കൂടുന്നുണ്ട്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 271 സീറ്റ് ഒപ്പിച്ചെടുക്കാനാവില്ലെന്നു ബി.ജെ.പി നേതൃത്വം തന്നെ കരുതുന്നു. അതിനാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പു നേരത്തേ നടത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള നീക്കത്തിലാണിപ്പോള്‍ ആ പാര്‍ട്ടിയെന്നാണു കേള്‍വി.
അമിത്ഷാ തന്ത്രശാലിയായ അധ്യക്ഷനാണെന്നു ബി.ജെ.പി വിശ്വസിക്കുന്നു. എന്തു വിലകുറഞ്ഞ തന്ത്രവും പ്രയോഗിച്ചു ലക്ഷ്യം നേടാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് അവര്‍ക്കറിയാം. അതിന്റെ ഒരാശ്വാസവും അവര്‍ക്കുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പു ഘട്ടത്തില്‍ പാകിസ്താനെ പ്രചാരണായുധമാക്കി വര്‍ഗീയതയ്ക്കു ദേശീയമുഖമുണ്ടാക്കാന്‍ പ്രധാനമന്ത്രിയെ ഉപയോപ്പെടുത്തിയത് അമിത്ഷായുടെ കുടിലതന്ത്രത്തിന്റെ ഉദാഹരണമാണ്.
ഏറെക്കാലം ബി.ജെ.പിയുടെ സഹായികളും ആശ്രിതരുമായിരുന്ന പല ഘടകകക്ഷികളും ഇപ്പോള്‍ ഇടംതിരിഞ്ഞിരിക്കുന്നു. ശിവസേന അതില്‍ പ്രധാനമാണ്. തിക്തത അനുഭവിച്ചറിഞ്ഞ ദളിതരും പിന്നാക്കക്കാരും ബി.ജെ.പിയുടെ വിമര്‍ശനപക്ഷത്ത് അണിചേര്‍ന്നിട്ടുണ്ട്.

ലോകരാഷ്ട്രീയത്തിന്റെ ആശയ ഉറവിടം മതങ്ങളാണെന്ന് ഉറപ്പിച്ചുപറയാം. മതാധിഷ്ടിത രാഷ്ട്രീയത്തിനു ബദലായി രൂപപ്പെട്ട കമ്മ്യൂണിസ്റ്റ്, സോഷിലിസ്റ്റ് ചിന്താധാരകളിലും മതവീക്ഷണം സ്ഥാനം പിടിച്ചു. മനുഷ്യരുടെ വിചാരങ്ങളിലും ധാരണകളിലും മതങ്ങള്‍ക്കു വലിയ തോതില്‍ സ്വാധീനമുണ്ടെന്നാണ് ഇതു കാണിക്കുന്നത്. മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും ഭരണഘടനകളിലും പാര്‍ട്ടികളിലെ നയങ്ങളിലും ക്രിസ്തീയതയുടെ ആശയ സ്വാധീനമുണ്ട്. മധ്യപൗരസ്ത്യ രാഷ്ട്രങ്ങളുള്‍പ്പെടെ അമ്പതിലധികം മുസ്‌ലിം രാജ്യങ്ങളില്‍ ഇസ്‌ലാമികാശയങ്ങള്‍ക്ക് ഇടമുണ്ട്. ഇസ്രാഈലിന്റെ ഭരണഘടനയും പാര്‍ട്ടി നയങ്ങളും സയണിസവുമായി ഇഴകിച്ചേര്‍ന്നതാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സനാതന ധര്‍മങ്ങളില്‍നിന്നുള്ള കടംകൊള്ളലുകള്‍ കടന്നുകൂടിയതു സ്വാഭാവികം. പശുപൂജ, ഭൂമി ആരാധന തുടങ്ങിയ ഹിന്ദുത്വ വിശ്വാസ അടയാളങ്ങള്‍ രാഷ്ട്രീയമുഖമായി അവതരിപ്പിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. നിലവിളക്കും നിറപറയും ആയുധപൂജയും മറ്റൊരു പാഠമല്ല പറഞ്ഞുതരുന്നത്.
മതവുമായി ബന്ധിപ്പിച്ച പ്രാകൃതസമീപനമാണ് ബി.ജെ.പി സ്വീകരിച്ചത്. ഇന്ത്യയുടെ വളര്‍ച്ച ലക്ഷ്യമാക്കുന്നതിനു പകരം ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനും നിലനിര്‍ത്താനുമാണു ഫാഷിസ്റ്റുകള്‍ ശ്രമിച്ചത്. ഘര്‍വാപസി, പശുവിന്റെ പേരിലുള്ള കൊല, വംശീയ ഉന്മൂലനം ഇതൊക്കെ ഈ രാഷ്ട്രീയസമീപനങ്ങളുടെ അനന്തരഫലങ്ങളാണ്.
ഇത്തരം മതാധിഷ്ഠിത രാഷ്ട്രീയത്തിന് ദീര്‍ഘായുസ്സ് ചരിത്രത്തിലില്ലെങ്കിലും അമേരിക്ക, ഇസ്രാഈല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വികസിച്ച അപകടരമായ വലതുപക്ഷ വ്യതിയാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കും. അധികാരം ഉറപ്പിക്കാന്‍ വൈകാരികത ഉപയോഗപ്പെടുത്തുന്ന രീതി ഹിറ്റ്‌ലര്‍ മാത്രമല്ല ഇപ്പോഴും പല യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വവും ഉപയോഗിക്കുന്നുണ്ട്.
വോട്ടര്‍പ്പട്ടികയിലെ ഒരു പേജിനു രണ്ടു നേതാക്കളും റെഡ്ഢി കുടുംബത്തിന്റെ ഖജനാവുകളില്‍നിന്നുള്ള ഫണ്ടൊഴുക്കുമുണ്ടായിട്ടും കര്‍ണാടകയില്‍ ബി.ജെ.പിക്കു കരപിടിക്കാനായില്ല. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ ആയുധത്തിനു മൂര്‍ച്ച കുറഞ്ഞുവരുന്നതായാണു മനസ്സിലാവുന്നത്. ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കു മുന്‍തവണത്തേക്കാള്‍ കുറഞ്ഞ ഏഴായിരം വോട്ടിനു രാഷ്ട്രീയ വിചാര സൂചികയുടെ ഉണര്‍ത്തുപാട്ടുണ്ട്.
കേരളത്തിലെ 20 ല്‍ പത്തു സീറ്റ് പാര്‍ട്ടി ഉറപ്പിക്കണമെന്നത് അമിത്ഷായുടെ അത്യാഗ്രഹമാണ്. ഒ. രാജഗോപാലിന്റെ രണ്ടാംസ്ഥാനം പഴങ്കഥയും പൊളിക്കണക്കുമാണ്. കരുണാകരന്റെ മരണമാണു ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു കാരണമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവം കോണ്‍ഗ്രസിനെ ഉണര്‍ത്താനാണെങ്കില്‍ നല്ലതു തന്നെ. താനുള്‍പ്പടെയുള്ള സഹായികളാണു ഫാഷിസത്തിന്റെ യാത്ര സുഖമാക്കിയതെന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ നേതൃധര്‍മം കാശിക്കുപോയി എന്നു സമ്മതിക്കലാണ്.
ശരത് പവാര്‍, കരുണാകരന്‍, സാങ്മ, ജഗ്ജീവന്‍ റാം, കുറുപ്പയ്യ മൂപ്പനാര്‍, മമതാ ബാനര്‍ജി തുടങ്ങിയ ആര്‍ജവവും ആള്‍ബലവുമുള്ള നേതാക്കളെ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയില്ല. മാണിയെ അകറ്റിയതും വീരേന്ദ്രകുമാറിനെ ഇടതുചേരിയിലെത്തിച്ചതും ഇപ്പോള്‍ ആര്‍.എസ്.പിക്കുണ്ടായ ചാഞ്ചാട്ട മനസ്സും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉണരാനുള്ള മടിയുടെ പരിണിതഫലങ്ങളാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു നേരിടാനുള്ള ഗൃഹപാഠങ്ങള്‍ക്കു കോണ്‍ഗ്രസ്സിപ്പോഴും സജ്ജമായിട്ടില്ലെന്നു വേണം കരുതാന്‍. ഗുജറാത്തിലെ മുതിര്‍ന്ന നേതാവിന്റെ ബി.ജെ.പി പ്രവേശം മറ്റെന്താണ് പറയുന്നത്.

സഭയും സദാചാരവും
കേരളത്തിലെ ക്രിസ്തീയസാന്നിധ്യം സെന്റ് തോമസ്, സെന്റ് ആന്റണിയി എന്നിവരിലൂടെയാണു തുടങ്ങുന്നത്. രണ്ടുപേരും രണ്ടു വിഭാഗത്തെയാണു പരിവര്‍ത്തിപ്പിച്ചത്. സെന്റ് തോമസ് സവര്‍ണരെയും സെന്റ് ആന്റണി അധഃസ്ഥിതിരെയും. രണ്ടുകൂട്ടരുടെയും വിശ്വാസം ത്രിത്വം തന്നെ. നേതൃത്വം പോപ്പിന്റെതും തന്നെ. പക്ഷേ, രണ്ടു സഭാവിശ്വാസികള്‍ക്കിടയിലെയും ഭിത്തി ഇപ്പോഴും മാറിയിട്ടില്ല. പരസ്പര വിവാഹംപോലും അവര്‍ക്കിടയില്‍ നിഷിദ്ധമാണ്.
വിദ്യാഭ്യാസ, കാര്‍ഷിക, ആതുരസേവന രംഗത്ത് ഇരുസഭകളും നല്‍കിയ സംഭാവന നന്ദിയോടെ ഓര്‍ക്കണം. മദര്‍ തെരേസ മാത്രം മതി ക്രിസ്തീയസഭയുടെ കാരുണ്യമുഖം അനാവരണം ചെയ്യാന്‍. എന്നാല്‍, അനേകലക്ഷം സ്ത്രീകളെ മാതൃത്വം അനുഭവിക്കാന്‍ അനുവദിക്കാതെ സ്വകാര്യലൈംഗികതയ്ക്ക് അവസരമൊരുക്കിയ മതവീക്ഷണം പ്രതിസ്ഥാനത്തുണ്ട്. നിര്‍ബന്ധിച്ചും ധനം മോഹിച്ചും മഠങ്ങള്‍ക്കു കൈമാറപ്പെടുന്ന യുവതികള്‍ ലൈംഗികതയ്ക്കു വഴങ്ങേണ്ടിവരുന്നുണ്ടെങ്കില്‍ കുറ്റം ആരുടേതു കൂടിയാണ്.
13 തവണ ബലാല്‍സംഗം ആസ്വാദിച്ച കന്യാസ്ത്രീ പതിനാലാമത്തേതിനു പരാതി പറഞ്ഞുവെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീ നിന്ദയാണെങ്കില്‍ ഈ ഏര്‍പ്പാട് ഒറ്റപ്പെട്ടതല്ലെന്ന യാഥാര്‍ത്ഥ്യമാണത്. പോപ്പിന് തൊട്ടുതാഴെയുള്ള കര്‍ദിനാള്‍വരെ ഇക്കാര്യത്തില്‍ കളവു പറയുന്നു. പരാതി മൂടിവയ്ക്കുന്നു. ലൈംഗികാരോപണമുയര്‍ന്നാല്‍ പുരോഹതിരെ സ്ഥലംമാറ്റി നടപടികളൊഴിവാക്കുന്നു. മഹാപാപം ചെയ്ത പുരോഹിതനു ധ്യാനകേന്ദ്രത്തിന്റെ ചുമതല നല്‍കിയ വാര്‍ത്ത എറണാകുളത്തുനിന്നു കേട്ടിരുന്നു.
മഠത്തിലെ 23 ാം നമ്പര്‍ ഗസ്റ്റ് ഹൗസില്‍ വച്ചു ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണു യുവതിയുടെ പരാതി. ചില വൈദികര്‍ കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ച വാര്‍ത്തയും വന്നു. തങ്ങള്‍ ബലാല്‍സംഗമല്ല ചെയ്തത് വ്യഭിചാരം മാത്രമാണെന്നു പറയാന്‍ നാണമില്ലാത്ത വൈദികരാണു സഭയുടെ സല്‍പ്പേരു കളങ്കപ്പെടുത്തുന്നത്.
ഭൂമിക്കച്ചവടവും ലൈംഗികാരാജത്വവും സഭയുടെ ശയസ്സു തകര്‍ത്തിട്ടുണ്ട്. വിശുദ്ധ പിതാക്കള്‍ മനസ്സുവച്ചാല്‍ മാത്രമേ ഈ ചെളി കഴുകിക്കളയാനാവൂ. ഒരു മതവും മതനേതൃത്വവും ഇപ്പോള്‍ വിയര്‍ക്കുന്നത് ആ മതത്തിന്റെ അധികാരികളുടെ അപഥസഞ്ചാരം കാരണമാണ്. നാട്ടിന്‍പുറത്തെ ഒരു കഥയിങ്ങനെയാണ്. ഒരു പുള്ളിപ്പശു പൊട്ടക്കിണറ്റില്‍ വീണു. നാട്ടുകാര്‍ വടംകെട്ടി പശുവിനെ രക്ഷിക്കാന്‍ കഠിനമായി ശ്രമിച്ചു. കുതറി മാറുന്ന പശുവിനെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞില്ല. ഇതു കണ്ടുനിന്ന ഒരു കാരണവര്‍ ഇങ്ങനെ പറഞ്ഞത്രെ: ‘രക്ഷപ്പെടണമെന്ന വിചാരം കുറച്ചൊക്കെ പുള്ളിപ്പശുവിനും വേണം. അതില്ലെങ്കില്‍ കിണറില്‍ കിടന്നു ചാവട്ടെ.’
രക്ഷപ്പെടാനുള്ള ഉദ്യേശ്യം സഭാനേതൃത്വത്തിനും വേണം. മഠത്തില്‍ ധാരാളം യുവതികള്‍, ഇഷ്ടം പോലെ സമയം, സൗകര്യം, മുന്തിയ ഭക്ഷണം, അവിടെ വ്യഭിചാരം ഒരാചാരമായി നടന്നോട്ടെ എന്നാണെങ്കില്‍ മറ്റൊന്നും പറയാനില്ല.

തായ്‌ലാന്റിലെ ഗുഹ
തായ്‌ലാന്റില്‍ 2018 ജൂണ്‍ 23 നു 12 കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒരാള്‍ ശ്വാസംമുട്ടി മരിച്ചു. സ്വാഭാവിക ഓക്‌സിജന്‍ അളവിന്റെ സാന്നിധ്യം കുറഞ്ഞതാണു കാരണം. 2010 ല്‍ ചിലിയിലെ ഖനിക്കുള്ളില്‍ 33 പേര്‍ കുടുങ്ങി 69 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ ചരിത്രമുണ്ട്. തായ്‌ലാന്റിലെ കുട്ടികളെ നാലുമാസം കൊണ്ടേ രക്ഷപ്പെടുത്താനാവൂ എന്നത് അത്ഭുതകരമായ രീതിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സാധ്യമായിരിക്കുന്നു. രക്ഷാദൗത്യം ഇന്നലെ സമ്പൂര്‍ണ വിജയമായി.
പ്രകൃതിപ്രതിഭാസങ്ങള്‍ മനുഷ്യരുടെ കഴിവിനെയും കഴിവുകേടിനെയും ഓര്‍മിപ്പിക്കുന്നുണ്ട്. തായ്‌ലാന്റ് ഭരണകൂടത്തിന്റെ ഇച്ഛാശക്തിയും ജനതയുടെ പ്രാര്‍ത്ഥനയുമാണിവിടെ വിജയംകണ്ടത്.

കോടതി ഭരണം
ഇന്ത്യയുടെ ഭരണഘടനയും നിയമവ്യവസ്ഥയും രക്ഷിക്കാന്‍ കോടതികള്‍ ജാഗ്രത കാണിക്കുമെന്നതു മാത്രമാണു പ്രതീക്ഷ. ബാബ്‌രി മസ്ജിദ് കേസിലുള്‍പ്പെടെ നീതിപീഠത്തില്‍നിന്നു ലോകം പ്രതീക്ഷിക്കുന്നതു നീതി മാത്രമാണ്. അയല്‍പക്കത്തെ മുന്‍ പ്രധാനമന്ത്രിയും മകളും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പത്തുവര്‍ഷവും ഏഴു വര്‍ഷവും ശിക്ഷിക്കപ്പെട്ടതു നല്ല വാര്‍ത്തയാണ്.
ജപ്പാനിലെ ആത്മീയ() സംഘത്തലവന്‍ ഷോക്കോ അസഹാരയും ആറ് അനുയായികളും വധശിക്ഷയ്ക്കു വിധേയരായെന്ന വാര്‍ത്തയും നല്ലതുതന്നെ. സാമ്പത്തികവും കൊലപാതകങ്ങളുമായ നിരവധി കേസുകളില്‍ പ്രതികളായ വ്യാജസിദ്ധന്മാരും മഠാധിപതികളും സന്യാസിമാരും കനത്ത ശിക്ഷക്ക് വിധേയമാക്കപ്പെടണം. കോടതികളില്‍ മാത്രമാണു പ്രതീക്ഷയും വിശ്വാസവും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.