2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്

 

പട്‌ന: പാര്‍ട്ടി വിരുദ്ധ നടപടിയാരോപിച്ച് ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. ഈ മാസം 15ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.
കഴിഞ്ഞ 26 വര്‍ഷമായി വിശ്വസിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ തന്നെ ആ പാര്‍ട്ടിയിലെ നേതാക്കള്‍ പിന്നില്‍നിന്ന് കുത്തിയതായും അദ്ദേഹം ആരോപിച്ചു. ഏറെനാളായി ബി.ജെ.പിക്കെതിരേ കലാപം ഉയര്‍ത്തി വരുന്ന അദ്ദേഹവുമായി പാര്‍ട്ടി നേതൃത്വം അകലം പാലിച്ചു വരികയായിരുന്നു.
മൂന്ന് തവണ ലോക്‌സഭാംഗമായ കീര്‍ത്തി ബിഹാറിലെ ദര്‍ബംഗ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മുന്‍ബിഹാര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭഗവത് ഝാ ആസാദിന്റെ മകനാണ് കീര്‍ത്തി ആസാദ്.

പ്രധാനമന്ത്രി മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ കാണണമെന്നാവശ്യപ്പെട്ട് പലതവണ സമീപിച്ചിട്ടും അവര്‍ മുഖം തരാന്‍ തയാറായില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി താന്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ചോദിച്ച് നടക്കുകയായിരുന്നു. എന്നാല്‍ തന്നെ കേള്‍ക്കാന്‍ ഇരുവരും തയാറായില്ലെന്ന് കീര്‍ത്തി ആസാദ് ആരോപിച്ചു. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കീര്‍ത്തി ആസാദിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചതാണ് അദ്ദേഹത്തിനെതിരേ നടപടിക്ക് പാര്‍ട്ടി നേതൃത്വം തയാറായത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കം ബി.ജെ.പി സ്വീകരിച്ചിരുന്നെങ്കിലും അവരുമായി യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News