2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബി.ജെ.പിയില്‍ വിശ്വാസ്യത ഇല്ലാതായെന്ന് മനോഹര്‍ പരീക്കറുടെ മകന്‍

പനാജി: ബി.ജെ.പിയോടുള്ള അതൃപ്തി പ്രകടമാക്കി മുന്‍ ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍. പിതാവിന്റെ മരണ ശേഷം ബി.ജെ.പി വേറിട്ട പാതയിലാണെന്ന വിമര്‍ശനമാണ് അദ്ദേഹം ഇന്നലെ ഉന്നയിച്ചത്.
പരീക്കറുടെ കാലത്ത് വിശ്വാസം, പ്രതിബദ്ധത എന്നിവയ്ക്കായിരുന്നു ബി.ജെ.പിയില്‍ പ്രാമുഖ്യം. മാര്‍ച്ച് 17ന് അദ്ദേഹം മരിക്കും വരെ ഇതായിരുന്നു സ്ഥിതിയെങ്കില്‍ പിന്നീട് പാര്‍ട്ടിയുടെ പോക്ക് മറ്റൊരു ദിശയിലാണെന്ന് ഉത്പല്‍ ആരോപിച്ചു.
10 കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തി മാറ്റി ബി.ജെ.പിയില്‍ ചേര്‍ത്ത നടപടിയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പരീക്കറുടെ മരണശേഷം ഉപതെരഞ്ഞെടുപ്പില്‍ ഉത്പലിനെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടെ മറ്റൊരു സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അത്താന്‍സിയോ മോണ്‍സറോട്ട പരാജയപ്പെടുത്തി.
എന്നാല്‍ കഴിഞ്ഞ ദിവസം കാലുമാറിയവരില്‍ ഇദ്ദേഹവും ഉള്‍പ്പെടും. ഇതാണ് ഉത്പലിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ മോണ്‍സെറോട്ടയെ പാര്‍ട്ടിയില്‍ എടുത്തതില്‍ പ്രതികരിക്കേണ്ടത് പ്രവര്‍ത്തകരാണ്. അടുത്ത രണ്ടുവര്‍ഷം മോണ്‍സറോട്ട എവിടെയായിരിക്കുമെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലായിരിക്കുമെന്നും ഉത്പല്‍ പരിഹസിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.