2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ബി.ജെ.പിക്ക് ഭയം; പ്രമുഖര്‍ പ്രചാരണത്തിന്

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രതികൂല സാഹചര്യമാണെന്നു തിരിച്ചറിഞ്ഞതോടെ ഭരണം നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പി. കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ളവയില്‍നിന്ന് എതിര്‍പ്പ് രൂക്ഷമായതു ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനു വലിയ സ്വീകാര്യത ലഭിക്കാന്‍ തുടങ്ങിയതും ഭരണത്തുടര്‍ച്ചയ്ക്കു വിഘാതമായേക്കുമെന്ന ആശങ്കയാണ് ബി.ജെ.പി.
ഇതേതുടര്‍ന്ന് എങ്ങനെയും അധികാരം നിലനിര്‍ത്തുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരടക്കം 40 പ്രമുഖരെയാണ് രംഗത്തിറക്കുന്നത്. ബി.ജെ.പി ഭരണത്തിനെതിരായ വികാരം സംസ്ഥാനത്തു ശക്തമാണ്. ഇതിനെ മറികടക്കണമെങ്കില്‍ ആസൂത്രിതമായ നീക്കം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. മധ്യപ്രദേശില്‍ ബി.ജെ.പി ഭരണത്തിലിരിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. എന്നാല്‍ വ്യാപം അഴിമതി, മാന്‍ഡസോര്‍ പ്രതിഷേധം തുടങ്ങിയവ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇതിനെ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ സജീവമാക്കി നിലനിര്‍ത്തുന്നതു സര്‍ക്കാരിനു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അടക്കമുള്ള ചില നേതാക്കള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബാബുലാല്‍ കഴിഞ്ഞ ദിവസം ഈ ഉദ്യമത്തില്‍നിന്നു പിന്‍വാങ്ങിയിരുന്നു.
ഈ മാസം 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ബുധിനി മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇക്കാര്യം അറിയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഗുണ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗമാണ് സിന്ധ്യ. കമല്‍നാഥാകാട്ടെ ചിന്ദ്‌വാരയില്‍നിന്ന് കഴിഞ്ഞ ഒന്‍പതു തവണ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ മായാവതിയുടെ പാര്‍ട്ടിയും നിര്‍ണായകമായ ശക്തിയാണ്. 230 അംഗ ലോക്‌സഭയില്‍ 32 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് ബി.എസ്.പി നേതൃത്വം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് പ്രദീപ് ആഹിര്‍വാര്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.