2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ബി.ജെ.പിക്ക് ബാധ്യതയായി ശബരിമല സമരം

 

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരത്തിന് ആളില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ ആളൊഴിഞ്ഞ നിലയിലാണ്. കഴിഞ്ഞ മാസം മൂന്നിന് തുടങ്ങിയ സമരം പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുകയാണ്.

പാര്‍ട്ടിയിലെ മുന്‍നിര നേതാക്കന്മാരില്‍ നിന്നുപോലും മതിയായ പിന്തുണ കിട്ടാത്തതും സമരം അവസാനിപ്പിക്കാന്‍ വഴിയില്ലാതായതും ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. മരണംവരെ നിരാഹാരം എന്നുപറഞ്ഞ് തുടങ്ങിയ സമരം ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പദ്മനാഭന്‍ എന്നിവര്‍ മാറിമാറി ഏറ്റെടുത്തെങ്കിലും അവരെല്ലാം സമരം അവസാനിപ്പിച്ച് രക്ഷപ്പെട്ടു. പിന്നീട് സമരം ഏറ്റെടുക്കാന്‍ മുന്‍നിര നേതാക്കന്മാരെ കിട്ടാത്ത സ്ഥിതിയായി. തുടര്‍ന്നാണ് എന്‍. ശിവരാജനും പി.എം വേലായുധനും നിരാഹാരം കിടന്നത്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളത്. ജയില്‍വാസം കഴിഞ്ഞ് കെ. സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും അദ്ദേഹം അതിന് തയാറായില്ല. സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടെങ്കിലും പി.കെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങിയ നേതാക്കളും നിരാഹാരത്തിന് താല്‍പര്യമില്ലെന്നറിയിച്ചു. വി. മുരളീധരന്‍ സമരപ്പന്തലിലെത്തിയെങ്കിലും മുരളീധര പക്ഷത്തുള്ളവരും സമരത്തോട് മുഖംതിരിച്ചു. ശബരിമല കര്‍മസമിതിക്കൊപ്പം സന്നിധാനത്തെ പ്രതിഷേധത്തിന് ബി.ജെ.പി വേണ്ടെന്ന ആര്‍.എസ്.എസ് നിലപാടിനെ തുടര്‍ന്നാണ് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്.

സര്‍ക്കാര്‍ ഒരു ഘട്ടത്തിലും നിലപാടില്‍ അയവുവരുത്താത്തതോടെ സമരം പൊളിഞ്ഞു. ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന 22 വരെ സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.