2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

ബിഹാറില്‍ മരിച്ചുവീഴുന്ന കുട്ടികള്‍


 

മസ്തിഷ്‌കജ്വരം ബാധിച്ച് ഓരോ ദിവസവും ബിഹാറില്‍ കുട്ടികള്‍ മരിച്ചുവീഴുകയാണ്. ഇത്രയധികം മരണമുണ്ടാകാന്‍ കാരണം നിതീഷ് സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ്. കുട്ടികളുടെ മരണം നിതീഷ് സര്‍ക്കാര്‍ ആദ്യത്തില്‍ ഗൗരവത്തിലെടുത്തിരുന്നില്ല. മരിക്കുന്ന കുട്ടികളില്‍ അധികവും ദരിദ്ര ചുറ്റുപാടിലുള്ളവരും ദലിതരുമായതിനാലാണ് സര്‍ക്കാര്‍ കുട്ടികളുടെ മരണത്തില്‍ ഉദാസീനത പുലര്‍ത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 120 കുട്ടികളിലധികം മസ്തിഷ്‌കജ്വര ബാധിതരായി മരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് വിവിധ സംഘനടകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കയാണ്. മുഖ്യമന്ത്രിയുടെ രാജിയാണവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ ബിഹാര്‍ ഭവനു മുന്നില്‍ പ്രകടനം നടത്തുകയുണ്ടായി. അവര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ മുദ്രാവാക്യങ്ങളുയര്‍ത്തി. മനുഷ്യാവകാശ സംഘടനകളടക്കം നിരവധി സംഘടനകള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് (ജെ.ഇ.വി) എന്ന രോഗാണുവാണ് ഈ രോഗത്തിന് കാരണമാകുന്നത്. 1955ല്‍ തമിഴ്‌നാട്ടിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. സമാന വൈറസാണ് ഇപ്പോള്‍ ബിഹാറിലും പടര്‍ന്നുപിടിച്ചിരിക്കുന്നത്. കടുത്ത പനി ബാധിക്കുന്ന കുട്ടികള്‍ അബോധാവസ്ഥയിലേക്ക് വീഴുകയും തുടര്‍ന്ന് മരിക്കുകയുമാണ്. ബിഹാറിലെ മുസഫര്‍പൂരിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 2014ലും ഇവിടെ തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായിരുന്നത്. അന്നു സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കേന്ദ്രസര്‍ക്കാര്‍ ഇവിടെ ഗവേഷണകേന്ദ്രം തുറക്കുമെന്ന് പറഞ്ഞിരുന്നു, നടന്നില്ല. ഇപ്പോഴും അദ്ദേഹം തന്നെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി. അദ്ദേഹം ഈ പ്രാവശ്യവും മുസഫര്‍പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പഴയ വാഗ്ദാനം അദ്ദേഹം ആവര്‍ത്തിക്കുമായിരിക്കും.
രോഗം തടയാനും മെച്ചപ്പെട്ട ചികിത്സ നല്‍കാനും കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍പാണ്ഡെ ഉദ്വേഗപൂര്‍വം അന്വേഷിച്ചത് ഇന്ത്യ-പാക് ക്രിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. അത്ര ആത്മാര്‍ഥതയുണ്ട് ഇവര്‍ക്ക് സംസ്ഥാനത്തെ കുട്ടികള്‍ പനിപിടിച്ച് മരിക്കുന്നതില്‍. 2014ല്‍ മസ്തിഷ്‌കജ്വരം ബാധിച്ച് 139 കുട്ടികള്‍ മരിച്ചപ്പോഴായിരുന്നു ഹര്‍ഷവര്‍ധന്റെ ഗവേഷണകേന്ദ്ര വാഗ്ദാനം. ഇത്തവണ ഇന്നലെവരെ അതിലുമധികം കുട്ടികളാണ് മരിച്ചത്. മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണനക്കെടുക്കുകയാണ്.

ബിഹാറില്‍ സുലഭമായി കാണുന്ന ലിച്ചിപ്പഴങ്ങള്‍ കഴിച്ചാണ് കുട്ടികള്‍ക്ക് വൈറസ് ബാധ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികള്‍ കഴിക്കാനൊന്നും കിട്ടാതെ വരുമ്പോള്‍ ലിച്ചിപ്പഴങ്ങള്‍ ധാരാളമായി കഴിക്കുകയാണ്. പോഷകാഹാരക്കുറവിനാലും നിര്‍ജലീകരണത്താലും അവശരായിത്തീരുന്ന കുട്ടികള്‍ അമിതമായി ലിച്ചിപ്പഴങ്ങള്‍ കഴിക്കുമ്പോള്‍ ഇതിലടങ്ങിയ മെതിലിന്‍ സൈക്ലോ പ്രൊപൈല്‍ ഗ്ലൈസിന്‍ കുട്ടികളുടെ ശരീരത്തില്‍ പ്രവേശിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു. മരിച്ച കുട്ടികളിലധികവും ലിച്ചിപ്പഴം കഴിച്ചവരായിരുന്നു. അഞ്ഞൂറിലധികം കുട്ടികള്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗം ഇത്രത്തോളം ഗുരുതരമാകാനും വ്യാപിക്കാനും കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ തന്നെയാണ്.

കേന്ദ്രത്തില്‍ രണ്ടാം തവണയും അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാരുമായി ഉടക്കിലാണ് ബിഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുനൈറ്റഡ്. കേന്ദ്ര മന്ത്രിസഭയില്‍ സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം മാത്രമേ നല്‍കൂവെന്ന് ബി.ജെ.പി നിലപാട് എടുത്തതോടെയാണ് നിതീഷ് കുമാര്‍ ബി.ജെ.പിയോട് കലഹിക്കാന്‍ തുടങ്ങിയത്. ഒരു മന്ത്രി മാത്രമാണെങ്കില്‍ വേണ്ടെന്നു പറഞ്ഞ നിതീഷ് സംസ്ഥാന മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ സഖ്യകക്ഷിയായ ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനമാണ് നീക്കിവച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം നിരസിക്കുകയും ചെയ്തു. ഇതോടുകൂടി നിതീഷും ബി.ജെ.പിയും അകല്‍ച്ചയുടെ പാതയിലായി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ബിഹാറില്‍ പടര്‍ന്നുപിടിച്ച മസ്തിഷ്‌കജ്വരത്തെ നിയന്ത്രിക്കാനോ മെഡിക്കല്‍ സംഘത്തെ ബിഹാറിലേക്കയക്കുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ വലിയ ഉത്സാഹം കാണിച്ചതുമില്ല. ഇത് നിതീഷ് കുമാറിനെതിരേയുള്ള രോഷപ്രകടനത്തിനാണ് വഴിവച്ചത്. ബി.ജെ.പി ആഗ്രഹിച്ചതും അതായിരുന്നു. ഇതേ തന്ത്രം തന്നെയായിരുന്നു മമതാബാനര്‍ജി സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ബംഗാളിലും അനുവര്‍ത്തിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ മമതാ സര്‍ക്കാരിനെതിരേ ഇളക്കിവിട്ടു.

രണ്ടു സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ആയുധമാക്കുകയായിരുന്നു. രാഷ്ട്രീയ വടംവലിയില്‍ ബിഹാറില്‍ പിഞ്ചുകുട്ടികളും ബംഗാളില്‍ നിര്‍ധനരായ രോഗികളുമാണ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. സര്‍ക്കാരുകളുടെ ധാര്‍മികമായ അധഃപതനത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍തന്നെ നിതീഷ് കുമാര്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മുന്നിട്ടിറങ്ങിയിരുന്നുവെങ്കില്‍ വലിയൊരു പൊതുജന പ്രതിഷേധം അദ്ദേഹത്തിനൊഴിവാക്കാമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ വികാരം ഉണ്ടാക്കാന്‍ മാത്രമേ അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റം ഉപകരിച്ചുള്ളൂ. രാഷ്ട്രീയ പ്രതിയോഗികള്‍ അവരുടെ ബലാബലം പരീക്ഷിക്കേണ്ടത് നിര്‍ധനരായ മനുഷ്യരുടെ ജീവന്‍ കൈയിലെടുത്തുകൊണ്ടാകരുത്.

കേരളത്തില്‍ നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രണ്ട് തവണയും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രോഗവ്യാപനത്തിനെതിരേ പൊരുതിയത്. അന്താരാഷ്ട്ര തലത്തില്‍വരെ പ്രശംസ നേടിയതായിരുന്നു കേരളത്തില്‍ നടന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബിഹാറിലേതുപോലുള്ള, ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണകൂടങ്ങള്‍ക്കു പാഠമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.