2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബിഹാര്‍ വെടിവയ്പ്പ്: എം.എല്‍.സിയുടെ മകന്‍ കീഴടങ്ങി

പട്‌ന: ബിഹാറില്‍ 19കാരനെ വെടിവച്ചുകൊന്ന കേസില്‍ എം.എല്‍.സിയുടെ മകന്‍ കീഴടങ്ങി. ജെ.ഡി.യുവിന്റെ എം.എല്‍.സിയായ മനോരമാ ദേവിയുടെ മകന്‍ റോക്കി യാദവ് ആണ് കീഴടങ്ങിയത്. ഇതിനുപിന്നാലെ എം.എല്‍.സിയെ നിതീഷ്‌കുമാര്‍ പുറത്താക്കി. തന്റെ വാഹനത്തെ മറികടന്നതിനാണ് 19കാരനായ ആദിത്യസച്‌ദേവയെ റോക്കി യാദവ് വെടിവച്ചുകൊന്നത്.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ റോക്കിയെ അറസ്റ്റുചെയ്യാന്‍ പൊലിസ് ശ്രമിച്ചെങ്കിലും പിതാവ് അനുവദിച്ചിരുന്നില്ല. റോക്കിയെ ഒളിവില്‍പോകാന്‍ സഹായിച്ചതിന് പിതാവിനെയും മനോരമാദേവിയുടെ അംഗരക്ഷകനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 14 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് റോക്കി യാദവ് നാടകീയമായി കീഴടങ്ങിയത്.
കുറ്റവാളിക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രസ്താവിച്ചതിനു പിന്നാലെയാണ് കീഴടങ്ങല്‍.
റോക്കി കുറ്റം സമ്മതിച്ചതായും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പൊലിസ് അറിയിച്ചു. എന്നാല്‍ ബുധ്ഗയയിലെ ഫാക്ടറിക്കുസമീപം വച്ച് പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ കീഴടങ്ങിയതാണെന്നും പത്തുലക്ഷം രൂപ വിലവരുന്ന തോക്ക് കണ്ടെടുത്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.