2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബിഷപ്പ് – പൊലിസ് കൊടുക്കല്‍ വാങ്ങല്‍: ജസ്റ്റിസ് കെമാല്‍ പാഷ

 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കേരളാ പൊലിസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ കണ്ട് കേരളം നാണംകെട്ടതായി ജസ്റ്റിസ് ബി. കെമാല്‍ പാഷ. ബിഷപ്പിനെ വൈദ്യപരിശോധനക്ക് വിധേയമാക്കാത്തത് ഈ ബന്ധത്തിന്റെ തെളിവാണ്.
തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്. ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാതെ അങ്ങനെ പറയാന്‍ ഡി.ജി.പിക്ക് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.പ്രാഥമിക തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയെ അറസ്റ്റ്‌ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ഫ്രാങ്കോയുടെ കാര്യത്തില്‍ അത് നടക്കുന്നില്ല. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തത് പൊലിസുമായുള്ള കൊടുക്കല്‍ വാങ്ങലിന് തെളിവാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരപന്തലിലെത്തിയ കെമാല്‍പാഷ ആവശ്യപ്പെട്ടു.
തിരുവസ്ത്രമണിഞ്ഞതിനാല്‍ കന്യാസ്ത്രീകള്‍ പ്രതികരിക്കില്ലെന്ന് കരുതി നിസംഗരാകുകയായിരുന്നു പൊലിസും സര്‍ക്കാരും. അതിന്റെ ഫലമാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് നീതിക്കായുള്ള ഈ സമരം. പൊലിസിന്റെ ഈ നിലപാടിനെതിരേ ജനങ്ങള്‍ പ്രതികരിക്കണം. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനത്തിന് ഇരയാകുന്ന എല്ലാ സ്ത്രീകള്‍ക്കും മാതൃകയാണ്.
കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നതും തെളിവു നശിപ്പിക്കാന്‍ അവസരം നല്‍കുന്നതുമായ നടപടിയാണ് പൊലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന ജനവികാരം സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.