2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബിഷപ്പായാലും എം.എല്‍.എ ആയാലും സ്ത്രീകള്‍ക്ക് നേരെയുള്ള നടപടി ദ്രോഹപരം: എം.എം ഹസ്സന്‍

പാലക്കാട്: ബിഷപ്പിന്റെ കാര്യമായാലും പി കെ ശശി എം എല്‍ എയുടെ പീഡനമായാലും സ്ത്രീകള്‍ക്ക് നേരെയുള്ള പൊലീസ് നടപടി സ്ത്രീദ്രോഹപരമാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ പി സി സിയുടെ ആയിരം വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന പാലക്കാട് ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ കേസ് സഭ അന്വേഷിക്കട്ടെ, ശശിയുടെ കേസ് പാര്‍ട്ടി അന്വേഷിക്കട്ടെ എന്നൊക്കെ പറഞ്ഞാല്‍ ഇവിടുത്തെ നിയമവ്യവസ്ഥ എന്താവും. പി കെ ശശിക്കെതിരായി യുവതി നല്‍കിയ പരാതി പൊലീസിന് കൈമാറാത്തത് അങ്ങേയറ്റം കുറ്റകരമാണ്.
എം എല്‍ എ രാജിവെച്ച് അന്വേഷണത്തെ നേരിടണം. എം എല്‍ എയില്‍ നിന്നും രാജി എഴുതി വാങ്ങാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍ജ്ജവം കാണിക്കണം. പ്രീതിയോ, ഭീതിയോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മന്ത്രി എ കെ ബാലന്‍ ഇപ്പോള്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. പരാതി പൊലീസിന് കൈമാറാതെ നിയമ മന്ത്രി കൂടിയായ ബാലന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത് കുറ്റകരമാണ്. അടിയന്തരമായി പരാതി പൊലീസിന് കൈമാറിയില്ലെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. ഇത് ഗുരതരമായ നിയമപ്രശ്‌നമാണെന്നും ഇതില്‍ നിന്നും തലയൂരാന്‍ പിന്നെ കഴിയില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസമില്ലെന്നതിന്റെ തെളിവാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയപ്പോള്‍ ചുമതല ആരേയും ഏല്‍പ്പിക്കാത്തത്.
സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷം നിലനില്‍ക്കവെ ചുമതല ആരേയും ഏല്‍പ്പിക്കാതെ പോയത് ശരിയായ നടപടിയല്ല. സംസ്ഥാനത്ത് കൂട്ടത്തോടെ ഡാമുകള്‍ തുറന്നുവിട്ടത് മൂലമാണ് ഇത്രയും രൂക്ഷമായ പ്രളയം ഉണ്ടായത്. സര്‍ക്കാര്‍ നിര്‍മ്മിതമായ ദുരന്തമാണിത്. ഇക്കാര്യത്തില്‍ ഇറിഗേഷന്‍ മന്ത്രിയെയും വൈദ്യുതി മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണം. ദുരന്ത സമയത്തും ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണ പരാജയമാണ്.
ഓഖി ദുരന്തം ഉണ്ടായപ്പോള്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ശക്തിപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ജനങ്ങളുടെ സഹകരണം കൊണ്ട് മാത്രമാണ് പുനരധിവാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പുകളിലും സി പി എം രാഷ്ട്രീയം കാണുകയാണ്. അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും ഭൂരിപക്ഷത്തിനും ലഭിച്ചിട്ടില്ല. പുനരധിവാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഏകോപനം ഇല്ലെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. ഇന്ധനവില വര്‍ദ്ധന സര്‍വ്വകാല റെക്കോഡിലാണ്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി എ ഐ സി സി ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന യു ഡി എഫ് ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന ഈ പ്രതിഷേധം വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും എം എം ഹസ്സന്‍ അഭ്യര്‍ത്ഥിച്ചു.
ആയിരം വീട് പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും ആദ്യമായി ബി ആന്റ് ആര്‍ ഡബ്ല്യു എഫ് അഞ്ചുലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ വെച്ച് കൈമാറി. ജില്ലാ പ്രസിഡന്റ് എ രാമസ്വാമി കെ പി സി സി പ്രസിഡന്റിന് ചെക്ക് കൈമാറി. കെ ശങ്കരനാരായണന്‍ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അധ്യക്ഷനായി. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, വി മുഹമ്മദ് കുഞ്ഞി, പി ടി അജയമോഹന്‍, മുന്‍ എം പി വി എസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, വി സി കബീര്‍, എ രാമസ്വാമി, സി ചന്ദ്രന്‍, പ്രൊഫ. കെ എ തുളസി, കെ എ ചന്ദ്രന്‍, പി വി രാജേഷ്, കെ എസ് ബി എ തങ്ങള്‍, കെ ഗോപിനാഥ്, എം ആര്‍ രാമദാസ്, വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News