2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

ബിന്‍ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കി തുടങ്ങി

നിസാര്‍ കലയത്ത്

ജിദ്ദ: പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ തുടങ്ങി. കമ്പനിയിലെ 10,000 തൊഴിലാളികള്‍ക്ക് ആണ് ആദ്യഘട്ടമായി ശമ്പളം നല്‍കുന്നതെന്ന് കമ്പനി വക്താവ് യാസീന്‍ അല്‍ അത്താസ് പറഞ്ഞു.
കമ്പനിയുടെ പുതിയ പ്രൊജക്ടുകള്‍ തുടങ്ങിയതായും കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യാത്രാവിലക്കുകള്‍ നീക്കിയതായും അദ്ദേഹം അറിയിച്ചു. തൊഴില്‍ മന്ത്രാലയവുമായി കമ്പനി സഹകരിച്ചു മുന്നോട്ടുപോവും. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബിന്‍ ലാദന്‍ കമ്പനിയിലെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരുന്നത്. ശമ്പളം ലഭിക്കാത്ത ജോലിക്കാര്‍ക്ക് തൊഴില്‍ തര്‍ക്ക പരിഹാര കമ്മിഷന്‍ ഓഫിസില്‍ നേരിട്ടെത്തി പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടത്.
നേരത്തെ ഈ മാസം തന്നെ ശമ്പളം നല്‍കുമെന്ന് മക്ക മേഖല തൊഴില്‍വകുപ്പ് മേധാവി അബ്ദുല്ല അല്‍ ഉലയാന്‍ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. 15,000ത്തോളം തൊഴിലാളികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് മാറുന്നതിനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കമ്പനിക്കുള്ള മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സേവനവും പുനരാരംഭിച്ചിട്ടുണ്ട്.
സഊദി സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. വേതന കാലതാമസങ്ങള്‍ക്ക് ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നു. കമ്പനി വേതനം ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹാരമാവുമെന്നും യാസീന്‍ അറിയിച്ചു.
69,000 ജോലിക്കാരുടെ ശമ്പള കുടിശ്ശിക കമ്പനി ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടുണ്ട്. ഇവരില്‍ 34,207 പേര്‍ മുഴുവന്‍ ആനുകൂല്യങ്ങളും കൈപ്പറ്റി സ്വദേശത്തേക്ക് തിരിച്ചുപോയി. 7,754 പേരുടെ വിസ ക്യാന്‍സല്‍ ചെയ്‌തെങ്കിലും അവര്‍ രാജ്യം വിട്ടിട്ടില്ല. 15,834 പേര്‍ ഇതിനോടകം മറ്റു കമ്പനികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയിട്ടുണ്ട്.
മക്ക മസ്ജിദുല്‍ ഹറമില്‍ 107 പേര്‍ മരിക്കാനിടയായ ക്രെയിന്‍ ദുരന്തമുണ്ടായതിനെ തുടര്‍ന്ന് സഊദി ഭരണകൂടം ബിന്‍ലാദന്‍ കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്യത്തിന് പുറത്തുപോവുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News