2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

ബിനു മണ്ണിലിറങ്ങി, വിഷരഹിത ഭക്ഷണം കഴിക്കാന്‍

അംജദ്ഖാന്‍ റശീദി

കോടഞ്ചേരി: വിഷരഹിതമായ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹത്തില്‍ മണ്ണിലേക്കിറങ്ങിയവര്‍ എത്രപേരുണ്ടാകും. മറ്റുപല കാരണങ്ങളാല്‍ കൃഷിയിറക്കിയവര്‍ ധാരാളമാണ്. എന്നാല്‍ ഇതുവരെ ഭക്ഷിച്ച പദാര്‍ഥങ്ങളില്‍ നിന്നു മോചനം തേടിയാണ് കോടഞ്ചേരി തെയ്യപ്പാറ പഴമ്പള്ളില്‍ ബിനു പൗലോസ് എന്ന യുവാവ് മണ്ണില്‍ നന്മയുടെ പാഠങ്ങള്‍ തീര്‍ക്കുന്നത്.

കൃഷിയില്‍ മുന്‍പരിചയമില്ലാതെത്തന്നെ പാടത്തേക്കിറങ്ങിങ്ങുകയായിരുന്നു. വിയര്‍പ്പിന്റെ അവസാന തുള്ളിയും ഇറ്റിവീഴുമ്പോഴും മാസങ്ങള്‍ക്കു ശേഷമുള്ള വിളവെടുപ്പിന്റെ കാലത്തെ ഓര്‍ത്ത് സന്തോഷിക്കുകയായിരുന്നു ഈ യുവാവ്. മെഡിക്കല്‍ റെപ്രസന്റേറ്റീവായി 12 വര്‍ഷത്തെ ജീവിതത്തിനു ശേഷമാണ് ബിനു പൗലോസിനു തന്റെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. നേരത്തെ ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ഭക്ഷണങ്ങളെല്ലാം പുറത്തുനിന്നായിരുന്നു. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവാണ് കൃഷിയിലേക്കു തിരിയാന്‍ യുവാവിനെ പ്രേരിപ്പിച്ചത്.
സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. താമസസ്ഥലത്തിനടുത്ത വെള്ളുവയല്‍ പാടശേഖരത്തിലാണ് കൃഷിയുടെ പുതിയ അധ്യായം രചിച്ചുതുടങ്ങിയത്. മുന്‍പരിചയമില്ലാത്തതിനാല്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. പാട്ടത്തിനു സ്ഥലം ലഭിക്കുന്നതിനുള്ള പ്രയാസം മുതല്‍ കൃഷിപ്പണികളില്‍ വരെ തുടര്‍ന്നു.
കോടഞ്ചേരിയിലെ പാടശേഖരങ്ങളായ വെള്ളുവയലിലും പൂളവള്ളിയിലും ഓരോ ഏക്കര്‍ വയലില്‍ നെല്‍കൃഷി ആരംഭിക്കുകയായിരുന്നു. കോടഞ്ചേരി കൃഷിഭവന്റെ സഹായത്തോടെ ജൈവരീതിയില്‍ തന്നെ കൃഷി ചെയ്തു. വിത്ത് സൗജന്യമായി കൃഷിഭവനില്‍ നിന്ന് ലഭിച്ചു. കുമ്മായത്തിന് 75 ശതമാനം സബ്‌സിഡിയും ലഭിച്ചു. കൂടാതെ കൂലിച്ചെലവിനത്തിലും പണം ലഭിച്ചത് കൂടുതല്‍ പ്രോത്സാഹനവുമായി.

കൊയ്ത്ത് തൊഴിലാളികളുടെ സഹായത്തോടെ ചെയ്തും കറ്റ മെതിക്കാന്‍ കോഴിക്കോട് കെയ്‌കോയില്‍ നിന്ന് മെതിയന്ത്രം ഉപയോഗിച്ചും യുവകര്‍ഷകനായി ബിനു മാറുകയായിരുന്നു. കനത്തവെയിലില്‍ രണ്ടാഴ്ചയോളം മെതിയന്ത്രം പ്രവര്‍ത്തിപ്പിച്ച് ഇവിടെയുള്ള നെല്‍കര്‍ഷകര്‍ക്ക് പ്രചോദനവുമായി.
കൂടുതല്‍ യുവാക്കളെ കൃഷിയിലേക്കിറക്കുന്നതില്‍ സ്വപ്നം കാണുന്ന ബിനു പച്ചക്കറി, വാഴ, കപ്പ മുതലായവ കൃഷി ചെയ്തുവരുന്നു. അടുത്തവര്‍ഷം നെല്‍കൃഷി അഞ്ചേക്കറിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഒപ്പം യുവാക്കളെ ജൈവരീതിയിലുള്ള കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പരിശ്രമത്തിലും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.