2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബാറ്ററി നിര്‍മാതാക്കള്‍ക്ക് നികുതി ഇളവ്: കെ.എം.മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

കോട്ടയം: സ്വകാര്യ ബാറ്ററി നിര്‍മാണ യൂനിറ്റിന് നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിനു നഷ്ടമുണ്ടാക്കിയ വിജിലന്‍സ് കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ ചോദ്യം ചെയ്തു. കോട്ടയം വിജലന്‍സ് ഡിവൈ.എസ്.പി അശോക്കുമാറിന്റെ നേതൃത്വത്തില്‍ മൂന്നര മണിക്കൂറോളമാണ് മാണിയെ ചോദ്യം ചെയ്തത്. സെപ്റ്റംബര്‍ 13ന് ഉത്രാടദിനത്തില്‍ നാട്ടകം ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തിയാണ് വിജിലന്‍സ് മാണിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു മുന്നോടിയായി മാണിക്ക് വിജിലന്‍സ് ചോദ്യാവലി നല്‍കിയിരുന്നു.
നികുതിയിളവ് നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കേസ്. എന്നാല്‍ ഇളവു നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന് മാണി മൊഴി നല്‍കി.
നികുതിവകുപ്പ് സെക്രട്ടറിയുടെയും വാണിജ്യനികുതി കമ്മിഷണറുടെയും ശുപാര്‍ശപ്രകാരമാണ് ഇളവു നല്‍കിയതെന്നും വാറ്റ് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ വന്ന പിശക് തിരുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും മാണി മൊഴി നല്‍കിയതായി അറിയുന്നു.
കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിയായ സൂപ്പര്‍ പിഗ്‌മെന്റ്‌സിന് 2015-16 ബജറ്റില്‍ മാണി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്നായിരുന്നു പരാതി.
ഇതുവഴി 1.66 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായതായി കാണിച്ചു പാലാ കിഴതടിയൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പനാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മാണിയെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ബാറ്ററി നിര്‍മാണ യൂനിറ്റ് ഉടമ ബെന്നി എബ്രഹാമാണ് രണ്ടാംപ്രതി. ബാറ്ററികളുടെ നിര്‍മാണത്തിനുള്ള ലെഡ് ഓക്‌സൈഡിന് 12.5 മുതല്‍ 13.5 ശതമാനംവരെ നികുതി ഈടാക്കിക്കൊണ്ടിരിക്കെ 2013 ലെ ബജറ്റില്‍ ബെന്നി എബ്രഹാമിന് നികുതി എട്ടര ശതമാനം കുറവ് വരുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കോഴിക്ക് നികുതിയിളവ് നല്‍കിയതു വഴി ഖജനാവിനു നഷ്ടമുണ്ടാക്കിയെന്ന കേസിലും മാണിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി നല്‍കിയ ഹരജി ഹൈക്കോടി 26ന് പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News