2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ബാബു വിശുദ്ധനല്ല: വിജിലന്‍സ് സ്വത്ത് അനധികൃതം

യു.എച്ച് സിദ്ദീഖ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കം വിജിലന്‍സ് ഉപേക്ഷിക്കുന്നു. കെ. ബാബുവിനെതിരേ തെളിവുണ്ടെന്നും സ്വത്തില്‍ പകുതിയിലേറെ അനധികൃതമാണെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് നിലനില്‍ക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. 

പുതിയ അന്വേഷണ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിന്റെ ബിനാമിയെന്ന് ആരോപണം ഉയര്‍ന്ന ബാബുറാമിനെ ഒഴിവാക്കി വിജിലന്‍സ് ജനുവരി പത്തിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതോടെ കേസില്‍ നിന്ന് കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണ് വിജിലന്‍സ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബാബു നല്‍കിയ പുതിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ നിലപാട്.
വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു. തനിക്കെതിരേ തെളിവുകളൊന്നും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരേ തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് നേരത്തെ വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ കോളുകളല്ലാതെ കെ. ബാബുവിനെയും ബാബുറാമിനെയും ബന്ധിപ്പിക്കാന്‍ മറ്റുതെളിവുകള്‍ ഒന്നുമില്ലെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് 2016 സെപ്റ്റംബര്‍ മൂന്നിനായിരുന്നു കെ. ബാബുവിനെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തുടക്കമിട്ടത്.
ബാബുവിന്റെയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീടുകളില്‍ വ്യാപകമായി റെയ്ഡ് നടത്തിയ വിജിലന്‍സ് സ്വര്‍ണവും പണവും രേഖകളും പിടിച്ചെടുത്തിരുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.