2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബാബരി: സുപ്രിംകോടതിയുടെ ഇടപെടല്‍,മധ്യസ്ഥസമയം വെട്ടിച്ചുരുക്കി

 

കെ.എ സലിം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ ഈ മാസം 18ന് മുന്‍പ് തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥസമിതിക്ക് സുപ്രിംകോടതി നിര്‍ദേശം. മധ്യസ്ഥശ്രമം വിജയിക്കില്ലെന്ന് സമിതി അറിയിച്ചാല്‍ ജൂലൈ 25 മുതല്‍ അതിവേഗത്തില്‍ വിചാരണ ആരംഭിക്കുമെന്നും എല്ലാ ദിവസവും വിചാരണാ നടപടികളുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുസ്‌ലിംപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രിംകോടതിയുടെ അസാധാരണ നടപടി.
മധ്യസ്ഥശ്രമം ഇതുവരെ ഫലം കാണാത്ത സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടുപോകണമെന്ന ഹിന്ദുമഹാസഭ നേതാവും കേസിലെ ആദ്യകാല കക്ഷിയുമായ ഗോപാല്‍സിങ് വിശാരദിന്റെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
നേരത്തെ മധ്യസ്ഥ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതേ ബെഞ്ച് ഓഗസ്റ്റ് 15 വരെ സമയം നല്‍കിയിരുന്നു. അത് തിരുത്തിയാണ് സുപ്രിംകോടതി ഒരാഴ്ചത്തെ സമയം മാത്രമാക്കി ചുരുക്കിയത്. ഇക്കാര്യം സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. ഈയൊരു ഹരജിയുടെ പേരില്‍ മധ്യസ്ഥ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ശരിയല്ലെന്നും രാജീവ് ധവാന്‍ വാദിച്ചു.
എന്നാല്‍, ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന കോടതി, 18ന് മുന്‍പ് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് മധ്യസ്ഥ സമിതിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. എന്താണ് സമിതിയില്‍ നടക്കുന്നത് എന്ന് തങ്ങള്‍ കൂടി അറിയട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേസില്‍ മധ്യസ്ഥനീക്കത്തെ തുടക്കം മുതല്‍ എതിര്‍ത്തുവന്ന കക്ഷിയാണ് ഹിന്ദുമഹാസഭ. മധ്യസ്ഥ സമിതിയെ നിയോഗിക്കാനുള്ള നീക്കത്തെ ഹിന്ദുമഹാസഭ കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.
സുപ്രിംകോടതി തന്നെ മുന്‍കൈയെടുത്താണ് മാര്‍ച്ച് എട്ടിന് റിട്ട. ജസ്റ്റിസ് എഫ്.എം ഖലീഫുല്ലയുടെ അധ്യക്ഷതയില്‍ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീരാം പാന്‍ചു എന്നിവരാണ് സമിതിയംഗങ്ങള്‍. സമിതി ഫൈസാബാദില്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ സമയം ആവശ്യമുള്ളതിനാല്‍ ഓഗസ്റ്റ് 15 വരെ സമയം നേടുകയും ചെയ്തു.
അതിനിടെ ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തിന് ചുറ്റുമുള്ള തര്‍ക്കരഹിത മിച്ചഭൂമി ഉടമസ്ഥര്‍ക്ക് മടക്കി നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് കേസിലെ കക്ഷിയും ഹിന്ദു പണ്ഡിതസഭയുമായ നിര്‍മോഹി അഖാറ രംഗത്തെത്തിയിരുന്നു.
മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് വിശ്വഹിന്ദു പരിഷത്തുള്‍പ്പെടെയുള്ള മറ്റുകക്ഷികളെ ഒഴിവാക്കണമെന്നും ചര്‍ച്ചയില്‍ കേസിലെ ആദ്യകക്ഷികളായ അഖാറയും സുന്നി വഖ്ഫ് ബോര്‍ഡും മാത്രം മതിയെന്നും ആവശ്യപ്പെട്ട് നിര്‍മോഹി അഖാറ സുപ്രിംകോടതിയില്‍ മറ്റൊരു ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ തീരുമാനമുണ്ടായിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡിവൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.

മധ്യസ്ഥ സമിതി
സമ്മര്‍ദത്തിലാകും

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 വരെ നല്‍കിയ സമയം കോടതി പൊടുന്നനെ ഒരാഴ്ചയായി ചുരുക്കിയത് എഫ്.എം ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. മെയ് ഏഴിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സമിതി കൂടുതല്‍ സമയം ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തത്.
ചര്‍ച്ചയുടെ തുടക്കത്തില്‍ ഇരുവിഭാഗങ്ങളും തങ്ങളുടെ വാദം സമിതി മുമ്പാകെ എഴുതി നല്‍കിയിരുന്നു. ശ്രീരാമന്‍ ജനിച്ചത് അവിടെയാണെന്നും അത് മാറ്റാനാവില്ലെന്നുമുള്ള നിലപാടാണ് ഹിന്ദുത്വ കക്ഷികള്‍ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ പള്ളിയായിരുന്നിടം വഖ്ഫ് ഭൂമിയാണെന്നും അത് മറ്റൊരാവശ്യത്തിനായി വിട്ടു നല്‍കാനാവില്ലെന്ന നിലപാട് മുസ്‌ലിംപക്ഷവും സ്വീകരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.