2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ബാബരി മസ്ജിദ് തകര്‍ക്കല്‍: സുപ്രിംകോടതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി എന്നിവര്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയ കേസിന്റെ വിചാരണാ നടപടികള്‍ സംബന്ധിച്ച് സുപ്രിംകോടതി ലഖ്‌നോയിലെ വിചാരണാ കോടതിയുടെ റിപ്പോര്‍ട്ട് ആരാഞ്ഞു. കേസിന്റെ വിചാരണ അടുത്തവര്‍ഷം ഏപ്രിലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വിചാരണ എങ്ങനെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗബെഞ്ചാണ് ലഖ്‌നോവിലെ സെഷന്‍സ് ജഡ്ജി എസ്.കെ യാദവില്‍ നിന്ന് വിശദീകരണം തേടിയത്. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നേരത്തേ ജഡ്ജി എസ്.കെ യാദവിന് യു.പി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നുവെങ്കിലും ബാബരി മസ്ജിദ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തീരുമാനം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത അലഹബാദ് ഹൈക്കോടതി നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികരണവും രണ്ടംഗബെഞ്ച് തേടി.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19നാണ് അദ്വാനിയും ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഗൂഢാലോചനാ കുറ്റം പുനസ്ഥാപിച്ച് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ലഖ്‌നോവിലെ വിചാരണക്കോടതിയില്‍ വാദംകേള്‍ക്കണമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ വിചാണ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ് പൊളിച്ചതു സംബന്ധിച്ച് രണ്ടുകേസുകളാണുള്ളത്. ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കാനായി ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ ഒത്തുകൂടിയ ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ക്കെതിരേയാണ് ഒരുകേസ്. അദ്വാനിയടക്കമുള്ള നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാകുറ്റമാണ് രണ്ടാമത്തെ കേസ്.
ആദ്യത്തെ കേസ് ലഖ്‌നോവിലെ വിചാരണക്കോടതിയിലും ഗൂഢാലോചനാ കേസ് റായ്ബറേലി കോടതിയിലുമായിരുന്നു. ഈ രണ്ടു കേസുകളും ലഖ്‌നോവിലേക്കു മാറ്റി ഒന്നിച്ചു വിചാരണ നടത്താനായിരുന്നു കഴിഞ്ഞവര്‍ഷം സുപ്രിംകോടതി ഉത്തരവിട്ടത്. 25 വര്‍ഷമായി കേസ് ഇഴഞ്ഞുനീങ്ങുന്നതിനാല്‍ രണ്ടു കേസുകളും ലഖ്‌നോ കോടതിയില്‍ അതിവേഗ വിചാരണ നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നായിരുന്നു ഉത്തരവ്. കോടതി വിധി പ്രകാരം അടുത്തവര്‍ഷം ഏപ്രിലില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാവേണ്ടതാണ്. കാലാവധി അവസാനിക്കാന്‍ ഇനി ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ വിചാരണയില്‍ പുരോഗതി ഇല്ലാതിരുന്ന പശ്ചാത്തലത്തിലാണ് സെഷന്‍സ് ജഡ്ജിയോട് സുപ്രിംകോടതി വിശദീകരണം ആരാഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.