2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബാബരി മസ്ജിദ് കേസ് വൈകുന്നതില്‍ സുപ്രിംകോടതിക്ക് അതൃപ്തി

ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തമാക്കിയത് പുനസ്ഥാപിക്കണമെന്ന് സി.ബി.ഐ

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിങ് തുടങ്ങിയ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം പുനസ്ഥാപിക്കണമെന്ന് സി.ബി.ഐ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരായ ഗൂഢാലോചനാക്കുറ്റം പുനസ്ഥാപിച്ചു കേസ് ലഖ്‌നൗവിലെ വിചാരണക്കോടതിയില്‍ വാദംകേള്‍ക്കണമെന്നും സി.ബി.ഐ അറിയിച്ചു.
ഇവര്‍ക്കെതിരായ ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്തു സി.ബി.ഐ സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ ജസ്റ്റിസ് പി.സി.ഘോഷ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പരിഗണിച്ചത്. കേസ് അനന്തമായി നീണ്ടുപോവുന്നതില്‍ സുപ്രിംകോടതി അതൃപ്തി അറിയിച്ചു.
1992 ഡിസംബര്‍ ആറിനു പള്ളി പൊളിച്ചതു സംബന്ധിച്ചു രണ്ടുകേസുകളാണുള്ളത്. ഡിസംബര്‍ ആറിനു പള്ളി തകര്‍ക്കാനായി ഒത്തുകൂടിയ ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ക്കെതിരേയാണ് ഒരുകേസ്. അദ്വാനിയടക്കമുള്ള നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റമാണു രണ്ടാമത്തെ കേസ്. ആദ്യത്തെ കേസ് ലഖ്‌നൗവിലെ വിചാരണക്കോടതിയില്‍ നടന്നുവരികയാണ്.
അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചനാ കേസ് റായ്ബറേലി വിചാരണക്കോടതിയിലാണുള്ളത്. ഈ രണ്ടുകേസുകളും ലഖ്‌നൗവിലേക്കു മാറ്റി ഒന്നിച്ചുവിചാരണനടത്തണമെന്നാണ് സി.ബി.ഐ ഇന്നലെ ആവശ്യപ്പെട്ടത്. 25 വര്‍ഷമായി കേസ് ഇഴഞ്ഞുനീങ്ങുന്നതിനാല്‍ രണ്ടുകേസുകളും ലഖ്‌നൗ കോടതിയിലേക്കു മാറ്റി ഒന്നിച്ചുവിചാരണ നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന നിലപാടാണ് സുപ്രിംകോടതി ഇന്നലെ സ്വീകരിച്ചത്.
എന്നാല്‍ റായ്ബറേലി കോടതിയില്‍ നിലവിലുള്ള കേസിനൊപ്പം ഗൂഢാലോചനാ കേസില്‍ കൂടി വിചാരണ നടന്നാല്‍ മതിയെന്ന നിലപാടാണ് ഇന്നലെ അദ്വാനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ സ്വീകരിച്ചത്. ഒരുലക്ഷത്തോളം വരുന്ന കര്‍സേവകരുമായി അദ്വാനി ഗൂഢാലോചനനടത്തിയെന്നതിന് സി.ബി.ഐയുടെ കൈവശം തെളിവുണ്ടെങ്കില്‍ അവര്‍ ആ കുറ്റം കൂടി റായ്ബറേലി കോടതിയില്‍ നിലവിലുള്ള കേസിലേക്കു ചേര്‍ത്തിക്കൊള്ളട്ടെ- വേണുഗോപാല്‍ പറഞ്ഞു. ഏതുകേസിലും സംസ്ഥാനത്തിന്റെ അറിയിപ്പില്ലാതെ സംയുക്ത വിചാരണ ഉണ്ടാവില്ല. ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സര്‍ക്കാരുകള്‍ മാറിമാറിവന്നു. എന്നാല്‍ അവര്‍ക്കൊക്കെ അങ്ങനെയൊരു അറിയിപ്പ് കൊടുക്കാമായിരുന്നു.
എന്നാല്‍ അങ്ങനെയുണ്ടായില്ല. റായ്ബറേലി കോടതിയിലെ കേസ് ലഖ്‌നൗവിലേക്കു മാറ്റുന്നതു ഭരണഘടനാ ലംഘനമാണ്. ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന് എതിരാവും കേസ് മാറ്റുന്നതെന്നും വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ കേസ് ഉടന്‍ തീര്‍പ്പാവേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ഈ വാദങ്ങള്‍ തള്ളി. കേസ് ലഖ്‌നൗവില്‍ തന്നെ വിചാരണനടക്കണമെന്നും ദിവസവും വാദംകേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി. 25 കൊല്ലമായി ഈ കേസ് ഇഴഞ്ഞുനീങ്ങുകയാണ്.
ഇനിയും ഇങ്ങനെ പോകാന്‍ പറ്റില്ല. തങ്ങളുടെ അധികാരമുപയോഗിച്ചു കേസ് വേഗത്തിലാക്കുകയാണ്. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്ന 142ാം വകുപ്പ് വേണമെങ്കില്‍ ഉപയോഗിക്കുമെന്നും ഒരുഘട്ടത്തില്‍ ജസ്റ്റിസ് പി.സി ഘോഷ് പറഞ്ഞു.
120 പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ എവിടെയും വിചാരണ നേരിടാന്‍ പ്രതികള്‍ തയാറാവണമെന്നു സി.ബി.ഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍.കെ.കൗള്‍ കോടതിയില്‍ പറഞ്ഞു. ഈ സമയം സംയുക്ത വിചാരണക്ക് എന്തെങ്കിലും തടസമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് സാക്ഷികളെ വീണ്ടും വിസ്തരിച്ചു വിചാരണ പുതുതായി തുടങ്ങേണ്ടതുണ്ടെന്നും എന്‍.കെ.കൗള്‍ അറിയിച്ചു. എന്നാല്‍ പുതിയ വിചാരണവേണ്ടെന്നാണ് പരാതിക്കാരനായ ഹാജി മെഹ്ബൂബിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍ വാദിച്ചത്. പുതിയ കുറ്റപത്രത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. തങ്ങള്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് അദ്വാനിയും ജോഷിയും കോടതിയെ അറിയിച്ചു.
ഇന്നലെ ഏറെ നേരം നടന്ന വാദത്തിനൊടുവില്‍ കേസ് വിധിപറയാനായി മാറ്റി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.