
പടിഞ്ഞാറത്തറ: ശക്തമായ കാലവര്‍ഷത്തില്‍ അഞ്ച് ദിവസത്തോളം വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് നശിച്ചത് സജിയുടെ ഒരേക്കര്‍ പൊന്നുവിളയുന്ന കൃഷിയിടവും.
പടിഞ്ഞാറത്തറ തെങ്ങുമുണ്ട മുള്ളങ്കണ്ടി പാലത്തിന് സമീപം പരക്കുന്നേല്‍ സജിയുടെ ഒരേക്കര്‍ കൃഷിയിടമാണ് പൂര്‍ണമായും നശിച്ചത്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് പടിഞ്ഞാറത്തറ ബാണാസുര ഡാം റിസര്‍വോയറിലെ വെള്ളം തുറന്ന് വിട്ടതിനെ തുടര്‍ന്ന് അഞ്ച് ദിവസത്തോളം പൂര്‍ണമായും രണ്ട് ദിവസത്തോളം പകുതിയോളവും വെള്ളം കെട്ടികിടന്നതാണ് കൃഷി വന്‍ തോതില്‍ നശിക്കാന്‍ കാരണമായതെന്നാണ് സജി പറയുന്നത്. കുരുമുളക്, ഇഞ്ചി, കാപ്പി, കമുക്, വാഴ തുടങ്ങി എല്ലാ കൃഷികളും പൂര്‍ണമായും നശിച്ചു. ഇതില്‍ വര്‍ഷത്തില്‍ അര ഏക്കര്‍ കുരുമുളക് കൃഷിയില്‍ നിന്നും എട്ടോ ഒന്‍പതോ ക്വിന്റല്‍ കുരുമുളക് ലഭിക്കാറുണ്ട്. അര ഏക്കര്‍ ഇഞ്ചികൃഷിയും അറുപതില്‍ അധികം ഡബ്ല്യു.എസ്.എഫ് മാനന്തവാടിയില്‍ നിന്നും വാങ്ങിയ മുന്തിയ ഇനം കാപ്പി ചെടികളും മുപ്പതില്‍ അധികം കമുകും നൂറ്റിമുപ്പതില്‍ അധികം വാഴയും പൂര്‍ണമായും നശിച്ചു. ആകെ നൂറ്റി അന്‍പത് വാഴകള്‍ നട്ടതില്‍ 130 വാഴയും പൂര്‍ണമായും നശിക്കുകയും ഏതാണ്ട് 20 എണ്ണം മാത്രമാണ് ബാക്കിയായിട്ടുമുള്ളത്. ഓഗസ്റ്റ് എട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന് എന്നീ നാല് ദിവസങ്ങളില്‍ പൂര്‍ണമായും വെള്ളം കെട്ടികിടക്കുകയും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ പകുതിയോളവും വെള്ളം കെട്ടികിടന്നതാണ് ഇത്തരത്തില്‍ വന്‍ തോതില്‍ കൃഷി നാശം സംഭവിക്കാന്‍ പ്രധാന കാരണം. കൂടാതെ തന്റെ കാര്‍ഷിക ഉപകരണങ്ങളും പൂര്‍ണമായും നഷിച്ചു. അരമീറ്ററോളം ഉയരത്തില്‍ വെള്ളം കെട്ടികിടന്നതിനാല്‍ ബന്ധുവീട്ടിലായിരുന്നു സജിയും കുടുംബവും താമസിച്ചിരുന്നത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ ഉള്‍പ്പടെ വീട്ടിലെ മുഴുവന്‍ വസ്തുക്കളും ഭക്ഷണത്തിനായി സൂക്ഷിച്ച് വെച്ചവയുള്പ്പടെ പൂര്‍ണമായും വെള്ളം കയറിയതിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമായിരുന്നു.
ഇന്നുവരെ ഇത്തരത്തില്‍ കൃഷി നശിച്ചതായി ഓര്‍മയില്‍ പോലുമില്ലെന്നും സജി സുപ്രഭാതത്തോട് പറഞ്ഞു.