2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബാങ്കുകാര്‍ കര്‍ഷകന്റെ വീട് പൂട്ടുപൊളിച്ച് ജപ്തി ചെയ്തു

 

അഞ്ചുകുന്ന് (വയനാട്): വായ്പാ കുടിശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനു കര്‍ഷകന്റെ വീട് കുത്തിത്തുറന്നു ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. പുത്തന്‍വീട് പ്രമോദിന്റെ വീടാണു ജപ്തി ചെയ്തത്. ജപ്തിക്കുശേഷം മറ്റൊരു പൂട്ടിട്ടു പൂട്ടുകയും ചെയ്തു. സര്‍ഫാസി നിയമപ്രകാരമായിരുന്നു ജപ്തി നടപടികള്‍.
കണ്ണില്‍ച്ചോരയില്ലാത്ത ഈ നടപടിയില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ ഇന്നലെ വൈകീട്ടുതന്നെ ഹരിതസേനയുടെ നേതൃത്വത്തില്‍ പ്രമോദിന്റെ വീടും സ്ഥലവും തിരിച്ചുപിടിച്ചു. ബാങ്ക് അധികൃതര്‍ ജപ്തി പൂര്‍ത്തിയാക്കി സ്ഥാപിച്ച ബോര്‍ഡ് എടുത്ത് മാറ്റുകയും അവരിട്ട പൂട്ടു തകര്‍ക്കുകയും ചെയ്തു.
ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്നു വായ്പയെടുത്ത് 15 ലക്ഷം രൂപ കുടിശ്ശികയായ കേസില്‍ കോടതി നിയോഗിച്ച കമ്മിഷനും ബാങ്കധികൃതരും ചേര്‍ന്നാണു ജപ്തി നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കമ്മിഷനും ബാങ്കധികൃതരും എത്തുമ്പോള്‍ പ്രമോദ് സ്ഥലത്തില്ലായിരുന്നു. ഇയാളെ ഫോണിലാണ് ജപ്തി വിവരം അറിയിച്ചത്. തുടര്‍ന്ന് പൂട്ടു തകര്‍ത്ത് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ പൂട്ടിട്ടു മടങ്ങി.

പ്രമോദ് 25 ലക്ഷം രൂപയ്ക്കു നിര്‍മിച്ച 1600 ചതുരശ്രയടി വീട്ടില്‍ 2016 ലാണു താമസം തുടങ്ങിയത്. ബാങ്കില്‍ പണയപ്പെടുത്തിയ 60 സെന്റ് സ്ഥലത്താണു ജപ്തി ചെയ്ത വീട്. 2015 ലാണ് ബിസിനസിനായി 15 ലക്ഷം രൂപ വായ്പയെടുത്തത്. പലതവണകളായി അഞ്ചുലക്ഷം തിരിച്ചടച്ചു.

32,000 രൂപ പ്രതിമാസ തിരിച്ചടവു പ്രകാരം അനുവദിച്ച വായ്പ അതെടുത്ത വര്‍ഷം തന്നെ കുടിശ്ശികയായിരുന്നു. കേസുണ്ടായതോടെ ഒത്തുതീര്‍പ്പിന് പല ശ്രമങ്ങളും നടത്തിയെങ്കിലും തുക ഒന്നിച്ച് അടയ്ക്കണമെന്ന ബാങ്കിന്റെ പിടിവാശി കര്‍ഷകനെ വെട്ടിലാക്കി.

ഇതിനിടെ, പ്രമോദിന്റെ അപ്പീല്‍ ഹരജിയില്‍ മൂന്നു ഘട്ടമായി പണം തിരിച്ചടയ്ക്കാന്‍ ഹൈക്കോടതി സാവകാശം നല്‍കി. എന്നാല്‍, സാമ്പത്തിക ബാധ്യത കാരണം തിരിച്ചടവു മുടങ്ങി. ഇതിനുശേഷവും ഒത്തുതീര്‍പ്പു ശ്രമം നടത്തിയെങ്കിലും ബാങ്ക് ജപ്തി നടപടിയില്‍ ഉറച്ചുനിന്നു. സര്‍ഫാസി നിയമപ്രകാരം വയനാട്ടില്‍ നിയമ നടപടി തുടരുന്നതു നൂറ് കണക്കിന് കര്‍ഷകരെയാണ് ദുരിതത്തിലാക്കിയിട്ടുള്ളത്. അതിനിടെ, ആളില്ലാത്ത നേരത്ത് ജപ്തിയുടെ പേരില്‍ കര്‍ഷകന്റെ വീട് കുത്തിത്തുറന്ന ബാങ്ക് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഹരിതസേന അറിയിച്ചു.

മൊറട്ടോറിയംനിലനില്‍ക്കേ
ജപ്തിയെന്ന് ആരോപണം

കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനില്‍ക്കേയാണ് ബാങ്ക് കര്‍ഷകന്റെ വീട് ജപ്തി ചെയ്തതെന്ന് ആരോപണമുയര്‍ന്നു. കര്‍ഷക ആത്മഹത്യ വര്‍ധിച്ചതിനാല്‍ ആശ്വാസ പദ്ധതികള്‍ പ്രകാരം 2018 ഒക്‌ടോബറിലാണ് കര്‍ഷകരുടെ കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് അഞ്ചിനു ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ ഉത്തരവിന് 2019 ഡിസംബര്‍ 31 വരെ പ്രാബല്യവും നല്‍കി. ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെ കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങി വിവിധ വായ്പകളിലെ ജപ്തി നടപടികള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.

നടപടി തുടങ്ങിയത് മൊറട്ടോറിയത്തിനു മുന്‍പെന്ന് ബാങ്ക് അധികൃതര്‍

സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത് 2018ലാണെന്നും പ്രമോദിനെതിരേ വായ്പാ കുടിശിക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ 2015ല്‍ തന്നെ നടപടികള്‍ തുടങ്ങിയിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.