2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ബാംഗ്ലൂരിനു ഒറ്റ റണ്‍ ജയം

മൊഹാലി: അവസാന പന്തു വരെ വിജയം രണ്ടു ഭാഗത്തേക്കും മാറിമറിഞ്ഞ ത്രില്ലര്‍ പോരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു ഒറ്റ റണ്ണിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ 17 റണ്‍സ് വേണ്ട സ്ഥാനത്ത് പഞ്ചാബിനു 15 റണ്‍സേ നേടാന്‍ സാധിച്ചുള്ളു. നായകന്‍ മുരളി വിജയ് 57 പന്തില്‍ 89 റണ്‍സെടുത്തു മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റത്ത് മാര്‍ക്കസ് സ്റ്റോയിനിസ് 22 പന്തില്‍ 34 റണ്‍സെടുത്തു. ബാംഗ്ലൂരിനായി ഷെയ്ന്‍ വാട്‌സന്‍, ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി പഞ്ചാബ് നായകന്‍ മുരളി വിജയ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന ഓപണിങ് സഖ്യം ബാംഗ്ലൂരിനു മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്നു ഏഴോവറില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏഴാം ഓവര്‍ എറിയാനെത്തിയ കെ.സി കരിയപ്പ പഞ്ചാബിനു ബ്രെയ്്ക്ക്ത്രൂ നല്‍കി. ഈ ഓവറിന്റെ മൂന്നാം പന്തില്‍ രാഹുലിനേയും അഞ്ചാം പന്തില്‍ കോഹ്‌ലിയേയും പുറത്താക്കി കരിയപ്പ ആഞ്ഞടിച്ചു. തൊട്ടടുത്ത ഓവറില്‍ വാട്‌സനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കിയതോടെ ബാംഗ്ലൂര്‍ പരുങ്ങി. എന്നാല്‍ എ.ബി ഡിവില്ല്യേഴ്‌സ് മലയാളി താരം സച്ചിന്‍ ബേബിയെ കൂട്ടുപിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ബാംഗ്ലൂരിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഡിവില്ല്യേഴ്‌സ് 35 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും പറത്തി 64 റണ്‍സെടുത്തു. സച്ചിന്‍ ബേബി 29 പന്തില്‍ 33 റണ്‍സ് കണ്ടെത്തി.
പഞ്ചാബിനായി കരിയപ്പ, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.