2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്‌റൈനെ ജി.സി.സി രാഷ്ട്രങ്ങളുടെ സൈബര്‍ സെക്യൂരിറ്റി ഹബ് ആക്കാന്‍ ആലോചിക്കുന്നു

സി.എഛ്.ആര്‍ കൊമ്പംകല്ല്

മനാമ: ജി.സി.സി രാഷ്ട്രങ്ങളുടെ സൈബര്‍ സാങ്കേതികവിദ്യയുടെയും സെക്യൂരിറ്റിയുടെയും ഹബ് ആയി ബഹ്‌റൈനെ മാറ്റാന്‍ അധികൃതര്‍ ആലോചിക്കുന്നു. തുടര്‍ന്ന് ബഹ്‌റൈനില്‍ തുടങ്ങുന്ന പദ്ധതി എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോബന്‍ ഗ്രൂപ്പ് ‘സെന്റര്‍ ഓഫ് എക്‌സലെന്‍സ്’ ആയി ബഹ്‌റൈനെ തെരഞ്ഞെടുത്തതോടെയാണ്  ബന്ധപ്പെട്ടവര്‍ ഇതേ കുറിച്ച് ആലോചിക്കുന്നതെന്ന് വോബന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മിച്ച് സ്‌ഷെറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയൊരു പങ്കു വഹിക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ നിരവധി ജോലി സാധ്യതകള്‍ക്കും വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ സൈബര്‍ സാങ്കേതിക വിദ്യകളിലും സൈബര്‍ സെക്യൂരിറ്റിയിലും വിദഗ്ധരായ 23 പ്രമുഖ കമ്പനികള്‍ തങ്ങളുടെ പ്രതിനിധികളെ ബഹ്‌റൈനിലേക്ക് അയയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാകുന്നതോടെ കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് സൈബര്‍ കുറ്റവാളികളില്‍ നിന്ന് രക്ഷ നേടാനാകുമെന്ന് വോബന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മിച്ച് സ്‌ഷെര്‍ പറഞ്ഞു. കൂടാതെ സഊദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൈബര്‍ സെക്യൂരിറ്റിക്കായി ബഹ്‌റൈനിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ബഹ്‌റൈനാണ് ഏറ്റവും അനുയോജ്യമായ ഇടമെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇടത്തരം കമ്പനികള്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യ സ്വീകാര്യമായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.