2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്‌റൈനില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍, ഫാസിസത്തിന്റെ ഉന്മൂലനത്തിന് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക. : അഡ്വ. ഫൈസല്‍ ബാബു

ഉബൈദുല്ല റഹ് മാനി ബഹ്‌റൈന്‍

മനാമ: ഇന്ത്യാ മഹാ രാജ്യത്തിന്റെ മഹത്വവും സംസ്‌കാരവും നശിപ്പിക്കുന്ന ഫാസിസത്തെ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്യാനായി രാഹുല്‍ഗാന്ധിയുടെ കരണങ്ങള്‍ക്ക് നാം ശക്തിപകരണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു ബഹ്‌റൈനില്‍ ആഹ്വാനം ചെയ്തു. ബഹ്‌റൈന്‍ കെ. സി. എ. ഹാളില്‍ വെച്ചു നടന്ന യുഡിഎഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2019 ലെ തെരെഞ്ഞെടുപ്പ് ഇന്ത്യ നില നിലനില്‍ക്കണോ എന്ന ചോദ്യചിഹ്നവുമായാണ് നമ്മുടെ മുമ്പില്‍ നിലകൊള്ളുന്നത്. ഫാസിസം അടക്കിവാണ ദുരന്തങ്ങളുടെ അഞ്ചു വര്‍ഷം നമ്മുടെ ഓര്‍മ്മയില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്, രാജ്യത്തിന്റെ പ്രതീക്ഷയായ ഇന്ത്യയുടെ ധീരനായ പുത്രന്‍ രാഹുല്‍ ഗാന്ധിയുടെ മുഖം അതോടൊപ്പം നമ്മുടെ മുമ്പില്‍ തെളിയേണ്ടതുമുണ്ട്. അദ്ദേഹം പറഞ്ഞു.

സഹസ്രാബ്ദങ്ങളുടെ സംസ്‌കാരമുള്ള സുന്ദരമായ ഒരാശയം ഉയിര്‍കൊള്ളുന്ന നമ്മുടെ ഭാരതം ഇനിയും ജാതിയുടെ പേരില്‍ മതത്തിന്റെ പേരില്‍, ഭാഷയുടെ പേരില്‍ വര്‍ഗത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍ വെട്ടി നുറുക്കപ്പെടാന്‍ പാടില്ല. 117 കോടി ജനങ്ങളുടെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു മതത്തിന്റെ പേര് വിളിച്ചു അഭിസംബോധനം ചെയ്യുന്ന തലത്തിലേക്ക് നമ്മുടെ ഭാരതം മാറിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നൊരു മാറ്റം അനിവാര്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെല്‍ഫി എടുക്കാന്‍ വരുന്നവരെ കടക്കൂ പുറത്ത് എന്ന അഹങ്കാരത്തിന്റെ ധാര്‍ഷ്ട്യത്തിന് മറുപടി പറയാനും, യൗവന കാലത്തില്‍ തന്നെ അരിഞ്ഞു വീഴ്ത്തപ്പെടുന്ന അക്രമ രാഷ്ട്രീയത്തിന് മറുപടി പറയാനും ഈ തിരഞ്ഞെടുപ്പ് നമ്മള്‍ ഉപയോഗിക്കേണ്ടതുണ്ട്. എ കെ ജി സെന്ററില്‍ നിന്നും, മാരാര്‍ ഭവനിലേക്കുള്ള ദൂരം വളരെ ലോലിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌കൊണ്ട് ഇരു സര്‍ക്കാറുകള്‍ക്കുമെതിരെയുമുള്ള ഒരു വിധിയെഴുത്തായി കേരളത്തിലെ ഇരുപത് മണ്ഡലങ്ങളും യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

ചടങ്ങ് കെ.എം.സി.സി. മുന്‍ പ്രസിഡന്റ് സി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ യു. ഡി. എഫ്. ചെയര്‍മാന്‍ രാജു കല്ലുമ്പുറം അധ്യക്ഷനായിരുന്നു.
ബിനു കുന്ദംദാനം, കുട്ടൂസ മുണ്ടേരി, ഹബീബ് റഹ്മാന്‍, കെ.സി. ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍നേര്‍ന്നു. യു.ഡി.എഫ്. കണ്‍വീനര്‍ എസ്. വി. ജലീല്‍ സ്വാഗതവും അസൈനാര്‍ കളത്തിങ്കല്‍ നന്ദിയും പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News