
മനാമ: ബഹ്റൈനിലെ ടൂറിസം മേഖലയുടെ വികസനത്തില്‍ സുപ്രധാന കാല്‍വെപ്പായ മുഹറഖ് പേള്‍ ട്രെയില്‍ പ്രോജക്ട് 2018ല്‍ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുഹറഖ് പ്രവിശ്യയെ ഇസ്ലാമിക് സാംസ്കാരികതയുടെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ ഇത് തയാറാകുന്നുവെന്നത് യാദൃശ്ചികമാണെങ്കിലും ഇത് രണ്ടും ഒത്തുചേരുന്ന അവസരത്തെയാണ് മുഹറഖ് കൗണ്‍സില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അറിയിപ്പില്‍ വിശദീകരിക്കുന്നു.
മുഹറഖ് ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന 3.5 കിലോമീറ്റര്‍ നീളമുള്ള ട്രെയിലില്‍ 1930 വരെ കടലില്‍ ഊളിയിട്ട് മുത്തുകള്‍ പെറുക്കുന്നവരാണ് താമസിച്ചിരുന്നത്. ഈ വ്യവസായം ജപ്പാനില്‍ ആരംഭിച്ചതോടെ ബഹ്റൈനിലെ ഈ പ്രദേശത്തെ കച്ചവടം അവസാനിക്കുകയായിരുന്നു. 2000 ബീ.സി മുതല്‍ക്കെ തന്നെ ബഹ്റൈനില്‍ ഈ വ്യവസായം നിലനിന്നിരുന്നതായാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പുനരുദ്ധാരണമാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമായും നടക്കുന്നത്.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്യൂറ്റീസ് (ബി.എ.സി.എ) പ്രസിഡണ്ട് ഷെയ്ഖ ബിന്ത് മുഹമ്മദ് അല്‍ ഖലീഫയും, മുനിസിപ്പാലിറ്റിസ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മിനിസ്റ്റര്‍ എസ്സാം ബിന്‍ അബ്ദുള്ള ഖലാഫും നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അറബ് റീജ്യനല്‍ സെന്റര്‍ ഫോര്‍ വേള്‍ഡ് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. മൗനിര്‍ ബൗച്ചനാക്കിയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.