2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ബഹ്‌റൈനില്‍ കേരളീയ സമാജം ഈദ്-ഓണം ആഘോഷ പരിപാടികള്‍ ചൊവ്വാഴ്ച മുതല്‍

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ ഈദ് ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 21 മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

‘ശ്രാവണം2018’ എന്ന പേരിലുള്ള പരിപാടിയുടെ വിജയത്തിനായി നൂറിലധികം അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി യാണ് രൂപീകരിച്ചിരിക്കുന്നതെന്നും പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ആക്ടിംഗ് പ്രസിഡണ്ട് ദിലീഷ് കുമാര്‍ വി എസ്, ജനറല്‍ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ് മോഹന്‍രാജ്, ഈദ്, ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നത്.

ആഗസ്റ്റ് 21 മുതല്‍ വിവിധ മല്‍സരങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ വടംവലി, പൂക്കള മല്‍സരം. ഒപ്പന മല്‍സരം, കബഡി കളി, പായസ മല്‍സരം, ഓണപുടവ മല്‍സരം, തിരുവാതിര മല്‍സരം, സിനിമാറ്റിക്ക് ഡാന്‍സ് മല്‍സരം തുടങ്ങി നിരവധി മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം മെംബര്‍മാരല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സമാജം അവസരമൊരുക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റത്തിനു ശേഷം വൈവിധ്യമാര്‍ ന്ന പരിപാടികള്‍ നടക്കും. കേരളത്തില്‍ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകനും അധ്യാപകനുമായ പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന മഹാസാഗരമെന്ന നാടകം 21ന് അവതരിപ്പിക്കും. 22ന് നാടന്‍ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്ന ഓണപലഹാര മേളക്ക് സമാജം വനിതാ വിഭാഗം നേതൃത്വം നല്‍കും.

സമാജം ചില്‍ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ഫഌഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹറെനിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

23ന് കായികമത്സര ഇനമായ കബഡി മത്സരവും വൈകുന്നേരം പ്രശസ്ത സിനിമാ പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഈദ് സ്‌പെഷല്‍ ഗാനമേളയും ഉണ്ടായിരിക്കും.

24ന് പായസ മത്സരം, വടംവലി മത്സരം, പഞ്ചഗുസ്തി മത്സരം ,വിവിധങ്ങളായ ഓണക്കളികള്‍ തുടങ്ങിയ ഉണ്ടായിരിക്കും. തിരുവോണ ദിവസമായ 25ന് ബഹ്‌റൈനിലെ പ്രശസ്തരായ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്ത -നൃത്യങ്ങള്‍ ഉണ്ടായിരിക്കും തുടര്‍ന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്‌കിറ്റുകളും അരങ്ങേറും. 30ന് ചില്‍ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീന്‍ മത്സരവും, ഒപ്പന മത്സരവും നടക്കും.

31ന് ഘോഷയാത്ര മത്സരവും ബഹ്‌റൈനിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയില്‍ വ്യക്തികളും സമാജം കമ്മിറ്റികള്‍, ബഹ്‌റൈനിലെ വിവിധ കലാ സാംസ്‌ക്കാരിക സംഘടനകളാണ് പങ്കെടുക്കുക.

സെപ്തംബര്‍ ഒന്നിന് സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകള്‍ നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്‌റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും. രണ്ടിന് സംഘഗാന മത്സരവും തുടര്‍ന്ന് ഫ്യുഷന്‍ ഡാന്‍സും മറ്റു നൃത്തപരിപാടികളും നടക്കും.

സെപ്തംബര്‍ 14 വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 5000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഉള്ള ഓണസദ്യ കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

മല്‍സര ഇനങ്ങളെ കുറിച്ച് വിശദ വിവരങ്ങളറിയാനും രജിസ്റ്റര്‍ ചെയ്യാനും സംഘാടകരായ എന്‍.കെ. വീരമണി (36421369), ഹരി കൃഷ്ണന്‍ (66759824), ഓണപ്പുടവ മത്സരം സുവിത രാകേഷ് (33362419), പായസമത്സരം രാകേഷ് രാജപ്പന്‍(39166184), പൂക്കള മത്സരം ബിനു കരുണാകരന്‍ (36222524), തിരുവാതിര മത്സരം അനു അനില്‍ (39089371), പലഹാര മേള, തീറ്റ മത്സരം മോഹിനി തോമസ്(39804013), ശശിധരന്‍ (39890640), ഒപ്പന മത്സരം സജ്‌ന നൗഷാദ് (37793914), സിനിമാറ്റിക് ഡാന്‍സ് മത്സരം ഉമ ഉദയന്‍ (36442356) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.