2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബഹ്‌റൈനില്‍ കെ.എം.സി.സിയുടെ 25മത് രക്തദാന ക്യാന്പ് ‘ജീവസ്പര്‍ശം’ ഇന്ന്

വാഹന സൗകര്യം ആവശ്യമുള്ളവര്‍ ബന്ധപ്പെടണം

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്‌റൈനില്‍ കെ.എം.സി.സി സംഘടിപ്പിച്ചു വരുന്ന രക്ത ദാന കാന്പ് 25 ക്യാന്പുകള്‍ പിന്നിടുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ചു വരുന്ന ‘ജീവസ്പര്‍ശം’ രക്തദാന കാന്പിന്റെ 25ാം ഘട്ടം  ഇന്ന് (ആഗസ്റ്റ് 10ന് വെള്ളിയാഴ്ച) സല്‍മാനിയ മെ!ഡിക്കല്‍ സെന്ററില്‍ വെച്ചു നടക്കുമെന്നും ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘടാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെയാണ് രക്തദാന ക്യാമ്പ് നടക്കുക.

ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാന്പ് നടക്കുന്നതെന്നും ക്യാമ്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. സമൂഹ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെ എം സി സി നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത .ഇതിലൂടെ പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .പ്രവാസികളായ മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുള്‍പ്പടെ പാകിസ്ഥാന്‍ ,ബംഗഌദേശ് ,ഫിലിപ്പിന്‍സ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട് .

രോഗം ,അപകടം തുടങ്ങിയ കാരണങ്ങളാല്‍ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളില്‍ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ധേശിക്കുന്നത് .കഴിഞ്ഞ ക്യാംപുകളില്‍ ഇതിനകം മൂവായിരത്തിലധികം പേരാണ് കെ എം സി സി യുടെ ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത് .കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി ംംം.ഷലല്മുെമൃവെമാ.രീാ എന്ന വെബ് സൈറ്റും ജീവസ്പര്‍ശം എന്നപേരില്‍ പ്രത്യേകം ആപ്പും ആരംഭിച്ചിട്ടുണ്ട് .

ബഹറൈനില്‍ ,രക്തദാനത്തിന്റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തിക്കുവാനായി വളരെ വിപുലമായ രീതിയില്‍ വിവര ശേഖരണം നടത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കെ എം സി സി മാത്രമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ എം സി സിക്ക് ലഭിച്ചിട്ടുണ്ട്.

നിര്‍ദ്ധനരായ ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്കായി പ്രവാസി ബൈത്തുറഹ്മ ,ജീവജലം കുടിവെള്ള പദ്ധതി ,തണല്‍ ഭവന പദ്ധതി ,സമൂഹ വിവാഹം ,അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി ,ശിഹാബ് തങ്ങള്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി ,റിലീഫ് സെല്‍,വിദ്യാഭ്യാസ സഹായങ്ങള്‍ ,മയ്യിത്ത് പരിപാലന സേവനങ്ങള്‍,ബിസിനസ് മീറ്റുകള്‍ ,ഈദ് സംഗമങ്ങള്‍ ,ദേശീയദിനാഘോഷ പരിപാടികള്‍ തുടങ്ങി വിവിധങ്ങളായ സേവന ഇതര പ്രവര്‍ത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്‌റൈന്‍ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

കെ എം സി സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ് വി ജലീല്‍ ,ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ,ക്യാമ്പ് ചെയര്‍മാന്‍ കെ.കെ.സി.മുനീര്‍ ,ജനറല്‍ കണ്‍വീനര്‍ കെ.പി.മുസ്തഫ, ജോയ് ആലുക്കാസ് കണ്‍ട്രി മാനേജര്‍ വിനോദ് , ഭാരവാഹികളായ ,സലാം മമ്പാട്ടുമൂല ,ഒ .കെ.കാസ്സിം,സൂപ്പി ജീലാനി ,മീഡിയ കോഡിനേറ്റര്‍ തേവലക്കര ബാദുഷ എന്നിവര്‍ പങ്കെടുത്തു.

ക്യാന്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0097333226943 ,33191235 36300291 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 33189006 ,38499146 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.