2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ബഹ്‌റൈനില്‍ എണ്ണ പൈപ്പ് ലൈനില്‍ പൊട്ടിത്തെറിയും തീപിടുത്തവും

പിന്നില്‍ ഭീകരരെന്ന് ആഭ്യന്തര മന്ത്രാലയം

സി.എഛ്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനിലെ എണ്ണ പൈപ്പ് ലൈനില്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ തീപിടുത്തം പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി. തലസ്ഥാന നഗരിയായ മനാമയില്‍ നിന്നും 15 കിലോമീറ്റര് അകലെ ബുരി പ്രവിശ്യയിലാണ് നാടിനെ ഞെട്ടിച്ച പൊട്ടിത്തെറിയും മണിക്കൂറുകള്‍ നീണ്ടു നിന്ന തീപിടുത്തവുമുണ്ടായത്. തീപിടുത്തം ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായ ഉടനെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. പൊലിസ് വാലി അല്‍ അഹമ്മദ് റോഡും അടച്ചു. വീടുകളില്‍ നിന്നും ഒഴിപ്പിച്ച താമസക്കാര്‍ക്ക് നോര്‍തേണ്‍ ഗവര്‍ണറേറ്റ് പൊലിസ് താല്‍ക്കാലിക താമസമൊരുക്കിയിരുന്നു. ശനിയാഴ്ച  പകലാണ് താമസക്കാര്‍ വീടുകളിലേക്ക് മടങ്ങിയത്. പൈപ്പ് ലൈന്‍ ശീതീകരണ പ്രക്രിയ പൂര്‍ത്തിയായതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സംഭവം അറിഞ്ഞയുടന്‍ അഗ്‌നി ശമന സേന സ്ഥലത്തെത്തിയെങ്കിലും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതേ തുടര്‍ന്ന് തുടര്‍ന്ന് പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണ പ്രവാഹം ബഹ്‌റൈന്‍ പെട്രോളിയം കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഉഗ്ര സ്‌ഫോടന ശബ്ദം കേട്ട് വീടുകളില്‍ നിന്നും പുറത്തിറങ്ങിയ താമസക്കാര്‍ മീറ്ററുകളോളം ഉയരത്തില്‍ പൊങ്ങിയ തീയാണ് കണ്ടത്. കനത്ത ചൂട് അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍ വരെ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. വന്‍ തീപിടുത്തമാണ് പൈപ്പ് ലൈന്‍ പൊട്ടാന്‍ ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈനില്‍ കൂടുതല്‍ പെട്രോളിയവും ലഭിക്കുന്നത് സൗദിയോട് ചേര്‍ന്നുള്ള അബു സഫാ എണ്ണ പാടത്തു നിന്നാണ് . 55 കിലോമീറ്റര്‍ വരുന്ന എബി പൈപ്പ്‌ലൈന്‍ വഴിയാണ് ബഹ്‌റൈനിലേക്ക് ഇവിടെ നിന്നും എണ്ണ കൊണ്ടുവരുന്നത്. പ്രതിദിനം 2.30 ലക്ഷം ബാരല്‍ എണ്ണയാണ് ബഹ്‌റൈനില്‍ ഈ പൈപ്പ്‌ലൈന്‍ വഴി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സംഭവത്തെ കുറിച്ച് പബ്ലിക് പ്രൊസിക്യൂഷന്‍ അന്വേഷണം തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായും അവര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷ താറുമാറാക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തനമാണിതെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും അഭിപ്രപായപ്പെട്ടു.
ഈ ഭാഗത്തുള്ള ബില്‍ഡിങ്ങളേക്കാള്‍ ഉയരത്തില്‍ പടര്‍ന്ന തീ പിടിത്തം മൊബൈലിലൂടെ ചിത്രീകരിക്കാനും ഇതിന്റെ ഓഡിയോ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.