2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് നടക്കുന്ന ‘സ്‌പെക്ട്ര’ മത്സരം 18ന്

സി.എഛ്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ് ) സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം’സ്‌പെക്ട്ര 2016′ നവംബര്‍18ന് ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബഹ്‌റൈനിലെ 25ഓളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ‘സ്‌പെക്ട്ര’ ഇവിടുത്തെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്. വിദ്യാര്‍ഥികളിലെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് ‘സ്‌പെക്ട്ര’ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 1400ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ എംബസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഐ.സി.ആര്‍.എഫ് ഭാരവാഹികള്‍ അറിയിച്ചു.

 

വിവിധ സ്‌കൂളുകളില്‍ നടക്കുന്ന പ്രാഥമിക മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഇതില്‍ പങ്കെടുക്കുക. പ്രായമനുസരിച്ച് അഞ്ചുമുതല്‍ എട്ടുവരെ, ഒമ്പതുമുതല്‍ 11വരെ, 12മുതല്‍ 13വരെ, 14മുതല്‍ 18വരെ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. രാവിലെ ഏഴര മുതല്‍ നാലര വരെയാണ് മത്സരം നടക്കുക. തുടര്‍ച്ചയായി എട്ടാം തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ‘ഫാബര്‍ കാസില്‍’ ആണ് പ്രധാന സ്‌പോണ്‍സര്‍.നവംബര്‍ 10ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയതി. ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍ നടത്താം. മത്സരാര്‍ഥികള്‍ വെരിഫിക്കേഷനായി സി.പി.ആര്‍.കൊണ്ടുവരണം. നവംബര്‍ 26ന് കേരളീയ സമാജത്തില്‍ നടക്കുന്ന ഫിനാലെയില്‍ മത്സര വിജയികളെ പ്രഖ്യാപിക്കും.

 

 

മികച്ച രചനകള്‍ ഫിനാലെയില്‍ പ്രകാശനം ചെയ്യുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തും. ഈ കലണ്ടറുകള്‍ ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിലും ക്‌ളബുകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ലഭ്യമാക്കും. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. വിജയികളെ ഫിനാലെയില്‍ ആദരിക്കും. ഇതിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ സമൂഹത്തിലെ 100 ദിനാറില്‍ താഴെ മാസവരുമാനമുള്ള തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വരുമാനപരിധിയിലുള്ള ഏതെങ്കിലും ഇന്ത്യക്കാര്‍ ബഹ്‌റൈനില്‍ മരണപ്പെട്ടാല്‍, അവരുടെ കുടുംബത്തിന് ധനസഹായം നല്‍കി വരുന്നുണ്ട്. ഈ വര്‍ഷം മുതല്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ സേവനങ്ങളും നല്‍കും

 

പരിപാടിയുടെ നടത്തിപ്പിനായി യു.കെ.മേനോന്‍ കണ്‍വീനറും റോസലിന്‍ റോയ് ചാര്‍ളി കോഓഡിനേറ്ററുമായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. മറ്റുഭാരവാഹികള്‍: കെ.ജനാര്‍ദനന്‍, പങ്കജ് നല്ലൂര്‍ (മീഡിയ, പബ്‌ളിസിറ്റി), ജോണ്‍ ഐപ്, അരുള്‍ദാസ് തോമസ് (സ്‌പോണ്‍സര്‍ഷിപ്), ഫ്‌ളോറിന്‍ മതിയാസ് (സ്‌പോണ്‍സര്‍ഷിപ് ജോ.കോഓഡിനേറ്റര്‍), അനീഷ് ശ്രീധരന്‍, നിതിന്‍ ജേക്കബ് (രജിസ്‌ട്രേഷന്‍), പ്രദീപ് അഴീക്കോട് (ഹാള്‍), സുബൈര്‍ കണ്ണൂര്‍ (വളണ്ടിയര്‍), സുധീര്‍ തിരുനിലത്ത് (വെന്യൂ),ജോണ്‍ ഫിലിപ് (പ്രിന്റിങ്). കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ആര്‍.എഫ് ജനറല്‍ സെക്രട്ടറി അരുള്‍ദാസ് തോമസ് (39863008), യു.കെ.മേനോന്‍ (3608 0404 ), റോസലിന്‍ റോയ് ചാര്‍ലി (3929 0346 ) എന്നിവരുമായി ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ, അരുള്‍ദാസ് തോമസ്, യു.കെ.മേനോന്‍, റോസലിന്‍ റോയ് ചാര്‍ലി, ഭവഗാന്‍ അസര്‍പോട്ട, എ.ടി.ടോജി,സുബൈര്‍ കണ്ണൂര്‍,സുധീര്‍ തിരുനിലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.